വാഷിംഗ്‌ടൺ: കൊവിഡ് -19 മൂലം സ്തംഭനാവസ്ഥയിലായ ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നും പട്ടിണികിടക്കുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം 26.5 കോടി ആയി വർദ്ധിക്കും. മഹാവിപത്ത് തടയാൻ അടിയന്തര നടപടികൾ വേണമെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോർട്ടിലാണിത്. ആഫ്രിക്കൻ രാജ്യങ്ങളാണ് വലിയ ദുരിതം ഏറ്റുവാങ്ങുക. ലോക്ക്ഡൗൺ, മറ്റു നിയന്ത്രണങ്ങൾ എന്നിവ കാരണം
അന്നന്നത്തെ ഭക്ഷണത്തിന് പണം കണ്ടെത്തിയിരുന്ന ലക്ഷങ്ങൾക്ക് തൊഴിലില്ലാതായി . തന്മൂലം ഇക്കൊല്ലം 13 കോടി ജനങ്ങൾ കടുത്ത പട്ടിണിയിലായേക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിൽ കൊവിഡ്
വീണ്ടും വരുമെന്ന്
അമേരിക്കയിൽ കൊവിഡിന്റെ രണ്ടാം തരംഗം ഇക്കൊല്ലം ജൂണിലുണ്ടാകുമെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് മുന്നറിയിപ്പ് നൽകി.
'പകർച്ചപ്പനി സീസണായ ശിരിരകാലത്തായിരിക്കും കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിക്കുക. ഇത് രണ്ടും കൂടി കൈകാര്യം ചെയ്യുന്നത് ആരോഗ്യപ്രവർത്തകർക്ക് ബാലികേറാമലയായിരിക്കും. ഇക്കുറി കൊവിഡ് അമേരിക്കയിൽ വ്യാപിച്ചത് പകർച്ച പനി സീസൺ അവസാനിച്ച ശേഷമാണ്. ഇനി രണ്ടും ഒരുമിച്ചാണ് എത്താൻ പോകുന്നത്' - റോബർട്ട് പറഞ്ഞു.
എന്നാൽ, കൊവിഡ് പ്രതിരോധ നടപടികളും പരിശോധനകളും തകൃതിയായി നടക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് ടാസ്ക് ഫോഴ്സ് അംഗം ഡോ. ഡെബോറ ബ്രിക്സ് പറഞ്ഞു.
'പനി ബാധിച്ചവർക്കെല്ലാം കൊവിഡ് പരിശോധന നടത്തും. രണ്ടു രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങൾ ഒരേപോലെയാണ്. അപ്പോഴേക്കും കൊവിഡ് ചികിത്സയ്ക്കായി നൂതന ഉപാധികൾ ലഭ്യമായേക്കും-' ഡെബോറ പറഞ്ഞു.
വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ബ്രിട്ടൻ
ബ്രിട്ടൻ ഇന്ന് മുതൽ മനുഷ്യരിൽ കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിക്കും. ചൊവ്വാഴ്ച ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹൻകോക് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ച വാക്സിന് 80 ശതമാനം വിജയസാദ്ധ്യതയുണ്ടെന്നാണ് അനുമാനം. ലണ്ടനിലെ ഇംപീരിയൽ കോളേജും കൊവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ജർമ്മനിയും മനുഷ്യരിൽ കൊവിഡ് മരുന്ന് പരീക്ഷണത്തിന് അനുമതി നൽകിയിട്ടുണ്ട്.
ഗാസയിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കില്ലെന്ന് ഇസ്രയേൽ.
ലോകമെമ്പാടുമുള്ള അഭയാർത്ഥി ക്യാമ്പുകളിലെ 70 ദശലക്ഷം ജനങ്ങൾക്ക് കൊവിഡ് പരിശോധന നടത്താൻ കിറ്റുകൾ ഇല്ലെന്ന് റിപ്പോർട്ട്.
കൊവിഡിനെ നേരിടാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നായി പ്രവർത്തിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
ടോക്കിയോയിൽ അനാഥാലയത്തിലെ അന്തേവാസികളായ എട്ട് കുട്ടികൾക്ക് കൊവിഡ്.
പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ കൊവിഡ് പരിശോധന നടത്തി..