ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നു. ഏപ്രിൽ 27ന് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും മുഖ്യമന്ത്രിമാരുമായുള്ള നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച. മേയ് മൂന്നിന് രണ്ടാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമാണ് കല്പിക്കുന്നത്. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നത്.
രാജ്യത്ത് ഇന്ന് 1486 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 20,543 ആയി ഉയർന്നു.ഇതിൽ 15,859 പേർ ചികിത്സയിലാണ്. 3959 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യയിലെ മരണസംഖ്യ 652 ആണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുന്നത്.