കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാനെത്തിയ കൊടുങ്ങല്ലൂരുകാരി ധനുഷ എന്ന പതിനാറു വയസുകാരിയിൽ നിന്ന് ഇന്നത്തെ അറിയപ്പെടുന്ന നർത്തകിയായ ഡോ. ധനുഷ സന്യാലിലേക്കുള്ള ദൂരം ഏറെയാണ്. ആരൊക്കെയോ പറഞ്ഞും കേട്ടും മനസിലാക്കിയ പാതകൾ തേടി പിടിച്ച് തന്റേതായ രീതിയിൽ അവയ്ക്ക് നിറം നൽകിയാണ് ധന്യ സ്വന്തമിടം എഴുതിച്ചേർത്തത്. മോഹിനിയാട്ടത്തിന്റെ നിലനിൽപ്പിനായി അക്ഷീണം പ്രയത്‌നിക്കുന്ന കലാകാരിയാണ് ഡോ. ധനുഷ സന്യാൽ. ഇരുപത് വർഷത്തിലധികമായി നീണ്ട നൃത്തജീവിതത്തിൽ സ്റ്റേജിൽ ചിലങ്കയണിഞ്ഞിട്ടുള്ളത് മോഹിനിയാട്ടത്തിന് മാത്രമാണ്. മറ്റു നൃത്തരൂപങ്ങൾ ചെയ്യാറില്ല. വിദേശത്തും സ്വദേശത്തുമായി ആയിരത്തിലധികം സ്റ്റേജുകളിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് മോഹിനിയാട്ടത്തിന്റെ പാഠങ്ങൾ പറഞ്ഞുകൊടുത്തു. അതോടെ, മോഹിനിയാട്ടത്തിൽ ലോകത്ത് ഏറ്റലുമധികം ശിഷ്യസമ്പത്ത് എന്ന റെക്കോർഡും ഈ നർത്തകിക്ക് സ്വന്തമായി.
ആദ്യം ഇഷ്ടപ്പെട്ടത് ഭരതനാട്യം
പ്രീഡിഗ്രി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് പതിനാറുവയസിൽ നൃത്തം തിരഞ്ഞെടുക്കുന്നത്. മൂന്ന് വയസുമുതൽ കൂടെയുള്ള നൃത്തം തുടരുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. ഭരതനാട്യത്തോടായിരുന്നു പ്രണയം. അന്ന് നൃത്തം അഭ്യസിക്കണമെങ്കിൽ ഒന്നുകിൽ കലാമണ്ഡലം, അല്ലെങ്കിൽ മദ്രാസിലെ കലാക്ഷേത്ര. കലാക്ഷേത്രയിലാണ് ഭരതനാട്യം മെയിനായെടുത്ത് പഠിക്കാൻ പറ്റുന്നത്. കലാമണ്ഡലത്തിൽ മോഹിനിയാട്ടമാണ് മെയിൻ. ഭരതനാട്യം അനുബന്ധകോഴ്‌സായി പഠിക്കാം. മദ്രാസിൽ പോകുന്ന ബുദ്ധിമുട്ടോർത്ത് കലാമണ്ഡലത്തിൽ തന്നെ ചേർന്നു. അനുബന്ധമായാണെങ്കിലും ഭരതനാട്യം അഭ്യസിക്കാമല്ലോ എന്നായിരുന്നു മനസിൽ. അന്നത്തെ വകുപ്പ് മേധാവിയായിരുന്ന കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ മോഹിനിയാട്ട അവതരണമാണ് അന്നുവരെയില്ലാത്ത ഇഷ്ടം മോഹിനിയാട്ടത്തോട് തോന്നിച്ചത്. പിന്നീട് ടീച്ചറുടെ സഹായത്തോടെ മോഹിനിയാട്ടം എന്ന നൃത്തരൂപത്തോട് കൂടുതൽ അടുത്തു. കലാമണ്ഡലത്തിലെ പഠനം കഴിഞ്ഞപ്പോഴേക്കും മറ്റേത് നൃത്തരൂപത്തേക്കാളും പ്രിയം മോഹിനിയാട്ടത്തോടായി. മോഹിനിയാട്ടത്തിലെ വ്യത്യസ്ത ശൈലികളെപ്പറ്റിയും പിന്നീട് പഠിച്ചു. ഭാരതി ശിവജി, ജയപ്രഭ നായർ തുടങ്ങിയവരുടെ അടുത്തുനിന്നും അവതരണരീതികൾ അഭ്യസിച്ചു. പിന്നീട് പത്തു വർഷത്തോളം നൃത്ത വേദികളിൽ നിന്നകന്നു നിന്നു. പിന്നീട് സ്റ്റേജിൽ തിരിച്ചെത്തുന്നത് 2015ലാണ്. തിരിച്ചുവരവിന് ശേഷം വിവിധ ജില്ലകളിലായി നൃത്തകേന്ദ്രങ്ങൾ തുടങ്ങിയെങ്കിലും മോഹിനിയാട്ടം പഠിക്കാൻ വിദ്യാർത്ഥികളാരും എത്തിയില്ല. സങ്കടത്തോടെയാണെങ്കിലും മോഹിനിയാട്ടം മാത്രം പഠിപ്പിക്കുവാനായി ആരംഭിച്ച അക്കാഡമിയിൽ ഭരതനാട്യം അഭ്യസിപ്പിക്കേണ്ടതായി വന്നു. ഭരതനാട്യം പഠിക്കാൻ വിദ്യാർത്ഥികളും വന്നു. എന്തുകൊണ്ടാണ് മോഹിനിയാട്ടം പഠിക്കാൻ കുട്ടികൾ മടിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം തേടലായി പിന്നീട്. നൃത്തപഠനത്തിനായി എത്തുന്ന കുട്ടികളിൽ 95 ശതമാനവും തിരഞ്ഞെടുക്കുന്നത് ഭരതനാട്യമാണ്. മോഹിനിയാട്ടം അഭ്യസിക്കുന്നത് യുവജനോത്സവ മത്സരത്തിന് മാത്രവും. കാരണം തിരഞ്ഞ് പോയപ്പോൾ മനസിലാക്കിയത് മോഹിനിയാട്ടത്തിന്റെ പരിമിതികളായിരുന്നു. നൃത്തവേദിയിലെ കാഴ്ചക്കാരുടെ കുറവും ആടയാഭരണങ്ങളിലെ പകിട്ടുകുറവും ശൃംഗാരഭാവത്തിന്റെ അതിപ്രസരവുമൊക്കെയാണ് ഇഷ്ടക്കേടിന് കാരണമെന്ന് മനസിലായപ്പോൾ അതിന് പരിഹാരം തേടലായി. പരമ്പരാഗത വെള്ള, കസവ് ചട്ടക്കൂടിനോട് ചേർന്നുനിന്നുകൊണ്ടുതന്നെ മറ്റു നിറങ്ങൾ വസ്ത്രത്തിൽ ഉപയോഗിക്കുകയാണ് ആദ്യം വരുത്തിയ മാറ്റം. വിമർശനങ്ങളുണ്ടായെങ്കിലും പിന്നീടിത് അംഗീകരിക്കപ്പെട്ടു. ലാസ്യഭാവങ്ങളിലും മാറ്റം കൊണ്ടുവന്നു. ശൃംഗാരത്തിൽ നിന്നും മാറി ഭക്തിരസപ്രദമായ ഭാവങ്ങൾ പരീക്ഷിച്ചു. മോഹിനിയാട്ടത്തിന് ഭക്തിയെ പൂർണമായി ഉൾക്കൊള്ളാൻ കഴിയുമെന്ന് തെളിയിച്ചു. മോഹിനിയാട്ടത്തിലെ മൂന്ന് ശൈലികളെപ്പറ്റിയും പഠിച്ചു. കലോത്സവ വേദികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ധനുഷ സന്യാൽ എന്ന നർത്തകിയുടെ കഴിവ് പതിയെ അംഗീകരിക്കപ്പെട്ടു. കലോത്സവവേദികളിൽ ധനുഷയുടെ കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടി.
ഗുരുദേവ ഭക്തിയിൽ
നൃത്താർച്ചന
തികഞ്ഞ ശ്രീനാരായണ ഭക്തയാണ് ധനുഷ സന്യാൽ. 2018 ഏപ്രിലിൽ 1300 നർത്തകിമാരെ പങ്കെടുപ്പിച്ച് ശ്രീനാരായണഗുരുദേവന്റെ ദൈവദശകം എന്ന കൃതി മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിച്ചിരുന്നു. കലാമണ്ഡലം ഹൈമവതി ടീച്ചറും നൃത്തം ചിട്ടപ്പെടുത്താൻ കൂടെ നിന്നു. ഇത് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം തേടി. തുടർന്ന് ഗുരുദേവന്റെ പത്തോളം കൃതികളെപ്പറ്റി അഗാധമായി പഠിച്ചു. ഈ വർഷമാണ് 5000 നർത്തകിമാരെ പങ്കെടുപ്പിച്ച് ഗുരുദേവന്റെ സർവം ഏകമെന്ന ദർശനത്തെ പ്രതിപാദിക്കുന്ന കൃതിയായ കുണ്ഡലിനിപാട്ട് മോഹിനിയാട്ട രൂപത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ അവതരിപ്പിക്കപ്പെട്ട നൃത്താവിഷ്‌കാരവും ഗിന്നസ് റെക്കോർഡിൽ ഇടം തേടി. ഭക്തിരസപ്രദാനമായി മോഹിനിയാട്ടത്തെ അവതരിപ്പിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായി മാറി ഈ രണ്ട് ആവിഷ്‌കാരങ്ങളും. ഇനിയും ഗുരുദേവ കൃതികളെ അടിസ്ഥാനമാക്കി നൃത്തം ചിട്ടപ്പെടുത്തണമെന്നാണ് ധനുഷയുടെ ആഗ്രഹം.
ലക്ഷ്യം മോഹിനിയാട്ടത്തിന്റെ വളർച്ച
പ്രശസ്തിയോ അംഗീകാരങ്ങളോ ധനുഷ ആഗ്രഹിക്കുന്നില്ല. വശ്യഭംഗിയും സാദ്ധ്യതകളും അതിലുപരി കേരളത്തിന്റെ പൈതൃകവും നിറഞ്ഞ മോഹിനിയാട്ടത്തെ ജനകീയമാക്കാൻ വേണ്ടിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്. മഹാകവി വള്ളത്തോൾ കലാമണ്ഡലത്തിലൂടെ ഒരുപാട് ത്യാഗം സഹിച്ചാണ് ഈ കലാരൂപത്തെ നിലനിറുത്തിയത്. അത് തുടരാനായുള്ള വഴികൾ ഇനിയും തേടും. കൂടുതൽ കുട്ടികൾ മോഹിനിയാട്ടം അഭ്യസിക്കണം, എന്താണ് മോഹിനിയാട്ടം എന്നറിയണം, യുവജനോത്സവത്തിലെ മത്സരവേദികളിൽ മാത്രം ഒതുങ്ങേണ്ടതല്ല ഈ കലാരൂപം തുടങ്ങിയ ചിന്തകളാണ് ഈ കലാകാരിയെ മുന്നോട്ട് നയിക്കുന്നത്.
ഇക്കാലയളവിൽ കലാമണ്ഡലം ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് (2001), വള്ളത്തോൾ അവാർഡ്, ലാസ്യമോഹിനി അവാർഡ്, നാട്യവിദൂഷിമണി അവാർഡ്, കേന്ദ്ര സർക്കാരിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, വി. എസ്. ശർമ എൻഡോവ്‌മെന്റ് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഈ കലാകാരിയെ തേടിയെത്തി.