വേദവ്യാസൻ രചിച്ച ഇന്ത്യൻ ഇതിഹാസ ഗ്രന്ഥം മഹാഭാരതം തനിക്കെന്നും പ്രിയങ്കരമാണെന്ന് എഴുത്തുകാരനും മുൻ കേന്ദ്രമന്ത്രിയുമായ ശശിതരൂർ എം.പി. പറഞ്ഞു.ലോക പുസ്തക ദിനത്തിൽ ( ഏപ്രിൽ 22) കേരളകൗമുദി ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
" വീണ്ടും വീണ്ടും പാരായണം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണേ മഹാഭാരതം. തത്വശാസ്ത്രവും മനശാസ്ത്രവും രാഷ്ട്രീയവും എല്ലാം അതിൽ ഇടകലർന്നിരിക്കുന്നു. ഇവിടെയുള്ളതൊന്നും മറ്റെവിടെയുമില്ലെന്നതിനൊപ്പം ഇവിടെയില്ലാത്തതും മറ്റെങ്ങുമില്ലെന്നും ഈ ഗ്രന്ഥം പ്രഖ്യാപിക്കുന്നുണ്ട്.അവസാനിക്കാത്ത ആനന്ദവും ജീവിത പാഠങ്ങളും വ്യതിയാനങ്ങളും എന്നും മഹത്താർന്നതും ആകർഷകവുമായ വായനയിലേക്ക് നയിക്കുന്നു."-തനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തരൂർ പറഞ്ഞു.
മഹാഭാരതത്തിന്റെ പ്രസക്തി എന്നും നിലനിൽക്കുന്നതാണെന്ന് ഇൻഫോസിസ് സ്ഥാപകാംഗം എസ്.ഡി.ഷിബുലാലും പറയുകയുണ്ടായി. " എന്റെ ജീവിതകാലത്ത് നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും എക്കാലത്തേയും എന്റെ പ്രിയപ്പെട്ട പുസ്തകം വേദവ്യാസന്റെ മഹാഭാരതമാണ്.നൂറ്റാണ്ടുകൾക്കുമുമ്പ് രചിക്കപ്പെട്ടതാണെങ്കിലും ഇന്നും പ്രസക്തമാണ് മഹാഭാരതത്തിന്റെ ഇതിവൃത്തം .തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികൾ വിവിധ കഥാപാത്രങ്ങളിലൂടെ അതിൽ പ്രതിഫലിക്കുന്നു.അതോടൊപ്പം സദുദ്ദേശത്തോടെ എടുക്കുന്ന തീരുമാനങ്ങളുടെ ഫലം നമ്മുടെ നിയന്ത്രണത്തിലോ നമ്മൾ ആഗ്രഹിച്ചതുപോലെയോ ആകണമെന്നുമില്ലെന്നും പഠിപ്പിക്കുന്നു.ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് ശരിയാകണമെന്നുമില്ല.അവനവന്റെ പ്രവൃത്തിയുടെ ഫലം നിയന്ത്രിക്കാൻ പറ്റാത്ത മനുഷ്യന്റെ കഴിവുകേടും മഹാഭാരതം മുന്നോട്ടുവയ്ക്കുന്നു.
ഭൗതികശാസ്ത്രത്തിലും പ്രസക്തമാണിത്.ഒന്നു ചെയ്യുകയും മറ്റൊന്നിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നതിനെക്കുറിച്ചാണ് ന്യൂട്ടോണിയൻ ഫിസിക്സ് പറയുന്നത്. ക്വാണ്ടം മെക്കാനിക്സും നമ്മൾ ചെയ്യുന്നതു തന്നെ അതേ അനുമാനത്തിൽ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് ചൂട്ടിക്കാട്ടുന്നുണ്ട്.ശക്തരും ആദർശവതികളുമായ സ്ത്രീകളുടെ കഥകൂടിയാണ് മഹാഭാരതം..ഗംഗയുടെ ഭക്തിയും,സത്യവതിയുടെ മോഹങ്ങളും ,അംബയുടെ രോഷവും,ഗാന്ധാരിയുടെയും കുന്തിയുടെയും പ്രതിബദ്ധതയും പാഞ്ചാലിയുടെ ദൃഢതയും വിശ്വാസവും മഹാഭാരതത്തിൽ പ്രതിഫലിക്കുന്നുണ്ട്.എല്ലാ തീരുമാനങ്ങൾക്കും നിഴൽ മങ്ങിയ മറുവശവുമുണ്ടെന്ന് അത് ഓർമ്മിപ്പിക്കുന്നു.സമൂഹത്തിന്റെ പൊതു താത്പ്പര്യത്തിനും വേണ്ടിയാവണം മനുഷ്യന്റെ ഓരോ പ്രയത്നവുമെന്നും മഹാഭാരതം പ്രകടമാക്കുന്നു."-ഷിബുലാൽ പറയുന്നു