ഓഹരി ഏറ്റെടുക്കൽ ₹43,574 കോടിക്ക്
മുംബയ്: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ 9.99 ശതമാനം ഓഹരികൾ 570 കോടി ഡോളറിന് (43,574 കോടി രൂപ) ഫേസ്‌ബുക്ക് ഏറ്റെടുക്കും. ഇതിനുള്ള കരാറിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു. ഇന്ത്യയിൽ ന്യൂനപക്ഷ ഓഹരി ഏറ്റെടുക്കലിനുള്ള ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) കരാറാണിത്.
ഫേസ്‌ബുക്ക് നിക്ഷേപത്തോടെ, ജിയോയുടെ മൂല്യം 4.62 ലക്ഷം കോടി രൂപയായി. ജിയോ പ്ളാറ്ര്‌ഫോംസ്, റിലയൻസ് റീട്ടെയിൽ എന്നിവ ഫേസ്‌ബുക്കിന് കീഴിലുള്ള വാട്‌സ്ആപ്പുമായും വാണിജ്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഫ്ളിപ്‌കാർട്ട്, ആമസോൺ എന്നിവയുമായി മത്സരിക്കാൻ റിലയൻസിന്റെ ജിയോമാർട്ട് ഇ-കൊമേഴ്‌സ് സംരംഭത്തിന് ഇതു കരുത്താകും. ഉടനെത്തുന്ന വാട്സ്ആപ്പ് പേ ഡിജിറ്റൽ പേമെന്റ് ആപ്പിനും സഹകരണം ഊർജമാകും.
ഇന്ത്യയിലെ ആറു കോടി എം.എസ്.എം.ഇകൾ, 12 കോടി കർഷകർ, മൂന്നുകോടി ചെറുകിട വ്യാപാരികൾ, അസംഘടിത മേഖലയിലെ സംരംഭകർ എന്നിവരാണ് ജിയോമാർട്ടിന്റെ ലക്ഷ്യം. ടിക്‌ടോക്കുമായി ഏറ്റമുട്ടാൻ ഫേസ്‌ബുക്കിന്റെ ചെറു വീഡിയോ ആപ്പായ ലാസോയ്ക്കും ജിയോ പ്ളാറ്ര്‌ഫോം കരുത്താകും. ജിയോയ്ക്ക് 40 കോടിയോളം വരിക്കാരുണ്ട്. ഫേസ്‌ബുക്കിനും 40 കോടിയോളമാണ് ഇന്ത്യയിൽ ഉപഭോക്താക്കൾ.
''ഡിജിറ്റൽ ഇന്ത്യ കാമ്പയിന് കരുത്തേകുന്നതാണ് ഫേസ്‌ബുക്കുമായുള്ള കരാർ. ഓരോ ഇന്ത്യക്കാരന്റെ ജീവിതവും സംരംഭങ്ങളും സുഗമമാക്കാൻ ഇതു സഹായിക്കും""
മുകേഷ് അംബാനി,
ചെയർമാൻ, റിലയൻസ് ഇൻഡസ്ട്രീസ്
''ഫേസ്‌ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും വലിയ കുടുംബമാണ് ഇന്ത്യ. ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തിന് ജിയോയുമായുള്ള സഹകരണം വേഗം കൂട്ടും""
മാർക്ക് സുക്കർബർഗ്,
ഫേസ്‌ബുക്ക് സി.ഇ.ഒ