covid-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 653 ആയി. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം 20543 ആയി ഉയർന്നു. 15770 പേരാണ് വിവിധ ആശുപത്രികളിൽചികിത്സയില്‍ കഴിയുന്നത്. 4120 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1486 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 49 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച വരെ 430 ജില്ലകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ രണ്ടിന് ഇത് 211 ജില്ലകളായിരുന്നു. രാജ്യത്തെ പ്രമുഖ ആറു ജില്ലകളിൽ കൊവിഡ് കേസുകളുടെ എണ്ണം 500 കടന്നതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മുംബയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. മൂവായിരത്തിലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 2081 കേസുകളും അഹമ്മദാബാദ്, ഇൻഡോർ, പൂന, ജയ്പൂർ എന്നിവിടങ്ങളിൽ യഥാക്രമം 1298, 915, 660, 537 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ.