നമ്മുടെ ശരീരം നമ്മുടെ ഉടമസ്ഥതയിലാണ്. അതിന്റെ ഉടമയും അടിമയും നാം തന്നെ. രാജേന്ദ്രന്റെ നിരീക്ഷണം രസകരമായി തോന്നി. നേടിയ വിദ്യാഭ്യാസത്തേക്കാൾ എത്രയോ ഇരട്ടി അറിവും ബോധവും റേഷൻ വ്യാപാരിയായ രാജേന്ദ്രന്റെ വാക്കുകളിലും ചെയ്തികളിലും കാണാം. റേഷൻ കടയിൽ തിരക്കൊഴിയുമ്പോൾ ഇത്തരം നിരീക്ഷണങ്ങൾ തട്ടി വിടാറുണ്ട്. സ്വന്തം ഉടമസ്ഥതയിലുള്ള ശരീരത്തിൽ ഏതെങ്കിലും ഒരു ഭാഗത്തേയ്ക്ക് ഉടമയ്ക്കു തന്നെ പ്രത്യേക മമതയും ശ്രദ്ധയും വന്നെന്നിരിക്കും. ചിലർന്ന് സ്വന്തം കണ്ണുകൾ, മൂക്ക്, താടി, മീശ എന്നിങ്ങനെ പോകാം. ഇവയ്ക്ക് അവർ അറിഞ്ഞോ അറിയാതെയോ പ്രത്യേക പരിഗണന കൊടുക്കാറുണ്ട്. അത് മറ്റുള്ളവർക്ക് എളുപ്പം മനസിലാകുകയും ചെയ്യും. റേഷൻ പഞ്ചസാര തൂക്കി നോക്കുന്നതിനിടയിലാണ് രാജേന്ദ്രൻ രമണിയുടെ ദയനീയ സ്ഥിതി സൂചിപ്പിച്ചത്. നാട്ടിൻപുറത്തെ അഴകുള്ള യുവതി. സ്വന്തം മാറിടങ്ങളോട് പ്രത്യേക പരിഗണനയും ശ്രദ്ധയും അവൾക്കുണ്ട്. മറ്റുള്ളവരെല്ലാം അതു പുരുഷനായാലും സ്ത്രീയായാലും തന്റെ മാറിൽ ശ്രദ്ധിക്കുമെന്ന് രമണി ധരിച്ചിരുന്നു. സ്ത്രീസൗന്ദര്യത്തിന്റെ വലിയൊരു അളവുകോൽ അതാണെന്നും പലരോടും പറഞ്ഞിട്ടുണ്ട്. പുരാണങ്ങളിലെ സ്ത്രീ സൗന്ദര്യവും കവിഭാവനയും അതേപ്പറ്റിയാണെന്നും വിശ്വസിച്ചു. അതു കുറഞ്ഞ സ്ത്രീകൾക്ക് തന്നോട് വലിയ അസൂയയാണെന്നും കരുതിയിരുന്നു. ആ സൗന്ദര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും രമണി പോകും. ഇറുകിയ വസ്ത്രങ്ങളോട് കൂടുതൽ ഇഷ്ടം വന്നത് അങ്ങനെയാണെന്നും ചില യുവാക്കൾ അടക്കം പറയുമായിരുന്നു. വിവാഹം കഴിഞ്ഞിട്ടും അമ്മയായിട്ടും രമണി ഈ സൗന്ദര്യ പരിപാലനത്തിൽ ഒട്ടും വിട്ടുവീഴ്ച കാട്ടിയിരുന്നില്ല. ഭർത്താവിനും അക്കാര്യത്തിൽ ചില പരിധികൾ കൽപ്പിച്ചിരുന്നുവെന്ന് നാട്ടിൻപുറത്തെ അസൂയാലുക്കൾ പ്രചരിപ്പിച്ചിരുന്നു. ഏതിനോടാണോ മനുഷ്യൻ അമിതമായ പ്രതിപത്തി കാട്ടുന്നത് അതിൽത്തന്നെ പ്രകൃതി പിടി കൂടുമെന്ന രാജേന്ദ്രന്റെ വാക്കുകൾക്ക് വല്ലാത്ത ഗൗരവം തോന്നി. സദാതലമുടിയുടെ കാന്തിയിൽ അഭിരമിക്കുന്നവർക്ക് തലമുണ്ഡനം ചെയ്യപ്പെടുന്ന അവസ്ഥ, ഊണിലും ഉറക്കത്തിലും ധനസമ്പാദനത്തിന്റെ കുറുക്കു വഴികൾ മാത്രം ചിന്തിക്കുന്നവർ വലിച്ചുവാരിക്കൂട്ടുന്നതൊക്കെ ഓർക്കാപ്പുറത്ത് ഒലിച്ചു പോകുന്ന അവസ്ഥ. ഏതു വളഞ്ഞ മാർഗത്തിലൂടെയും പേരും പെരുമയും നേടാൻ ശ്രമിക്കുന്നവരെ ദുഷ് കീർത്തി കാത്തിരിക്കുന്നതിന് രാജേന്ദ്രൻ ചില ഉദാഹരണങ്ങളും നിരത്തി. പഞ്ചസാര തൂക്കി നൽകിയശേഷം മറ്റൊരാൾക്ക് മണ്ണെണ്ണ നൽകുന്നതിലായി രാജേന്ദ്രന്റെ ശ്രദ്ധ. മണ്ണെണ്ണയുടെ രൂക്ഷമായ ഗന്ധം അവിടെങ്ങും പരന്നു. രമണിക്ക് പിന്നെന്തുപറ്റി ഒരാൾ ആകാംക്ഷയോടെ ചോദിച്ചു. രണ്ടാഴ്ച മുമ്പായിരുന്നു ആ സംഭവം. കാൻസറിന്റെ ക്രൂരനഖങ്ങൾ. ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ശൂന്യമായ മാറിടത്തെ നോക്കി രജനി കരഞ്ഞത്രെ. വളരെ നിസാരമട്ടിൽ വലിയ ഭാവഭേദമില്ലാതെ രാജേന്ദ്രൻ പറഞ്ഞു. പഞ്ചസാരയുടെ മധുരവും മണ്ണെണ്ണയുടെ രൂക്ഷഗന്ധവും ആ വാക്കുകളിലുണ്ടായിരുന്നു. മനുഷ്യജീവിതം ഇതിനപ്പുറമെന്താണ്. രാജേന്ദ്രന്റെ കൈ തട്ടി കടയിലെ തുലാസ് ഇളകി. അതു നേരെയാക്കാൻ അൽപ്പസമയം വേണ്ടി വന്നു. (ലേഖകന്റെ ഫോൺ : 9946108220)