ശ്രീനഗർ: ജമ്മു കാശ്മീരിലേക്ക് കൊവിഡ് ബാധിച്ചവരെ പാകിസ്ഥാൻ അയയ്ക്കുന്നുവെന്ന ആരോപണവുമായി കാശ്മീർ ഡി.ജി.പി ദില്‍ബാഗ് സിംഗ്. കാശ്മീരിലെ ജനങ്ങളെ രോഗബാധിതരാക്കാൻ കൊവിഡ് ബാധിതരായ ഭീകരരെയാണ് പാകിസ്ഥാൻ അയയ്ക്കുന്നതെന്നും അവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്നും സിംഗ് ആരോപിച്ചു.
പാകിസ്ഥാൻ ആയുധങ്ങളുമാ ഭീകരരെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിനെപ്പറ്റി മാത്രമാണ് ഇതുവരെ കേട്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ അവർ കൊവിഡ് വൈറസ് ബാധിതരെയും ഇന്ത്യയിലേക്ക് അയയ്ക്കാൻ ശ്രമിക്കുന്നു. കാശ്മീരിലെ ജനങ്ങളെ രോഗബാധിതർ ആക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വടക്കൻ കാശ്മീരിലെ ഗന്ധർബാൽ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് ഡി.ജി.പി ഇക്കാര്യം പറഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് കാശ്മീരിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തി.
പാകിസ്ഥാനിൽ നിന്നെത്തുന്ന ഭീകരർ ഒളിവിൽ കഴിയുകയോ സന്ദർശിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളിൽ കൊവിഡ് 19 വ്യാപനത്തിനുള്ള സാദ്ധ്യത ഉള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദിൽബാഗ് സിംഗ് മുന്നറിയിപ്പ് നല്‍കി.