dr-simon-hercules-wife

ചെന്നൈ: കൊവിഡ് രോഗികളെ ചികിത്സിക്കാനായി ഡോ. സൈമൺ ഹെർക്കുലീസ് വീട്ടിൽ നിന്നിറങ്ങിയപ്പോൾ അത് അവസാന യാത്രയാണെന്ന് ഭാര്യ ആനന്ദിയും മക്കളും അറിഞ്ഞിരുന്നില്ല. ജോലിക്കിടെ കൊവിഡ് ബാധിച്ചപ്പോൾ അദ്ദേഹം ഫോൺ ചെയ്തു. അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയായിരുന്നു വാക്കുകളിൽ. ആത് വിശ്വസിച്ച് കാത്തിരുന്ന കുടുംബത്തിന് അവസാനമായൊരു നോക്ക് പോലും അദ്ദേഹത്തെ കാണാനായില്ല.

'ജീവൻ ബലി നൽകി ജോലി ചെയ്ത അദ്ദേഹത്തിന് ലഭിച്ച പ്രതിഫലമാണോ ഇത്?. മൃതദേഹത്തോട് ആൾക്കൂട്ടം കാണിച്ചത് അനാദരവാണ്. ഇപ്പോൾ അദ്ദേഹം ഏതോ ശ്മശാനത്തിൽ തനിച്ചാണ്. അവസാനമായി ആ മുഖമൊന്ന് കാണണം.'- ചെന്നൈയിൽ കോവിഡ് ബാധിച്ച് മരിച്ച ഡോ. സൈമണിന്റെ (55) ഭാര്യ ആനന്ദി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. താൻ രോഗത്തെ അതിജീവിച്ചില്ലെങ്കിൽ ആചാരപൂർവം സംസ്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ അന്ത്യാഭിലാഷം നിറവേറ്റണം.ഡോക്ടറുടെ മൃതദേഹം പുറത്തെടുത്ത് പള്ളി സെമിത്തേയിൽ ആചാരപൂർവം സംസ്‌കരിക്കണമെന്ന് ആനന്ദി തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 'ഞങ്ങൾ 30 വർഷം ഒരുമിച്ച് ജീവിച്ചു. കഴിഞ്ഞ 15 ദിവസം അദ്ദേഹത്തെ കണ്ടിട്ടില്ല. എല്ലാ നിബന്ധനകളും പാലിച്ച് അദ്ദേഹത്തെ മാന്യമായി സംസ്കരിക്കാൻ അനുവദിക്കണം.'- ആനന്ദി പറഞ്ഞു.

ന്യൂ ഹോപ് ആശുപത്രി സ്ഥാപകനായ ഡോ. സൈമണിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ എത്തിയതോടെ കനത്ത പൊലീസ് ബന്തവസിൽ പാതിരാത്രി ശ്‌മശാനത്തിൽ സഹപ്രവർത്തകർ കുഴിയെടുത്താണ് സംസ്‌കരിച്ചത്. മൃതദേഹം അടക്കം ചെയ്യുന്നിടത്ത് കൊവിഡ് പടർന്നു പിടിക്കുമെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ജനങ്ങൾ മൃതദേഹം വഹിച്ച ആംബുലൻസ് ആക്രമിച്ചത്. വിഷയത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. 20പേരെ അറസ്റ്റ് ചെയ്തിരുന്നു.