modi

ലക്‌നൗ: 'ഈ വിഷമഘട്ടത്തിൽ എനിക്ക് അങ്ങയുടെ അനുഗ്രഹം ആവശ്യമാണ്'. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇനി ആരോടാണ് മോദി അനുഗ്രഹം തേടിയത് എന്നല്ലേ? നാരായൺ എന്ന ഉത്തർപ്രദേശുകാരനോടായിരുന്നു മോദിയുടെ 'അഭ്യർത്ഥന'. 106 വയസിനോടടുത്ത് പ്രായമുണ്ട് നാരായണിന്. ആരാണ് ഈ നാരായൺ എന്നു പറയാം.

ബി.ജെ.പിയുടെ പ്രഥമരൂപമായിരുന്ന ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അടുപ്പക്കാർ 'ബുലായി ഭായ്' എന്നു വിളിക്കുന്ന നാരായൺ. ശ്യാമപ്രസാദ് മുഖർജിയ്‌ക്കും അടൽബിഹാരി വാജ്‌പേയ്‌ക്കുമൊപ്പം പ്രവർത്തിച്ചിട്ടുള്ള നാരായൺ, മോദിയുടെ മാർഗദർശികളിൽ ഒരാളായിരുന്നു. 1974-77, 1977-80 കാലഘട്ടങ്ങളിൽ യു.പിയിലെ നൗറംഗിയ (ഇന്നത്തെ ഖാഡ) മണ്ഡലത്തിൽ നിന്ന് ജനവിധി തേടി ജയിച്ച് എം.എൽ.എയായിരുന്ന ചരിത്രം കൂടിയുണ്ട് ബുലായി ഭായ്‌ക്ക്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിഷമഘട്ടങ്ങളെ അതിജീവിക്കുവാനുള്ള അനുഗ്രഹം തേടിയാണ് മോദി വിളിച്ചതെന്ന് നാരായൺ പറഞ്ഞു. ബുധനാഴ്‌ച രാവിലെയാണ് പ്രധാനമന്ത്രി ഫോണിൽ നാരായണിനെ ബന്ധപ്പെട്ടത്.