kaumudy-news-headlines

1. കൊവിഡ് 19 ന്റെ സമൂഹ വ്യാപന സാധ്യത അറിയാന്‍ കേരളത്തില്‍ റാന്‍ഡം പി.സി.ആര്‍ പരിശോധനകള്‍ തുടങ്ങി. പൊതു സമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ തന്നെ പലരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ആണ് റാന്‍ഡം പി.സി.ആര്‍ പരിശോധനകള്‍ തുടങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, കടകളിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, യാത്രകളോ കൊവിഡ് രോഗികളും ആയി സമ്പര്‍ക്കമോ വരാത്ത എന്നാല്‍ കൊവിഡ് ലക്ഷണങ്ങളും ആയി ഒ.പികളില്‍ എത്തുന്ന രോഗികള്‍, ഹോട്ട് സ്‌പോട്ട് മേഖലയിലെ ആളുകള്‍ എന്നിവരെ ആണ് പരിശോധനക്ക് വിധേയം ആക്കുന്നത്.


2. ഈ വിഭാഗത്തില്‍ ആര്‍ക്കെങ്കിലും രോഗ ബാധ കണ്ടെത്തിയാല്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാന്‍ ആകില്ല. ഐ.സി.എം.ആറിന്റ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചു നല്‍കിയത്. റാപ്പിഡ് ആന്റിബോഡി പരിശോധനകള്‍ കൂടി തുടങ്ങിയാല്‍ വളരെ വേഗം സമൂഹ വ്യാപന സാധ്യത കണ്ടെത്താന്‍ ആകും. അതിനിടെ, തമിഴ്നാട്ടില്‍ കൊവിഡ് രോഗികളെ പരിശോധിച്ച ഡോക്ടര്‍ കേരളത്തിലേക്ക് കടന്നു. ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ആണ് നെയ്യാറ്റിന്‍കരയിലേക്ക് കടന്നത്. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയായി അതിര്‍ത്തി കടന്നശേഷം മുങ്ങുക ആയിരുന്നു. ഡോക്ടറെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
3. എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്ന സംഭവത്തില്‍ കേസ്. തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്ക്ക് എതിരെയാണ് നടപടി. പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് എടുക്കാനാണ് നിര്‍ദ്ദേശം. തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി അനുവദിച്ച പാസും ആയാണ് അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്നത്. അധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിര്‍ത്തികള്‍ കടക്കാന്‍ സഹായിച്ച കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് എതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി കര്‍ശന പരിശോധനകള്‍ ആണ് അതിര്‍ത്തികളില്‍ നിലവില്‍ ഉള്ളത്. ഇതെല്ലാം ലംഘിച്ചാണ് അധ്യാപിക അതിര്‍ത്തി കടന്നത്.
4. അതേസമയം, മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച നാലുമാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആണ് കുട്ടിയുള്ളത്. മഞ്ചേരി സ്വദേശിയായ കുഞ്ഞിന്റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം കുഞ്ഞിന് വൈറസ് ബാധ ഏറ്റതെന്നാണ് സംശയം. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള കുട്ടിയെ വിവിധ ആശുപത്രികളില്‍ നേരത്തെ ചികിത്സിച്ചിരുന്നു.
5. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം 6000ത്തിലേറെ പേരാണ് മരിച്ചത്. ഇതോടെ അസുഖത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,83,000 പിന്നിട്ടു. ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കും യു.എസിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസവും രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു. യു.എസില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 47,659ല്‍ എത്തുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം 474 മരണം 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ 1,87,327 പേര്‍ രോഗബാധിതരായി ചികില്‍സയിലാണ്. ആകെ മരണം 25,085. സ്‌പെയിനില്‍ 21,717 പേരാണ് മരിച്ചത്. ഫ്രാന്‍സിലും മരണം 21,000 കടന്നു. ബ്രിട്ടനിലെ മരണ സംഖ്യ 18,000 കടന്നു.
6. കൊവിഡ് 19 ബാധിച്ച് അമേരിക്കയിലും ബ്രിട്ടനിലും ഓരോ മലയാളികള്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ച മലയാളികള്‍ 46 ആയി. അതേസമയം, അമേരിക്കയില്‍ കൊവിഡിന്റെ രണ്ടാം തരംഗം ഇക്കൊല്ലം ജൂണില്‍ ഉണ്ടാകുമെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചപ്പനി സീസണില്‍ ആയിരിക്കും കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിക്കുക എന്നും മുന്നറിയിപ്പ്.
7. കോവിഡിന് കാരണമായ കോറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന ഇന്നലെ മുന്നറിയിപ്പ് നല്‍കി. കൂടാതെ ആഫ്രിക്കയിലും അമേരിക്കന്‍ രാഷ്ട്രങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മഹാമാരിക്ക് എതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശവും ആശങ്ക ഉണര്‍ത്തുന്നുണ്ട്. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്നും 265 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് യു.എന്നിന്റെ അറിയിപ്പ്.
8. സ്പ്രിംഗ്ലര്‍ കരാറില്‍ സി.പി.ഐക്ക് കടുത്ത അതൃപ്തി. കരാറില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. ഇന്നലെ വൈകിട്ട് എ.കെ.ജി സെന്ററില്‍ എത്തിയാണ് കാനം അതൃപ്തി അറിയിച്ചത്. ഡാറ്റാ സ്പ്രിംക്ലറിനെ ഏല്‍പ്പിക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് സിപിഐക്ക്. വ്യക്തികളുടെ ഡാറ്റ സംബന്ധിച്ചുള്ള ഇടത് നയത്തിന് വിരുദ്ധമായിട്ട് ആണ് കരാര്‍. മന്ത്രിസഭയെ അറിയിക്കാതെ എടുത്ത തീരുമാനം ശരിയല്ല എന്നുമാണ് സി.പി.ഐയുടെ നിലപാട്. മന്ത്രിസഭാ യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് ഇരുന്നെങ്കില്‍ സി.പി.ഐ മന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ നിലപാട് രേഖപ്പെടുത്താം ആയിരുന്നുവെന്ന് കാനം കോടിയേരിയെ അറിയിച്ചു.
9. സംസ്ഥാനം ഒറ്റക്കെട്ടായി കോവിഡിനെ നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കി സി.പി.ഐ പരസ്യനിലപാട് എടുക്കില്ല. സ്പ്രിംഗ്ലര്‍ ഇടപാട് സംബന്ധിച്ച പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സി.പി.ഐ വിയോജിപ്പ് അറിയിച്ചു. അതേസമയം, വ്യക്തികളുടെ സ്വകാര്യതയല്ല, മനുഷ്യ ജീവനാണ് മുഖ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍. സ്പ്രിംഗ്ലര്‍ കൈകാര്യം ചെയ്യുന്ന കൊവിഡ് ഡാറ്റകള്‍ സുരക്ഷിതമാണ് എന്നും ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഡാറ്റ ദുരുപയോഗം ചെയ്താല്‍ സ്പ്രിംഗ്ലറിന് എതിരെ ഇന്ത്യയില്‍ കേസ് എടുക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.