തിരുവനന്തപുരം: മെഡിക്കൽ കോളേജ് ജീവനക്കാരിൽ നിന്നും ലോക്ക് ഡൗൺ കാലയളവിൽ യാത്ര ചെയ്യുന്നതിന് അമിത യാത്രാഫീസ് ഈടാക്കാൻ പാടില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് 5 ദിവസത്തേക്ക് 750 രൂപ ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. കൊവിഡ് കാലയളവിൽ സർക്കാരിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അതിനാൽ തന്നെ ഇക്കാലയളവിൽ അവർക്ക് പിന്തുണ നൽകുകയാണ് വേണ്ടത്. യാത്രയ്ക്ക് ചെലവാകുന്ന അധിക തുക ആശുപത്രി വികസന ഫണ്ടിൽ നിന്നും എടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.