shattori

കേരള ബ്ളാസ്റ്റേഴ്സ് കോച്ച് ഇൗൽക്കോ ഷാറ്റോരിയെ പുറത്താക്കി

തിരുവനന്തപുരം: ഡച്ചുകാരനായ കോച്ച് ഇൗൽക്കോ ഷാറ്റോരിയുടെ സേവനം ഒറ്റ സീസൺ കൊണ്ട് മതിയാക്കി കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി. കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷകളോടെ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിൽ നിന്ന് എത്തിച്ച ഷാറ്റോരിക്ക് ബ്ളാസ്റ്റേഴ്സിനെ പ്ളേ ഒാഫിലേക്ക് പോലും എത്തിക്കാൻ കഴിയാത്തെ വന്നതോടെയാണ് പിരിച്ചുവിടാൻ ടീം മാനേജ്മെന്റ് തീരുമാനമെടുത്തത്.

സീസണിൽ 18 മത്സരങ്ങളിൽ നിന്ന് 19 പോയിന്റ് മാത്രം നേടി ഏഴാംസ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ബ്ളാസ്റ്റേഴ്സ് ഷാറ്റോരിയുടെ കാറ്റൂരുമെന്ന് ഉറപ്പായിരുന്നു. ഇന്നലെ ട്വിറ്ററിലൂടെയാണ് 48കാരനായ ഷാറ്റോരിയുമായി വഴി പിരിയുന്ന കാര്യം ബ്ളാസ്റ്റേഴ്സ് അറിയിച്ചത്.സീസണിലെ 18 മത്സരങ്ങളിൽ നാലേ നാലു വിജയങ്ങൾ മാത്രമാണ് ടീമിന് നേടിക്കൊടുക്കാൻ ഷാറ്റോരിക്ക് കഴിഞ്ഞത്. ഏഴുവീതം സമനിലകളും തോൽവികളും വഴങ്ങേണ്ടിവന്നു. എന്നാൽ ഷാറ്റോരിയുടെ അക്രമണാത്മക തന്ത്രങ്ങൾ എതിരാളികളുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. സൂപ്പർ ഡിഫൻഡർ സന്ദേശ് ജിംഗാൻ അടക്കമുള്ളവരുടെ പരിക്കാണ് ഷാറ്റോരിക്ക് തിരിച്ചടിയായത്. മിക്ക മത്സരങ്ങളിലും പരിക്കുകാരണം കോമ്പിനേഷനുകൾ മാറ്റിമാറ്റി പരീക്ഷിക്കേണ്ടിവന്നു.അവസാനഘട്ടത്തിൽ തീർത്തും നിരാശനായിരുന്നു ഷാറ്റോരി.

ഷാറ്റോരി @ ഇന്ത്യ

1996 മുതൽ ഗൾഫിലെ വിവിധ ക്ല‌ബുകളിൽ സഹപരിശീലകനായി കരിയർ തുടങ്ങിയ ഷാറ്റോരി 2012ൽ പ്രയാഗ് യുണൈറ്റഡിന്റെ കോച്ചായാണ് ഇന്ത്യയിലേക്ക് എത്തുന്നത്.പ്രയാഗിനെ ഐ.എഫ്.എ ഷീൽഡ് ചൂടിച്ചും ഐ ലീഗിൽ നാലാം സ്ഥാനത്തെത്തിച്ചും ശ്രദ്ധ നേടിയ ഡച്ചുകാരനെ 2015ൽ ഇൗസ്റ്റ് ബംഗാൾ മുഖ്യപരിശീലകനാക്കി. തൊട്ടടുത്ത വർഷം നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിന്റെ സഹപരിശീലകനായി ചേർന്നെങ്കിലും വൈകാതെ സൗദി ക്ളബ് അൽ ഇത്തിഫാഖിന്റെ ചുമതലയിലേക്ക് മടങ്ങി. 2018ൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിലേക്ക് സഹപരിശീലകനായി വീണ്ടുമെത്തി.

2018/19 സീസണിൽ നോർത്ത് ഇൗസ്റ്റിന്റെ മുഖ്യപരിശീലകനായി അവരോധിക്കപ്പെട്ട ഷാറ്റോരി ക്ളബിന്റെ ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ചുക്കാൻ പിടിച്ചത്. സെമി ഫൈനലിൽ ബംഗളുരു എഫ്.സിയോട് തോറ്റ് പുറത്താവുകയായിരുന്നു നോർത്ത് ഇൗസ്റ്റ് . ഇൗ പ്രകടനത്തിന്റെ മികവിലാണ് നെലോ വിംഗാഡയെ മാറ്റി ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ഷാറ്റോരിയെ സ്വന്തം ക്യാമ്പിലെത്തിച്ചത്.

കിബു വിക്യുന പുതിയ കോച്ച്

ഷാറ്രോരിക്ക് പകരം മോഹൻ ബഗാനെ ഇത്തവണ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ കിബു വിക്യുന ബ്ലാസ്‌റ്റേഴ്സിന്റെ പുതിയ കോച്ചാകുമെന്ന് വിവരം. 2002ൽ ലാലിഗ ടീം ഒസാസുനയെ പരിശീലിപ്പിച്ചാണ് 48 കാരനായ വിക്യുന കോച്ചിംഗ് കരിയർ ആരംഭിക്കുന്നത്. എ.ടി.കെ യും മോഹൻ ബഗാനും ലയിക്കാനുള്ള തീരുമാനം വന്നതോടെ, കിബു വിക്യുനയ്‌ക്കോ ആന്റോനിയോ ലോപ്പസ് ഹബ്ബാസിനോ,​ ഒരാൾക്ക് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഹബ്ബാസിനെ നിലനിറുത്തുമെന്ന് ക്ലബ് ഉടമകൾ പ്രഖ്യാപിച്ചതോടെ സ്‌പെയിൻ കാരനായ വിക്യുനയ്ക്ക് മറ്റൊരു ടീമിലേക്ക് മാറാനുള്ള അവസരം ലഭിക്കുകയായിരുന്നു.

ആറ് സീസണുകൾ, എട്ട് കോച്ചുമാർ

ആറ് സീസണുകളാണ് ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ കളിച്ചത്.എന്നാൽ ഒരു താത്കാലിക കോച്ച് ഉൾപ്പടെ എട്ടുപേർ ക്ളബിനെ പരിശീലിപ്പിക്കാനെത്തി.

ആദ്യ സീസണിൽ മുൻ ഇംഗ്ളണ്ട് ഗോളി ഡേവിഡ് ജെയിംസാണ് കോച്ചായും മാർഖീ താരമായും എത്തിയത്.

2015 സീസണിൽ ഇംഗ്ളണ്ടുകാരൻ പീറ്റർ ടെയ്ലർ പരിശീലകനായെത്തി.തുടർപരാജയങ്ങളുടെ പേരിൽ സീസണിനിടെതന്നെ ടെയ്ലറുടെ തുണി കീറി. ഒരു മത്സരത്തിൽ സഹപരിശീലകൻ ട്രെവർ മോർഗന് ചാർജ് നൽകിയശേഷം ടെറി ഫെലാനെ മുഖ്യപരിശീലകനാക്കി.

2016 സീസണിൽ ക്രിസ്റ്റൽ പാലസിന്റെ മുൻ കോച്ച് സ്റ്റീവ് കൊപ്പലിനെ എത്തിച്ചു. കൊപ്പലാശാൻ ടീമിനെ ഫൈനലിലെത്തിച്ച് കയ്യടി വാങ്ങി.

2017/18 സീസണിൽ വൻ തുകയ്ക്ക് എത്തിച്ച റെനെ മ്യൂളൻസ്റ്റീൻ പാതിവഴിയിൽ പിൻവാങ്ങി.തുടർന്ന് ഡേവിഡ് ജെയിംസിനെ വീണ്ടുമെത്തിച്ചു.

2018/19 സീസണിൽ ഡേവിഡ് ജെയിംസ് തുടർന്നെങ്കിലും പാതിവഴിയിൽ പറഞ്ഞുവിടേണ്ടിവന്നു. നോർത്ത് ഇൗസ്റ്റിൽ നിന്നെത്തിയ നെലോ വിൻഗാഡയാണ് സീസൺ പൂർത്തിയാക്കിയത്.

2019/20 സീസണിൽ നോർത്ത് ഇൗസ്റ്റിൽ നിന്ന് ഷാറ്റോരിയെത്തുന്നു.

ഇൗൽക്കോ ഷാറ്റോരിയുമായി ഞങ്ങൾ വേർപിരിയുകയാണ്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സേവനങ്ങൾക്കും പരിശ്രമത്തിനും നന്ദി.അദ്ദേഹത്തിന് എല്ലാഭാവുകങ്ങളും നേരുന്നു

- ബ്ളാസ്റ്റേഴ്സ് ട്വിറ്ററിൽ