covid-vaccine-

ലണ്ടൻ: ലോകത്ത് മരണം വിതയ്ക്കുന്ന കൊവിഡ് എന്ന മഹാമാരിക്കെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ബ്രിട്ടനിൽ ഓക്സ്‌ഫോ‌ർഡ് യൂണിവേഴ്സിറ്റിയിൽ മൃഗങ്ങളിലെ പരീക്ഷണത്തിന് പിന്നാലെ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ബ്രിട്ടനിൽ നിന്നും രണ്ടാമത്തെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുന്നു. ലണ്ടൻ ഇംപീരിയൽ കോളേജിലെ ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിച്ചത്. ജൂണിൽ ഇതിന്റെ പരീക്ഷണം മനുഷ്യരിൽ ആരംഭിക്കാനാണ് ഗവേഷകർ തയ്യാറെടുക്കുന്നത്. പരീക്ഷണത്തിന് സന്നദ്ധരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.

2.25 കോടി യൂറോയാണ് വാക്സിൻ ഗവേഷണത്തിനായി ചെലവഴിച്ചത്. നാലുകോടി യൂറോ കൂടി അനുവദിക്കുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

ആദ്യം വളരെ ചെറിയ ഡോസായിരിക്കും പരീക്ഷണത്തിന് വിധേയരാകുന്നവർക്ക് നൽകുക. തുടർന്ന് കാര്യമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം പലതവണകളായി വാക്സിന്റെ ഡോസ് വർദ്ധിപ്പിക്കും. മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. എന്നാൽ മനുഷ്യരിൽ ഇവ വിജയിക്കുമോയെന്ന് യാതൊരു ഉറപ്പും നൽകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ വാക്സിൻ വികസിപ്പിച്ച ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി തങ്ങളുടെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗവേഷകർ വികസിപ്പിച്ചതിൽ നിന്ന് നേരിയ വ്യത്യാസമുള്ളവയാണ് തങ്ങളുടെ വാക്സിനെന്നാണ് ഇംപീരിയൽ കോളേജ് അധികൃതർ പറയുന്നത്. രണ്ട് തരത്തിലുള്ള വാക്സിനുകൾ പരീക്ഷിക്കപ്പെടുന്നത് വൈറസിനെതിരായ വിജയത്തിലേക്കുള്ള ദൂരം കുറയ്ക്കുമെന്നും അവർ പറയുന്നു.