covid

വാഷിംഗ്ടൺ: കൊവിഡ് 19 ബാധിച്ച് അമേരിക്കയിലെ മിഷിഗണിൽ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി വലിയപറമ്പിൽ‌ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഇതോടെ കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച മലയാളികൾ 45 ആയി. ലോകത്താകമാനം 183,120 പേർ മരിച്ചു.

ആകെ രോഗംബാധിച്ചവരുടെ എണ്ണം 2,624,846. ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കും യു.എസിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസവും രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു. യു.എസില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 47,659 ലെത്തുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം 474 മരണം 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

മരണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലുള്ള ഇറ്റലിയില്‍ 25,085 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1,87,327 പേര്‍ രോഗബാധിതരായി ചികില്‍സയിലാണ്. സ്‌പെയിനില്‍ 21,000 കടന്നു. 21,717 പേരാണ് മരിച്ചത്. ഫ്രാന്‍സിലും മരണം 21,000 കടന്നു. 21,340 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 18,000 കടന്നു. 18,100 പേരാണ് മരിച്ചത്.

അതേസമയം,​ അമേരിക്കയിൽ കൊവിഡിന്റെ രണ്ടാം തരംഗം ഇക്കൊല്ലം ജൂണിലുണ്ടാകുമെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് മുന്നറിയിപ്പ് നൽകി. 'പകർച്ചപ്പനി സീസണായ ശിരിരകാലത്തായിരിക്കും കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിക്കുക. ഇത് രണ്ടും കൂടി കൈകാര്യം ചെയ്യുന്നത് ആരോഗ്യപ്രവർത്തകർക്ക് ബാലികേറാമലയായിരിക്കും. ഇക്കുറി കൊവിഡ് അമേരിക്കയിൽ വ്യാപിച്ചത് പകർച്ച പനി സീസൺ അവസാനിച്ച ശേഷമാണ്. ഇനി രണ്ടും ഒരുമിച്ചാണ് എത്താൻ പോകുന്നത്' - റോബർട്ട് പറഞ്ഞു.