dr-t-k-jayakumar
Dr. T K jayakumar

ഓരോ ഹൃദയവും തുന്നിച്ചേർത്ത് ജീവൻ നിലനിറുത്തുമ്പോൾ പകരം സ്‌നേഹം മാത്രം തിരികെ വാങ്ങുന്നൊരു മനുഷ്യനുണ്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഓരോ ദിവസവും നിസഹായതയുടെ നീർത്തുള്ളികൾ നെഞ്ചിൽ നിറച്ചെത്തുന്ന രോഗികളെ തിരക്കിന്റെ സമ്മർദ്ദമറിയിക്കാതെ പുഞ്ചിരിയോടെ പരിചരിക്കും. ആശുപത്രിയുടെ ഭരണ ചുമതല, ഹൃദയശസ്ത്രക്രിയാ വിഭാഗത്തിന്റെ മേധാവി, നിന്നുതിരിയാൻ നേരമില്ലാത്തപ്പോഴും ഒരാൾ പോലും ഹൃദയത്തകരാറുകൾ കാരണം ജീവൻ നഷ്ടപ്പെടരുതെന്ന കരുതലിൽ ഊണും ഉറക്കവുമില്ലാതെ രാപ്പകൽ ജോലി ചെയ്യുന്ന ആ വലിയ മനസിന്റെ ഉടമ ഡോ.ടി.കെ ജയകുമാറായാണ്. പാവപ്പെട്ടവന്റെ ഹൃദയത്തിന് എന്നും ഈ ഡോക്ടറുടെ കരുതലും കാവലുമുണ്ട്. കാശില്ലാത്തവർക്കും ഹൃദയം മാറ്റിവയ്ക്കാനുള്ള സാഹചര്യമൊരുക്കിയ ഡോക്ടർ ലോക്ക് ഡൗൺ കാലത്തും മിടിക്കുന്ന ഹൃദയം തുന്നിച്ചേർത്തു. നാലര വർഷത്തിനുള്ളിൽ ആറ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് മെഡിക്കൽ കോളേജിലെ ഡോ. ജയകുമാർ ആർമി! രണ്ടുപതിറ്റാണ്ട് മുൻപാണ് കോട്ടയം കിടങ്ങൂർ താനത്ത് കൃഷ്ണൻ നായർ – രാജമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രൻ ഡോ.ടി.കെ. ജയകുമാർ കോട്ടയം മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ആരംഭിക്കുന്നത്. പിന്നീട് കാർഡിയോളജി വിഭാഗത്തിൽ ചുമതലയേൽക്കുമ്പോൾ മനസിന്റെ മുറ്റത്ത് നട്ട സ്വപ്നമരം ഇപ്പോൾ സേവനത്തിന്റെ പൂക്കളാൽ സമൃദ്ധമാണ്. കാർഡിയോളജി വിഭാഗത്തിന്റെ മുഖച്ഛായ ആദ്യം മാറ്റി. നാലു വർഷം മുൻപ് സൂപ്രണ്ടായി ചുമതലയേറ്റതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി തന്നെ അടിമുടി മാറി. കെട്ടിലും മട്ടിലും പ്രോഫഷണലിസം. കൊവിഡിനെ പൊരുതി തോൽപ്പിച്ച മെഡിക്കൽ കോളേജിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ലോകാരോഗ്യ സംഘടനയും കൈയടിച്ചു.

ഹൃദയത്തിലെഴുതിയ തിരിച്ചറിവ്

1998ൽ ഡോ. ജയകുമാർ ഡോ. ലക്ഷ്മി ദമ്പതികൾക്ക് ജനിച്ച ആദ്യത്തെ കൺമണിയ്ക്ക് ഒരു ദിവസത്തെ ആയുസ് പോലുമുണ്ടായിരുന്നില്ല. കുഞ്ഞിന് ശ്വാസ സംബന്ധമായ അസുഖമായിരുന്നു. ജനിച്ച ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമുണ്ടായിരുന്നില്ല. ആധുനിക സംവിധാനമുള്ള എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് എത്തിക്കാൻ സമയത്ത് ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനാൽ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടു. എത്ര സാധാരണക്കാർ ഫലപ്രദമായ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടെന്ന ചിന്തയാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന മനുഷ്യനാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിനെ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രിയാക്കി ഉയർത്താനായി രാപ്പകൽ അദ്ധ്വാനിച്ചു. രാവിലെ ഏഴ് മണിക്ക് മെഡിക്കൽ കോളേജിലെത്തുന്ന അദ്ദേഹം രോഗികളെ പരിചരിച്ച് ശസ്ത്രക്രിയകൾ നടത്തി, ആശുപത്രിയുടെ വികസന കാര്യങ്ങളിൽ ഇടപെട്ട് ഒന്ന് വിശ്രമിക്കുമ്പോൾ പുലർച്ചെ രണ്ടും മൂന്നും മണിയാകും. ചിലപ്പോൾ ആശുപത്രിയിൽ തന്നെ കിടക്കും. വീട്ടിൽ പോയാലും ഒന്ന് കണ്ണടച്ച ശേഷം തിരികെ ആശുപത്രിയിലേയ്ക്ക്. '' ചെയ്യുന്ന ജോലി നന്നായി ആസ്വദിച്ച് ചെയ്താൽ ഒന്നും ഒരു ഭാരമല്ല. മറിച്ച് ഇതിനൊക്കെ കണക്ക് സൂക്ഷിച്ചാൽ നമുക്ക് ഒന്നും ചെയ്യാനും കഴിയില്ല'' 365 ദിവസവും വിശ്രമമില്ലാതെ ഓടി നടക്കുന്ന ഡോക്ടർക്ക് പറയാനുള്ളത് ഇതാണ്.

ആ വാക്കുകൾ പതിവ് കാഴ്ച

2002ൽ നാല് ഐ.സി.യു ബെഡുകളും പല വാർഡുകളിലായി ചിതറിക്കിടക്കുന്ന 20 കിടക്കകളും മാത്രമുള്ള സംവിധാനമായിരുന്നു കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗമെങ്കിൽ 2004ൽ കാർഡിയോളജി വിഭാഗത്തിന്റെ പൂർണ ചുമതലയേറ്റെടുത്തതോടെ തലവര മാറി. പതിനൊന്ന് വർഷം പിന്നിട്ടപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാർഡിയോളജി വിഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് തലയുയർത്തി നിൽക്കുന്നു. കാർഡിയോ തൊറാസിക് വിഭാഗം മേധാവിയായതോടെയാണ് 2015 സെപ്തംബർ 14 ന് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. പിന്നാലെ അഞ്ച് പേർ കൂടി പുതിയ ഹൃദയവുമായി ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രികൾ മുപ്പത് ലക്ഷത്തോളം രൂപയ്ക്ക് നടത്തുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വെറും രണ്ട് ലക്ഷത്തോളം രൂപയ്ക്ക് സർക്കാർ ആശുപത്രിയിൽ നടത്താമെന്ന് അദ്ദേഹം കാട്ടിക്കൊടുത്തു. വൈകാതെ സൂപ്രണ്ടിന്റെ കൂടി ചുമതലയേറ്റതോടെ ഒരു മൾട്ടിനാഷണൽ ആശുപത്രിയുടെ പകിട്ടിലേയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് മാറി. അത്യന്താധുനിക കാഷ്വാലിറ്റി, ശീതീകരിച്ച ഒ.പി സംവിധാനങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ മെഡിക്കൽ കോളേജ് അതിന്റെ സുവർണകാലഘട്ടത്തിലാണ്. വർഷം രണ്ടായിരത്തിലേറെ ശസ്ത്രക്രിയകൾ കാർഡിയോളജി വിഭാഗത്തിൽ വിജയകരമായി നടക്കുന്നുണ്ട്. ഒടുവിൽ രോഗം ഭേദമായി പോകുമ്പോൾ അവർ പ്രിയഡോക്ടറെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് നന്ദി പറയുന്നത് പതിവ് കാഴ്ചയാണ്. വണ്ടിക്കൂലിക്ക് കാശില്ലാത്തവർക്ക് കൈയിൽ നിന്ന് പണമെടുത്ത് യാത്രയാക്കുന്ന കരുണയുടെ മുഖം കൂടിയുണ്ട്.'' എല്ലാവരേയും സ്‌നേഹിക്കാനാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്. ഉപകാരം ചെയ്യാനായില്ലെങ്കിലും അറിയാതെ പോലും ഉപദ്രവമുണ്ടാവരുതെന്ന് നിർബന്ധമുണ്ട്. എല്ലാവർക്കും സ്‌നേഹം കൊടുക്കുമ്പോൾ സ്വാഭാവികമായും തിരികെ ലഭിക്കും. സേവനത്തിനുള്ള മാർഗവും തുറക്കും. സ്‌നേഹം വേണമെന്ന പ്രതീക്ഷയിലല്ല , ഞാൻ കർമം ചെയ്യുന്നത് അതുകൊണ്ട് ആരിൽ നിന്നെങ്കിലും മോശം അനുഭവമുണ്ടായാലും സങ്കടം തോന്നാറില്ല'' അത്രയ്ക്ക് പച്ച മനുഷ്യനാണ് ഡോ.ടി.കെ. ജയകുമാർ.

ഡോ. ജയകുമാർ ആർമി !

യുദ്ധമുഖത്തെ പട്ടാളക്കാരെപ്പോലെയാണ് ഈ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടങ്ങുന്ന ജീവനക്കാർ. കഴിഞ്ഞ ദിവസം വർക്കല സ്വദേശി ശ്രീകുമാറിന്റെ ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പുലർച്ചേ തിരികെയെത്തി അതിരമ്പുഴ സ്വദേശി ജോസിന് വച്ചുപിടിപ്പിക്കുംവരെ കണ്ണിമ ചിമ്മാതെ അവരെല്ലാം ഒപ്പമുണ്ടായിരുന്നു. ഡോ. ജയകുമാർ ഹൃദയം ശേഖരിക്കാനായി തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിന് മുമ്പും തിരിച്ചെത്തിയതിന് ശേഷവും മറ്റു മൂന്ന് ശസ്ത്രക്രിയകൾ കൂടി നടത്തി. ഒന്നരദിവസം പൂർണമായും ശസ്ത്രക്രിയാ മുറിയിലും ആംബുലൻസിലുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഓരോരുത്തർക്കുമുള്ള ജോലി മുൻകൂട്ടി നിശ്ചയിക്കും. എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കുമ്പോൾ വിജയം ഒത്തുചേരും. കൂട്ടായ്മയുടെ കരുത്ത് കൂടിയാണിതെന്ന് ഈ മികവ് സാക്ഷ്യപ്പെടുത്തുന്നു.

കൊവിഡിനെയും തുരത്തി

കൊവിഡ് ബാധിച്ച അഞ്ചു പേരും നിറഞ്ഞ ചിരിയോടെയാണ് ഈ മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയത്. ലോകമെങ്ങും കൊവിഡ് ബാധിച്ച വൃദ്ധർ മരണവുമായി മുഖാമുഖം നിൽക്കുമ്പോൾ 93 കാരൻ തോമസും 88കാരിയായ ഭാര്യ മറിയാമ്മയും പോ മോനെ കൊവിഡേയെന്ന ഭാവത്തിൽ മടങ്ങിയപ്പോൾ മെഡിക്കൽ കോളേജിലെ ചികിത്സാമികവിനെ ലോകമൊന്നടങ്കമാണ് പുകഴ്ത്തിയത്.'' നിപ്പയെ പ്രതിരോധിക്കാൻ സ്വീകരിച്ച മുൻകരുതലുകൾ നമുക്ക് ഗുണകരമായി. കോഴിക്കോട് നിപ്പ റിപ്പോർട്ട് ചെയ്തപ്പോൾതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ മഹാമാരിയെ തുരത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സൈക്യാട്രി, അനസ്‌തേഷ്യ അങ്ങനെ എല്ലാ വിഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന കലവറയില്ലാത്ത പിന്തുണ കൊണ്ടുകൂടിയാണ് ഇതിന് സാധിച്ചത്. എന്നും മെഡിക്കൽ ബോർഡ് ചേർന്ന് ആ അപ്പച്ചന്റെയും അമ്മച്ചിയുടേയും അവസ്ഥ ചർച്ച ചെയ്തിരുന്നു. പ്രതിരോധശേഷികൂട്ടാനുള്ള മരുന്നുകൾ നൽകി. ഇടയ്ക്ക് ഹാർട്ട് അറ്റാക്കും വന്നു. കളിപറഞ്ഞും കഥ പറഞ്ഞും അവർ ഞങ്ങളുടെ കുടുംബാംഗങ്ങളായി മാറി. രോഗികളാണെന്നുള്ള തോന്നൽ അവരിൽ നിന്ന് മാറി. അതായിരുന്നു ഏറ്റവും പ്രധാനം.'' ഡോക്ടർ ഓർത്തെടുത്തു.

അല്പം കൃഷിയും മൃഗപരിപാലനവും

പതിനഞ്ചും ഇരുപതും മണിക്കൂർ ജോലി ചെയ്യുന്ന ഡോക്ടർ രാവിലെ അരമണിക്കൂറെങ്കിലും യോഗ ചെയ്യാനുള്ള സമയം കണ്ടെത്തും. ഏറ്റുമാനൂരപ്പനെ മനസറിഞ്ഞ് പ്രാർത്ഥിക്കും. ദിവസവും ഒരു മണിക്കൂർ ഫാമിലും കൃഷി സ്ഥലത്തും ചെലവഴിക്കും. നാടൻ ഇനമായ കാസർകോട് കുള്ളൻ ഉൾപ്പെടെ 15 ഓളം കറവപ്പശുക്കൾ നിറഞ്ഞ തൊഴുത്ത്. വിളവെടുപ്പിന് തയാറായ രണ്ടു വലിയ മീൻകുളങ്ങൾ, 300 നാടൻ കോഴികൾ നിറഞ്ഞ വിശാലമായ കോഴിവളർത്തൽ കേന്ദ്രം, വാഴ, കപ്പ, ചേന, ചേമ്പ് വിളകളും പയർ, വഴുതന, വെണ്ട, ചീര, കാന്താരി എന്നിവയുമുണ്ട്. വിവിധയിനം പപ്പായ, റബർ, കന്നുകാലികൾക്ക് തീറ്റപ്പുല്ല് എന്നിവയുമുണ്ട്. കൃഷി പരിപാലനത്തിനായി രണ്ടുപേരുടെ സഹായവുമുണ്ട്.

കൂടെയുണ്ട് കുടുംബം

കുറച്ച് മണിക്കൂറുകൾ മാത്രം വീട്ടിൽ ചെലവിടുന്നതിൽ ഒരിക്കൽ പോലും വീട്ടുകാർ ഡോക്ടറോട് പരാതി പറഞ്ഞിട്ടില്ല. ഭാര്യ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മിക്ക് സാഹചര്യങ്ങൾ നന്നായി അറിയാം. വിദ്യാർത്ഥികളായ മക്കൾ ചിന്മയിയും ചിദാനന്ദും അച്ഛന്റെ തിരക്കുകളോട് എന്നേ പൊരുത്തപ്പെട്ടുകഴിഞ്ഞു. തന്റെ കർമ്മ മണ്ഡലത്തിലെ മുഴുവൻ നേട്ടങ്ങൾക്കും വെള്ളവും വളവുമേകുന്നതും കുടുംബമാണെന്ന് ഡോക്ടറും സാക്ഷ്യപ്പെടുത്തുന്നു.