തിരുവനന്തപുരം: സ്പ്രിൻക്ളർ വിവാദവുമായി ബന്ധപ്പെട്ട് മകൾ വീണയുടെ പേര് ഉയരുന്നതിൽ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിന് മറുപടി പറയാൻ നടക്കലല്ല തനിക്ക് സമയമെന്നും, മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചു. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്ക് സ്പ്രിൻങ്ക്ളർ എം.ഡി രാജി തോമസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണം.
മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ-
'അതിന് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്. പറഞ്ഞതിൽ തന്നെ നിൽക്കുകയാണ്. അതിനകത്തേക്ക് ഇപ്പോൾ ഞാൻ കടക്കാൻ ഉദ്ദേശിക്കുന്നില്ല. അത്തരത്തിലുള്ള എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിന് മറുപടി പറയാൻ നടക്കലല്ല എനക്ക് സമയം. ഒന്നുകാണേണ്ടത്, എനക്ക് ഈ കാര്യത്തിലൊന്നും ഒരു തരത്തിലുള്ള ആശങ്കയുമില്ല. സാധാരണ പറയാറില്ലേ? മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂവെന്ന്. ആ ഒരു ധൈര്യം തന്നെയാണ് ഇതേവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. ഇനി അങ്ങോട്ടുമുള്ളത്. അവിടെ തന്നെയാണ് ഞാൻ നിൽക്കുന്നത്. പിന്നെ പറഞ്ഞയാളോട് ചോദിക്കണം എന്താ തെളിവുള്ളത്? ആ തെളിവ് അദ്ദേഹം കൊണ്ടുവരട്ടെ'.