തൃശൂർ: സ്‌പ്രിൻക്ളർ വിവാദത്തിൽ സംശയങ്ങൾക്ക് മറുപടി പറയാതെ അഹങ്കാരത്തോടെയുള്ള പിണറായി വിജയന്റെ നിലപാട് മുഖ്യമന്ത്രി പദത്തിന് യോജിച്ചതല്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഈ വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് അവഹേളനമാണ്. കോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്ന വിഷയത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷിക്കൾക്കും അഭിപ്രായ വ്യത്യാസമുണ്ട്. സ്‌പ്രിൻക്ളർ കമ്പനിയുമായി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്ക് ബന്ധമുണ്ടോയെന്ന ആക്ഷേപത്തിന് മറുപടി പറയണം. സി.ബി.ഐ അന്വേഷണം നടത്തണം. ആരോഗ്യ പ്രവർത്തകരുടെയും പൊലീസുകാരുടെയുമടക്കം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവാങ്ങുന്നത് കണ്ണിൽച്ചോരയില്ലാത്ത നടപടിയാണ്.