തിരുവനന്തപുരം : സ്പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ആരോപണം ഉന്നയിച്ച് ഉന്നയിച്ച് പത്രസമ്മേളനം നടത്തിയതിന് പിന്നാലെ തനിക്ക് വധഭീഷണി വന്നതായി എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് ഡി.ജി.പിക്ക് നൽകിയ പരാതിയുടെ ചിത്രം അടക്കം പങ്കുവച്ച് എം.എൽ.എ കുറിപ്പിട്ടിരിക്കുന്നത്.
‘ഞാൻ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ എനിക്കെതിരെ ഒരു വിജിലൻസ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?’ അദ്ദേഹം കുറിച്ചു.
സ്പ്രിൻക്ളർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ എൽദോസ് കുന്നപ്പിള്ളിൽ രംഗത്തുവന്നിരുന്നു. വീണ സ്പ്രിൻക്ലർ സി.ഇ.ഒയുമായി ന്യൂജഴ്സിയിൽ വച്ച് ആറുതവണ കൂടിക്കാഴ്ച നടത്തി. ഇതേക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ വീണയോ പ്രതികരിക്കട്ടെ. അല്ലെങ്കിൽ മുഖ്യമന്ത്രി അന്വേഷിക്കട്ടെ. വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും എം.എൽ.എ പറഞ്ഞു.