ഒറ്റയ്‌ക്കിരിക്കുമ്പോൾ തോട്ടയ്‌ക്കാട് ശശി സ്വയം ചോദിക്കും: സഞ്ചാരിയോ വ്യവസായിയോ രാഷ്‌ട്രീയ പ്രവർത്തകനോ വിദ്യാഭ്യാസ പ്രവർത്തകനോ എഴുത്തുകാരനോ... ആരാണ് ഞാൻ? ലോക്ക് ഡൗണിൽ ക്രഷർ യൂണിറ്റുകളും കൺട്രക്‌ഷൻ ബിസിനസും അടച്ചിടുകയും, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലെ യാത്രകളും സംഘടനാ പരിപാടികളും മാറ്റിവയ്‌ക്കുകയും ചെയ്‌തപ്പോൾ തോട്ടയ്ക്കാട് ശശി ചെന്നിരുന്നത് എഴുത്തുമുറിയിലേക്ക്. 'സപ്തസുന്ദരികൾ' എഴുതിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രമാണ്. യാത്ര കഴിഞ്ഞ് കുറച്ചുനാളായെങ്കിലും തിരക്കുകൾക്കിടെ എഴുത്ത് വൈകി. ലോക്ക് ഡൗണിൽ ആ നഷ്‌ടം നികത്താനായത് സന്തോഷം.
വ്യവസായിയെങ്കിലും ശശിയുടെ യാത്രകൾ ഒരിക്കലും അതുമായി ബന്ധപ്പെട്ടായിരുന്നില്ല. നേരത്തെ എഴുതിയ 'വിയറ്റ്‌നാമിലെ ഹൈന്ദവ സ്പന്ദനങ്ങ'ളും ചരിത്രഭൂമികയിലൂടെയുള്ള യാത്ര തന്നെ. കാഴ്‌ചക്കാരന്റെയല്ല, ചരിത്രപഠിതാവിന്റെ മനസ്സായിരുന്നു യാത്രകളിൽ. സംസ്‌കാരങ്ങളുടെയും രാജ്യങ്ങളുടെയും യഥാർത്ഥ ചരിത്രം ശശിയെ എക്കാലവും വിളിച്ചുകൊണ്ടേയിരുന്നു. നാലോ അഞ്ചോ സുഹൃത്തുക്കളുമൊത്താകും സഞ്ചാരം. ഓരോ യാത്രയും പുതിയ ഇടങ്ങളിലേക്കല്ല, പുതിയ തിരിച്ചറിവുകളിലേക്കുള്ളവയായിരുന്നെന്ന് തോട്ടയ്‌ക്കാട് ശശിയുടെ എഴുത്തു തന്നെ സാക്ഷ്യം. ആദ്യകൃതി പക്ഷെ, സഞ്ചാരകഥയായിരുന്നില്ല. അത്, സാധാരക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികൾ പരിചയപ്പെടുത്തുന്ന 'വഴികാട്ടി.'
ഒാർമ്മയിൽ ഒരു
ഒളിവുകാലം
ഐ.ടി.ഐയിൽ പഠനം നിറുത്തേണ്ടിവന്നത് ശശിക്ക് പഠിത്തത്തിൽ മിടുക്കു കുറവായതുകൊണ്ടല്ല. അന്ന് അച്ഛൻ വാസവനും അമ്മ പദ്മാവതിക്കും അതേ കഴിയുമായിരുന്നുള്ളൂ. ആറു മക്കൾ. ശശിക്കു താഴെ അഞ്ചും പെൺകുട്ടികൾ. ആറ്റിങ്ങൽ കല്ലമ്പലം തോട്ടയ്‌ക്കാട്ട് പുരമ്പക്കോട് കൂട്ടുകുടംബത്തിൽ 28 പേരായിരുന്നു അംഗങ്ങൾ. അച്ഛൻ കർഷകൻ. എല്ലാ മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകാൻ പോലും അച്ഛന് കഴിയുമായിരുന്നില്ല. തിരുവനന്തപുരത്തെ പഠനകാലത്തു തന്നെ തുടങ്ങി, ശശിയുടെ സംഘടനാ പ്രവർത്തനവും. ജനസംഘത്തിന്റെ കാലം. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരത്ത് നേതാക്കളുടെ കൂടെ ഒളിവുകാലം കഴിച്ചതൊക്കെ ഇപ്പോഴും ജ്വലിക്കുന്ന ഓർമ്മ.
അടിയന്തരാവസ്ഥയ്‌ക്കു ശേഷം, ഇന്ദിരാ സർക്കാർ വീണ് ജനതാഭരണം തുടങ്ങിയപ്പോൾ നാട്ടിലേക്ക് മടക്കം. പഠിത്തം കഴിഞ്ഞപ്പോൾത്തന്നെ നാട്ടിൽ ഒരു ഇലക്‌ട്രോണിക്സ് കട തുടങ്ങിയിരുന്നു. അവിടെ നിന്ന് സംഘടനാ പ്രവർത്തനത്തിന്റെ അതിരുകൾ വലുതായിക്കൊണ്ടിരുന്നു. അക്കാലത്തു തന്നെയാണ് നാട്ടിൽ 'വിദ്യാകേന്ദ്രം' എന്നൊരു ട്യൂട്ടോറിയൽ തുടങ്ങിയത്. കടയും ട്യൂട്ടോറിയലും സംഘടനാ പ്രവർത്തനവും ഒരുമിച്ചു നടത്തിയ കാലം. 1980 ൽ ബി.ജെ.പി രൂപീകരിക്കപ്പെട്ട സയത്ത് ആർ.എസ്.ജില്ലാ ഭാരവാഹിത്വം. 1999 ൽ ബി.ജെ.പി ജില്ലാ സെക്രട്ടറി.
ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്ക് തൊഴിൽ ഉറപ്പു നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് നേരത്തെ തന്നെ ക്രഷർ യൂണിറ്റ് തുടങ്ങിയത്. ക്രഷർ ബിസിനസിനായി മറ്റുള്ളവരെ കൊണ്ടുവന്നതും അതിനു തന്നെ. കശുഅണ്ടി വ്യവസായം ഉൾപ്പെടെ നാട്ടിലെത്തിച്ചു. വ്യവസായങ്ങൾ പുരോഗമിച്ചതോടെ തോട്ടയ്‌ക്കാടിന്റെ മുഖം മാറുകയായിരുന്നു. പുതിയ റോഡുകൾ, കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ... തോട്ടയ്‌ക്കാട് പ്രദേശത്തെ കോളനികളുടെ സമുദ്ധാരണത്തിന് വേറെയും പദ്ധതികൾ ആവിഷ്കരിച്ചു. സ്വകാര്യ സംരംഭകരെ എത്തിച്ചു. ഗ്രാമീണ മേഖലയിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് പുരസ്‌കാരമെത്തിയത് 2018 ൽ. ഡൽഹി കേന്ദ്രമായുള്ള അംബേദ്‌കർ അക്കാഡമിയുടെ ദേശീയ പുരസ്‌കാരത്തിനൊപ്പം ഗുഡ് ന്യൂസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്‌ടറേറ്റ്...
ആറ്റിങ്ങൽ മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ പ്രസിഡന്റ് ആയിരുന്ന കാലത്താണ് ശശിയുടെ ശ്രദ്ധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞത്. നല്ല സമൂഹത്തിന്റെ അടിസ്ഥാനം നല്ല വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അറുപതോലം വർഷം പഴക്കമുള്ള തേവലക്കാട്ട് സ്‌കൂളം പിന്നീട് കല്ലമ്പലത്ത് കെ.സി.എം എൽ.പി.സ്‌കൂളും വാങ്ങി, അക്ഷരപൂജ. രണ്ടിടത്തുമായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ. സ്വന്തം സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ആരോഗ്യരക്ഷ ഉറപ്പാക്കാൻ എന്തു വഴിയെന്ന് ചിന്തിച്ചപ്പോൾ 'ഗോശാല' എന്ന ആശയം മനസ്സിലെത്തി. അങ്ങനെയാണ് വീടിനടുത്തു തന്നെ നാല്‌പതോളം പശുക്കളുമായി ഗോശാല ഒരുങ്ങിയത്. വിദ്യാർത്ഥികൾക്കു വേണ്ടുന്ന പാൽ ഇവിടെ നിന്നു തന്നെ. മിച്ചമുള്ളതു മാത്രം വില്പനയ്‌ക്ക്.
സമ്പത്തിന്റെ
തത്വശാസ്‌ത്രം
യാത്രകളും വായനയും തോട്ടയ്‌ക്കാട് ശശിയെ ഒരു കാര്യം പഠിപ്പിച്ചു: ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ എന്നൊരാളില്ല. മനുഷ്യന്റെ ആഗ്രഹത്തിന് ശമനമില്ലാത്തതുകൊണ്ട് ആ മത്സരം തുടർന്നുകൊണ്ടേയിരിക്കും. അതുകൊണ്ട്, ആവശ്യത്തിനുള്ള സമ്പാദ്യം മതി. അടുത്ത തലമുറയ്‌ക്കുള്ളത് അവരുടെ ജോലി. രണ്ട് ആൺമക്കളെയും ചെറുപ്പത്തിൽത്തന്നെ ഈ തത്വശാസ്ത്രം പഠിപ്പിച്ചു. മൂത്ത മകൻ ശബരിനാഥൻ ക്രഷർ ബിസിനസിൽ. ഇളയവൻ ശംഭുനാഥന് കൺസ്ട്രക്‌ഷൻ ബിസിനസ്. അച്ഛനും മക്കളും സ്ഥാപനത്തിൽ ശമ്പളക്കാർ തന്നെ. ബിസിനസിലെ ലാഭം സേവന പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും. ശബരിനാഥന്റെ ഭാര്യ ശാലിനിയും ശംഭുനാഥിന്റെ ഭാര്യ ഗീതുവും സ്വന്തം സ്‌കൂളിൽത്തന്നെ അദ്ധ്യാപകർ.
ക്രഷർ വ്യവസായി ആയിട്ടായിരുന്നില്ല ശശിയുടെ തുടക്കം. 1988 കാലത്ത് സിവിൽ സപ്ളൈസ് കോർപ്പറേഷനു കീഴിൽ തുടങ്ങിയ മാവേലി ഹോട്ടലുകളിലൊന്ന് നടത്തിപ്പിന് അനുവദിച്ചു കിട്ടി. അഞ്ചു വർഷം കൊണ്ട് കഷ്‌ടപ്പെട്ടു സ്വരൂപിച്ച പണമെടുത്തായിരുന്നു ക്രഷർ ബിസിനസ്. രണ്ടായിരാമാണ്ടു മുതൽ രണ്ടു ടേമിലായി കരവാരം ഗ്രാമപഞ്ചായത്ത് അംഗം. ബിസിനസ് ആയാലും കൃഷി ആയാലും അത് സമൂഹ നന്മയ്‌ക്കാകണമെന്നതാണ് അന്നും ഇന്നും തോട്ടയ്‌ക്കാട് ഫിലോസഫി. കഠിനാദ്ധാനവും സത്യസന്ധതയും- വിജയങ്ങൾക്കു പിന്നിൽ ഇവ രണ്ടും മാത്രം.
തിരക്കുകളുടെ വഴി വേറെയുമുണ്ട് ശശിക്ക്. ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റും. മുൻ പഞ്ചായത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും അസോസിയേഷന്റെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്. ഒൻപതു മഹാക്ഷേത്രങ്ങൾക്ക് ഉടമസ്ഥാവകാശമുള്ള ശ്രീപാദം ടെമ്പിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് കൂടിയാണ് ഡോ. തോട്ടയ്‌ക്കാട് ശശി. 2015 ൽ ബി.ജെ.പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷനായ തോട്ടയ്‌ക്കാട് ശശിക്ക് ഇപ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്രി അംഗമായിരിക്കുമ്പോഴും ജീവിതത്തോട് ഒരേ മനസ്സ്. ആഗ്രഹങ്ങൾ ചെറുതായതുകൊണ്ട് ഇതുവരെ നിരാശയില്ല. ഭാര്യ പുഷ്‌പവല്ലിയുണ്ട്, എല്ലാറ്റിനും തുണയായി. മക്കളും കുടുംബവും അടുത്തു തന്നെ താമസം. പേരക്കുട്ടികൾ നാലു പേർ.