കാക്കനാടൻ കഥാവശേഷനായിട്ട് ഒൻപത് വർഷമാകാറായി. ജീവിച്ചിരുന്നെങ്കിൽ ഇക്കഴിഞ്ഞ ഏപ്രിൽ 23 ന് എൺപത്തിയഞ്ച് വയസ് തികയുമായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യവും സ്നേഹസൗഹൃദങ്ങളും പറയുകയും ഓർക്കുകയും ചെയ്യുന്ന ഒട്ടനവധി സഹൃദയർ ഇപ്പോഴും ഇവിടെ ധാരാളമുണ്ട്. കാക്കനാടൻ ഒന്നല്ലായിരുന്നു. നാലുപേരായിരുന്നു. ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ, രാജൻ കാക്കനാടൻ ഇവരും കൂടി ചേരുമ്പോഴേ ജോർജ് വർഗീസെന്ന സാക്ഷാൽ കാക്കനാടന്റെ കഥകളും കഥയിതരകഥകളും പൂർണമാകുകയുള്ളൂ. ഇവരാരും ഇന്ന് നമ്മോടൊപ്പമില്ല. പക്ഷേ ഇവരുമായി ഒട്ടനവധി സ്നേഹബന്ധങ്ങൾ പുലർത്തിയിരുന്ന പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളുണ്ട് ഇപ്പോഴും. അങ്ങനെയുള്ളവരിലൊരാളുടെ ഓർമ്മകളിലെ ആദ്യ അദ്ധ്യായമാണ് (കാക്കനാടന്റെ കൂടെ ഓർമ്മ പുസ്തകം)ഇവിടെ കുറിക്കുന്നത്.
എൻ.എൻ.പിള്ള എന്ന നാടകാചാര്യന്റെ കോട്ടയത്തെ ഒളശയിലെ 'ഡയണീഷ്യ' എന്ന വീട്ടിൽവച്ചാണ് ഞാൻ കാക്കനാടൻ എന്ന കഥാകൃത്തിനെ ക ടുമുട്ടുന്നത്. 'എൻ.എൻ.പിള്ള – ദ ഡ്രാമാർട്ടിസ്റ്റ് ' എന്ന എന്റെ ഡോക്യുമെന്ററി 1988 ലാണ് പുറത്തിറങ്ങുന്നത്. തൊട്ടടുത്ത വർഷം ഒരു രാത്രിയിൽ പത്തുമണിയോടടുത്ത സമയം. ആചാര്യനും ഞാനും പഠനമുറിയിലിരുന്ന് 'മെക്കന്നാസ് ഗോൾഡ് ' എന്ന ഗ്രിഗറി പെക്കിന്റെയും ഒമർ ഷെരീഫിന്റെയും വിഖ്യാത ഹോളിവുഡ് സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ 'കൊല്ലത്തു നിന്ന് ഒരു കാക്കനാടനാണേ' എന്നൊരു അശരീരിയും ഗോവണിപ്പടികളിലൂടെ ഒന്നുരണ്ടുപേർ നടന്നടുക്കുന്ന ശബ്ദവും കേട്ടു. ഞാൻ എഴുന്നേറ്റ്
നോക്കിയപ്പോൾ ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന വെളുത്ത് ചുവന്ന മുഖമുള്ള അല്പം നീണ്ടുനരച്ച തലമുടിയുള്ള മുണ്ടും ഷർട്ടും ധരിച്ച് തോളിൽ ഒരു ടവലും ഇട്ടിരുന്ന ഒരാൾ വാതിലിനടുത്തെത്തിക്കഴിഞ്ഞിരുന്നു. പിറകെ രണ്ടു ചെറുപ്പക്കാരും. ചാരുകസേരയിലിരിക്കുന്ന എൻ.എൻ.പിള്ള എഴുന്നേറ്റ് 'ഈ രാത്രിയിലെന്താ ഇങ്ങനെയൊരു വരവ് 'എന്ന ചോദ്യഭാവത്തോടെ കഥാകാരനെ ആദരവോടെ കസേരയിൽ പിടിച്ചിരുത്തി. ഒരു കാമറയുടെ കണ്ണുപോലെ ഒരു മൂലയിൽ നിന്ന് ഇതെല്ലാം ഞാൻ ഒപ്പിയെടുത്തു. ആ കാലത്ത് നാടകത്തിലെ അഭിനയം പാടേ നിർത്തിയിരുന്ന എൻ.എൻ.പിള്ള 'ജാലകം' എന്ന പേരിലുള്ള ദ്വൈവാരികയുടെ പത്രാധിപസ്ഥാനം സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഏറ്റെടുത്തിരുന്നു. ജാലകത്തിന് കഥകളും ലേഖനങ്ങളും ആവശ്യപ്പെട്ട് എൻ.എൻ.പിള്ള കേരളത്തിലെ പ്രശസ്തരായ പല എഴുത്തുകാർക്കും തന്റെ കൈപ്പടയിൽതന്നെ കത്തുകളയച്ചിരുന്നു. ഈ കത്ത് കിട്ടിയതനുസരിച്ച് കാക്കനാടൻ കഥയുമായി നേരിട്ട് പത്രാധിപരെ കാണാനെത്തിയതാണ്. കാക്കനാടൻ സംസാരിച്ചു തുടങ്ങി.
'ക്ഷമിക്കണം പിള്ളച്ചേട്ടാ. അങ്ങയുടെ കത്ത് കിട്ടിയ ഉടൻ നേരത്തേ മനസിലുണ്ടായിരുന്ന ഒരു കഥ എഴുതികഴിഞ്ഞപ്പോൾ ഒരു തോന്നൽ. എൻ.എൻ.പിള്ള എന്ന പത്രാധിപരുടെ കൈയിൽ കൊണ്ടുകൊടുക്കേണ്ടതല്ലയോ അതിന്റെ മര്യാദ എന്ന് .അങ്ങനെ ഇന്ന് രാവിലെ ഇറങ്ങിയതാണ് കോട്ടയത്തേക്ക്. പക്ഷേ വരുന്ന വഴിയിൽ സുഹൃത്തുക്കൾ പലരേയും കണ്ട് വഴിയിൽ തട്ടിത്തട്ടി ഇവിടെയെത്തിയപ്പോൾ രാത്രിയായി. പിള്ളച്ചേട്ടൻ ക്ഷമിക്കുമെന്നറിയാവുന്നതുകൊണ്ട് നേരെയിങ്ങ് വിട്ടു. എൻ.എൻ.പിള്ളയ്ക്ക് രാത്രിയും പകലുമെന്ന വ്യത്യാസമുണ്ടോടാ ശിവദാസേ...എന്ന് പറഞ്ഞ് ഞങ്ങളിവിടെയെത്തി.'
അറിയപ്പെടുന്ന പത്രപ്രവർത്തകനായ വി.എ. ശിവദാസ് ഡയണീഷ്യയിൽ പലപ്പോഴും വന്നിട്ടുള്ള ആളാണ്.
'ഞാൻ ആദ്യമായിട്ടാണ് ഒരു പത്രാധിപർക്ക് എന്റെ കഥ നേരിട്ട് കൊണ്ടുവന്നു കൊടുക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു അസുലഭ സന്ദർഭമാണ് ' ഇത് പറയുമ്പോൾ കഥാകാരൻ എൻ.എൻ.പിള്ളയെന്ന ജീനിയസായ നാടകകൃത്തിനോടുള്ള അനിർവചനീയമായ ബഹുമാനം ഞാൻ കണ്ടറിയുകയായിരുന്നു. ഇതിനിടയിൽ തന്നെ എന്നെയും പിള്ളസാർ കാക്കനാടന് പരിചയപ്പെടുത്തുന്നു.
'ഇവൻ കൊല്ലം കാരനാ. നെട്ടറ ബിജു... പരവൂർ' ബാക്കി പരിചയപ്പെടുത്തലുകൾ ഞാൻ നേരിട്ടു നടത്തി. ഉടൻ തന്നെ കാക്കനാടൻ എന്നെ ചേർത്തുപിടിച്ചു. രണ്ടുകൈകളും കൊണ്ട്. പിന്നീട് മരണത്തിന് മാത്രമേ ആ കൈ വിടുവിക്കാൻ കഴിഞ്ഞുള്ളൂ. അത്രയേറെ ബലവും കരുതലുമുണ്ടായിരുന്നു കാക്കനാടന്റെ സ്നേഹത്തിന്. എന്നെപ്പോലെ ഒരുപാടാളുകൾക്ക് കാക്കനാടന്റെ ഈ സ്നേഹം നുകരാൻ കഴിഞ്ഞിട്ടുണ്ട് എന്നതും സത്യമാണ്. എൻ.എൻ.പിള്ളയുടെ സ്വന്തം ആളെന്ന നിലയിൽ ആണ് പിന്നീട് പ്രശസ്തരായ പലരെയും ബേബിച്ചായൻ അഭിമാനപൂർവം എന്നെ പരിചയപ്പെടുത്തിയിരുന്നത്.
ആചാര്യൻ ഇതിനകം കൂടുതൽ ഉഷാറോടെ ' കുട്ടാ...' എന്ന് നീട്ടിയ ഒരു
വിളി വിളിച്ചു. അടുത്ത മുറിയിൽ നിന്ന് കുട്ടൻ ചേട്ടൻ (മകൻ വിജയരാഘവൻ) ഉടനെയെത്തി. ആ കാലങ്ങളിൽ ചലച്ചിത്രരംഗത്ത് ഒരു നടനായി ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിരുന്നു വിജയരാഘവൻ. കുട്ടനോട് പിള്ളേച്ചൻ ഒരു ചോദ്യം.
'ഓമനയെന്തിയേ? '
കുട്ടൻ: താഴെയുണ്ട്.
പിള്ള: ഇവർക്കെല്ലാം കഴിക്കാനുള്ളത് എന്താണെന്ന് വച്ചാൽ റെഡിയാക്കാൻ പറ. പിന്നെല്ലാം പെട്ടെന്നായിരുന്നു. ആ രാത്രിയിൽ എൻ.എൻ.പിള്ളയുടെ ഡയണീഷ്യയിൽ അവിചാരിതമായി കടന്നുവന്ന പ്രിയപ്പെട്ട എഴുത്തുകാരന് ഒരു വലിയ സത്ക്കാരം തന്നെ നടത്തി. എൻ.എൻ പിള്ളയും അവരോടൊപ്പം അലിഞ്ഞുചേർന്നു. സമകാലീന നോവലും നാടകവും അത്യന്താധുനിക കവിതകളും ഒക്കെ അവരുടെ വിഷയങ്ങളായി വർത്തമാനം തകർത്തു. ഏറെ കഴിഞ്ഞ് താഴത്തെ ഡൈനിംഗ് ടേബിളിലിരുന്ന് ഭക്ഷണവും കഴിച്ചു. ഇറങ്ങുമ്പോൾ അർദ്ധരാത്രി കഴിഞ്ഞു. കാക്കനാടനെയും കൂട്ടുകാരെയും യാത്രയാക്കുവാൻ പിള്ളസാറും കുടുംബാംഗങ്ങളും മുറ്റത്തേക്കിറങ്ങിവന്നു. അപ്പോൾ എൻ.എൻ. പിള്ള എന്ന പത്രാധിപർ ഒരു കവർ (കഥയുടെ പ്രതിഫലം) കാക്കനാടന് നൽകുന്നു. വളരെ നിർബന്ധപൂർവമായ സ്നേഹത്തിന് വഴങ്ങിയാണ് ബേബിച്ചായൻ ആ കവർ സ്വീകരിച്ചത്. ഗേറ്റിനരികിലെത്തിയ എന്നെ കൊല്ലത്തെ വീട്ടിലേക്ക് ക്ഷണിക്കാനും കാക്കനാടൻ മറന്നില്ല. രാത്രിയുടെ ആ നിശബ്ദതയിൽ ടാക്സി കാർ മുരണ്ടു. കാറിന്റെ മുൻസീറ്റിൽ കയറിപ്പറ്റിയ കാക്കനാടൻ ഞങ്ങൾക്ക് നേരെ കൈവീശി. ഞാനും കൈ ഉയർത്തിവീശി.
കൂട്ടുചേരലുകളിൽ സ്വയം മറന്ന് സന്തോഷിച്ചിരുന്നതുപോലെ പ്രിയപ്പെട്ടവരുടെ അകാലത്തിലുള്ള വിട്ടുപിരിയലുകൾ ബേബിച്ചായനെ ഏറെ ദുഃഖിപ്പിച്ചിരുന്നു. കാക്കനാടൻ എന്ന എഴുത്തുകാരനെ ഭയാനകമായി നിശബ്ദനാക്കുന്ന വേളകളായിരുന്നു അതെല്ലാം. ഒരുപക്ഷേ അദ്ദേഹത്തിന്റെ തുടർച്ചയായ രചനകളെപ്പോലും ബാധിച്ചിരുന്നു ഈ മരണങ്ങൾ.
'അത്രമേൽ ഇഷ്ടപ്പെടുന്ന ഓരോ വ്യക്തിയും പോകുമ്പോൾ ബേബിച്ചായന്റെ മൗനത്തിൽ മുങ്ങിയ ദുഃഖം ഞാനാണ് ഏറ്റവുമധികം അറിഞ്ഞത്. സഹോദരൻ രാജൻ, വയലാർ, എസ്.കെ. നായർ, രാമുകാര്യാട്ട്, പത്മരാജൻ, നരേന്ദ്രപ്രസാദ്, ജോൺ അബ്രഹാം, വിജയൻ കാരോട്ട്, വൈക്കം ചന്ദ്രശേഖരൻ നായർ, കടമ്മനിട്ട. നടന്മാരായ സുകുമാരൻ, സോമൻ,മുരളി. കൊല്ലത്തെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്ന തങ്കശ്ശേരിരാജു, ജസ്റ്റിൻ, വെണ്ടർ ഗോപൻ പ്രശസ്തരും അപ്രശസ്തരുമായ എത്രയെത്ര ആളുകൾ...' ബേബിച്ചായനെന്ന സ്നേഹത്തിന്റെ വലിയ വടവൃക്ഷത്തണലിൽ മങ്ങാത്ത ഓർമ്മകളുടെ ഇളംങ്കാറ്റ് എന്നെ വന്ന് തഴുകുന്നു. ഓർമ്മ ഒരു പുഴയാണ്. എന്നും ഒഴുകിക്കൊണ്ടേയിരിക്കേണ്ട പുഴ. ഒരിക്കലും വറ്രാത്ത പുഴ (എന്റെ ബേബിച്ചായൻ, അമ്മിണികാക്കനാടൻ അമ്മിണി അമ്മാമ്മ കഴിഞ്ഞ വർഷം അന്തരിച്ചു. )
വലിയൊരു കടപ്പാട് കൂടി പറയാതെ ഈ കുറിപ്പ് പൂർത്തിയാക്കാനാവില്ല. 2009 ൽ ഞാൻ തയ്യാറാക്കിയ 'കാക്കനാടൻ നമ്മുടെ ബേബിച്ചായൻ' എന്ന ഡോക്യുമെന്ററിക്ക് (ഏഷ്യാനെറ്റ് – 2011 നിർമ്മാണം – പി.എ. സമദ്) വേണ്ടി ശാരീരകമായി വളരെ അവശത അനുഭവിച്ചിരുന്ന സന്ദർഭത്തിൽ കാക്കനാടൻ കാട്ടിയ സഹകരണമാണ്. ബേബിച്ചായൻ കുട്ടിക്കാലത്ത് സഞ്ചരിച്ച നാട്ടുവഴികൾ, വിശാലമായ അഷ്ടമുടിക്കായലിന്റെ ഓരങ്ങൾ, കായലിലേക്ക് ചാഞ്ഞുനിൽക്കുന്ന പൂമരങ്ങൾ, താൻ താമസിച്ചിരുന്ന കായൽക്കരയിലെ വാടക വീടുകൾ ഇവിടെയൊക്കെ കാക്കനാടൻ ഞങ്ങളുടെ കാമറയ്ക്ക് വേണ്ടി കടന്നുവന്നു. നിഴലും നിലാവും ഇടകലർന്ന കായലോരത്തിന്റെ മാസ്മരിക ദൃശ്യങ്ങൾക്കിടയിലൂടെ ദാർശനികനും ചിന്തകനും ജീവിതത്തിനോട് ചിലപ്പോഴൊക്കെ ധിക്കാരിയും ഉദാസീനനുമായി മാറുന്ന അതേ സമയം പ്രണയാതുരനും സ്നേഹവാനും ഒക്കെയായി പരിണമിക്കുന്ന ആ വ്യക്തിത്വത്തിന്റെ ഭിന്നഭാവങ്ങൾ അങ്ങനെയാണ് ഞങ്ങളുടെ കാമറയ്ക്ക് ലഭ്യമായത്. കൊല്ലം നഗരത്തിലെ ജനങ്ങളോട്, അഷ്ടമുടിക്കായലിനോട്. അറബിക്കടലിന്റെ അപാരതയോട്,
തങ്കശേരി വിളക്കുമാടത്തോട്, കുഞ്ഞമ്മപ്പാലത്തിന്റെ അടിയിലെ രഹസ്യങ്ങളോട്, ആകാശത്തിൽ പാറിക്കളിക്കുന്ന പട്ടങ്ങളോട് എല്ലാം സംവദിക്കുന്ന കാക്കനാടൻ എന്ന നമ്മുടെയൊക്കെ ബേബിച്ചായന്റെ ഓർമ്മകൾ മരിക്കില്ല.
(നടനും ഡോക്യുമെന്ററി സംവിധായകനുമായ ലേഖകന്റെ ഫോൺ: 9895252542)