തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ-7, കോഴിക്കോട്-2, മലപ്പുറം-1, കോട്ടയം- 1 എന്നിങ്ങനെയാണ് രോഗം പോസിറ്റീവ് ആയവരുടെ കണക്ക്. ഒരാൾ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 രോഗമുക്തി നേടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗബാധിതരിൽ അഞ്ച് പേർ വിദേശത്തുനിന്ന് എത്തിയവരാണ്. കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകയ്‌ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ രണ്ട് ഹൗസ് സർജൻമാർക്കും രോഗം സ്ഥിരീകരിച്ചു. ഹൗസ് സർജൻമാരിൽ ഒരാൾ കണ്ണൂർ ജില്ലക്കാരനാണ്. ഇരുവരും കേരളത്തിന് പുരത്തുനിന്ന് ട്രെയിനിൽ വന്നവരാണ്. ഇന്ന് പോസിറ്റീവായ 11 കേസുകളിൽ മൂന്നെണ്ണം സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതാണ്.
സംസ്ഥാനത്ത് ഇതുവരെ437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 127 പേർ ചികിത്സയിലുണ്ട്. ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. ഇതിൽ 28,804 പേർ വീടുകളിലാണുള്ളത്. ആശുപത്രികളിൽ 346 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 19,998 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള കണ്ണൂരിൽ നിയന്ത്രണം കർശനമാക്കി. പൊലീസ് പരിശോന ശക്തമാക്കി. ഇത് ഫലം കണ്ടു. വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി. ഹോട്ട് സ്‌പോട്ട് ഒഴികെ ഉള്ള കണ്ണൂരിലെ സ്ഥലങ്ങളിലും ജനം പരമാവധി വീട്ടിൽ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ ജീവനക്കാരും അവരുടെ സംഘടനകളും വലിയ തോതിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തയ്യാറാകുന്നുണ്ട്. വെല്ലുവിളി വലുതായതിനാൽ ഉദാരമായ സഹായം പ്രതീക്ഷിക്കുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു ഭാഗം താത്കാലികമായി മാറ്റിവയ്ക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇങ്ങിനെ മാറ്റിവയ്ക്കുന്നത് മൊത്തം ഒരു മാസത്തെ ശമ്പളമായിരിക്കും. മാസത്തിൽ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്കാണ് ഇത്തരത്തിൽ മാറ്റിവയ്ക്കാൻ സർക്കാർ നിർബന്ധിതരാകുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
പൊതുമേഖല, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്നവർ എന്നിവർക്കെല്ലാം ഇതു ബാധകം. 20,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിമാർ, എംഎൽഎമാർ, ബോർഡ് അംഗങ്ങൾ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരുടെ ശമ്പളവും ഓണറേറിയവും 30% ഓരോ മാസവും കുറവ് ചെയ്യും. ഒരു വർഷത്തേക്ക് ഇതു തുടരും.