കോട്ടയം : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ 65കാരി യാത്ര ചെയ്തത് ഏഴുസംസ്ഥാനങ്ങളിലൂടെ 3500 കിലോമീറ്റർ ദൂരം. ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിൽ മാർച്ച് 21ന് തിരിച്ചെത്തിയ ഇവർ ഡൽഹിയിൽ നിരീക്ഷണത്തിലാക്കിയതായിരുന്നു. എന്നാൽ ഐസൊലേഷൻ നിർദ്ദേശം ലംഘിച്ച് ഇവർ ഏപ്രിൽ 13ന് പാലായിലേക്ക് അനധികൃതമായി യാത്ര തിരിച്ചു. രാജ്യ വ്യാപക ലോക്ക് ഡൗൺ ലംഘിച്ചായിരുന്നു യാത്ര.
ഇവരെയും ഭർത്താവിനെയും കൊണ്ടുവന്നത് ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണെന്നാണ് വിവരം. ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്ന് പോയിട്ടും ഒരിടത്തും ഇവരെ തടഞ്ഞില്ല. ഏപ്രിൽ 16ന് കേരള അതിർത്തിയിൽ വച്ച് പൊലീസ് തടഞ്ഞ് ഇവരെ നിരീക്ഷണത്തിലാക്കുകയായാരുന്നു. എന്നാൽ കാർ ഓടിച്ച പൊലീസ് ഉദ്യോഗസ്ഥൻ നിരീക്ഷണത്തിന് തയ്യാറാകാതെ അന്ന് തന്നെ ഡൽഹിയിലേക്ക് മടങ്ങി.
ഇവർ ഒരു ദിവസം കമ്പംമേട്ട് പൊലീസ് സ്റ്റേഷനിൽ ഇരുന്നു. കൊവിഡ് നിരീക്ഷണത്തിലേക്ക് മാറ്റിയത് ഏപ്രിൽ 16ന് വൈകീട്ട് മാത്രമാണ്. നിരവധി പൊലീസുകാരും ആരോഗ്യപ്രവർത്തകരുമായും ഇവർ അടുത്തിടപഴകി. ഇവരെല്ലാം നിരീക്ഷണത്തിലേക്ക് മാറേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. പ്രായം കൂടിയ കൊവിഡ് രോഗിയായതിനാലാണ് നടപടി. സ്രവപരിശോധനയിൽ 71കാരനായ ഭർത്താവിന്റെ ഫലം നെഗറ്റീവാണ്.