സമീറ സനീഷ് സിനിമാതാരങ്ങളുടെ മാത്രം കോസ്റ്റ്യൂം ഡിസൈനറല്ല, മലയാളി പ്രേക്ഷകരുടേത് കൂടിയാണ്. കഥാപാത്രങ്ങൾക്ക് വേണ്ടി സമീറ അണിയിച്ചൊരുക്കുന്ന വസ്ത്രങ്ങൾക്കെല്ലാം ആരാധകരും ആവശ്യക്കാരും ഏറെയാണ്. ഓരോ സിനിമ കഴിയുമ്പോഴും പ്രേക്ഷകർക്കിടയിൽ ഒരു വസ്ത്രതരംഗം സൃഷ്ടിക്കാൻ സമീറയ്ക്ക് കഴിയുന്നതും അതുകൊണ്ട് തന്നെ. ചെറുപ്പം മുതലേ നിറങ്ങളോടുള്ള ഇഷ്ടമാണ് സമീറയെ വസ്ത്രാലങ്കാര രംഗത്തേക്ക് എത്തിച്ചത്.
''കുട്ടിക്കാലത്ത് തരക്കേടില്ലാതെ വരയ്‌ക്കുമായിരുന്നു. അത് മനസിലാക്കി എന്നെ പ്രോത്സാഹിപ്പിച്ചത് ഉമ്മയാണ്. ഉമ്മച്ചിയില്ലെങ്കിൽ ഞാൻ ഇന്ന് കാണുന്ന സമീറ സനീഷ് ആവില്ല. ചേച്ചിക്ക് കുഞ്ഞുണ്ടായപ്പോഴാണ് ആദ്യമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തുതുടങ്ങിയത്. നിറങ്ങളോട് വല്ലാത്ത ഒരു പ്രണയമുണ്ട്. സ്റ്റിച്ചിംഗും നേരത്തേ അറിയാമായിരുന്നത് കൊണ്ട് ഫാഷൻ ഡിസൈനിംഗ് പഠിക്കുന്ന സമയത്ത് ക്ലാസൊക്കെ വളരെ എളുപ്പമായിരുന്നു. കൊച്ചിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിലാണ് പഠിച്ചത്.''
സിനിമ വന്നു വിളിച്ചപ്പോൾ
പരസ്യ ചിത്രങ്ങളിലാണ് ആദ്യമായി വസ്ത്രാലങ്കാരം ചെയ്തു തുടങ്ങിയത്. ആഷിക് അബു ആദ്യമായി സംവിധാനം ചെയ്ത 'ഡാഡീകൂളാ' ണ് കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ എന്റെയും അരങ്ങേറ്റ ചിത്രം. ആഷിക് വിളിച്ചപ്പോൾ വേണമോ വേണ്ടയോ എന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം പരസ്യചിത്രരംഗത്ത് അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. അത് പൂർണമായി ഒഴിവാക്കി സിനിമ പോലെ ഒരുപാട് ദിവസങ്ങൾ ജോലിയുള്ള ഒരു മേഖലയിലേക്ക് വരുമ്പോൾ എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു. ഇപ്പോൾ പതിനൊന്ന് വർഷം കഴിഞ്ഞു. 150 ഓളം ചിത്രങ്ങൾ ചെയ്തു. ഡിസൈനിംഗ് അത്ര എളുപ്പമല്ല നാലോ അഞ്ചോ സിനിമകളുടെ ജോലികൾ ഇപ്പോൾ ഒരേ സമയം ചെയ്യാറുണ്ട്. പല സിനിമകളും ചിത്രീകരണം തുടങ്ങി കുറച്ചു ദിവസം കഴിയുമ്പോൾ ബ്രേക്ക് ചെയ്യും. പത്തു പതിനഞ്ചു ദിവസം കഴിഞ്ഞിട്ടായിരിക്കും പിന്നീട് ചിത്രീകരണം ആരംഭിക്കുന്നത്. നിലവിലെ സിനിമയുടെ ബ്രേക്ക് സമയങ്ങളിൽ മറ്റ് സിനിമകളുടെ വർക്കുകൾ വരാറുണ്ട്. ഒരേ സമയം ഒന്നിലധികം സിനിമകൾ ചെയ്യുന്നത് അല്പം ബുദ്ധിമുട്ടുള്ള പണിയാണ്. ഓരോ കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ സംവിധായകനുമായി ചർച്ച ചെയ്തതിന് ശേഷമാണ് ഡിസൈൻ ചെയ്യുന്നത്. അതിന് ശേഷം കൊച്ചിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നും വസ്ത്രങ്ങൾ ശേഖരിക്കും. പിന്നീട് തുന്നൽക്കാരെ വച്ച് താരങ്ങളുടെ അളവുകൾക്കു അനുസരിച്ചു തുന്നിയെടുക്കുന്നതാണ് പതിവ്. മലയാള സിനിമയിൽ ഇന്നുള്ള ഭൂരിഭാഗം താരങ്ങളുടെയും അളവുകൾ എന്റെ കൈവശമുണ്ട്
മമ്മൂക്ക ഫാഷൻ ഐക്കണല്ലേ
മമ്മൂക്കയുടെ സിനിമയയിലല്ലേ ആദ്യം വസ്ത്രാലങ്കാരം ചെയ്യുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് അതിനെ കാണുന്നത്. മമ്മൂക്കയോടൊപ്പം എട്ട് സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ കടുത്ത മമ്മൂക്ക ഫാനാണ്. ഡാഡീ കൂളിന്റെ സമയത്ത് വല്ലാത്ത എക്സ്സൈറ്റ്മെന്റായിരുന്നു. വർഷങ്ങളായി മലയാളികളുടെ ഫാഷൻ ഐക്കൺ ആണല്ലോ മമ്മൂക്ക. ഏതു ഡ്രസിട്ടാലും ആ ശരീരത്തിൽ ചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ കടുത്ത വെല്ലുവിളി നേരിടുന്നത്. എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാൽ ഒരു സമ്പന്നനായ വ്യക്തിയാണെന്നേ തോന്നൂ. അതുകൊണ്ടു തന്നെ അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി ഡിസൈൻ ചെയ്യുമ്പോൾ പരമാവധി ഡൾ ആക്കിയിട്ടാണ് കൊടുക്കാറ്. വളരെ സോഫ്ടായ മെറ്റീരിയലാണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടം.
പിന്നിൽ ഒരുപാട് പണിയുണ്ട്
സിനിമയുടെ കഥയെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും സംവിധായകനുമായി വിശദമായി ചർച്ച ചെയ്യും. പിന്നെ തിരക്കഥ വായിക്കും. കഥാപാത്രങ്ങളുടെ വീടും പരിസരവും നന്നായി റെഫർ ചെയ്തതിനു ശേഷമാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. അതിനു ശേഷം കാമറാമാനുമായി ചർച്ച ചെയ്യും. കാമറാമാൻ സിനിമയുടെ സ്വഭാവം അനുസരിച്ചു ഒരു കളർ സ്‌കീം ഉണ്ടാക്കിയിട്ടുണ്ടാവും. ആ കളർ പാറ്റേണിന് അനുസരിച്ചാണ് കഥാപാത്രത്തിന്റെ വസ്ത്രങ്ങൾക്ക് വേണ്ട നിറം ഏതാണെന്ന് തീരുമാനിക്കുക. നിരുപമയുടെ സാരി തേടിയലഞ്ഞവരുണ്ട് ശോഭന മാമിനൊപ്പം വർക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. തിര എന്ന ചിത്രത്തിലൂടെയാണ് അത് യാഥാർത്ഥ്യമായത്. സാരിയിൽ കാണാൻ ഏറ്റവും സുന്ദരിയായ നടിയാണ് ശോഭന മാം. സിനിമ തുടങ്ങുന്നതിന് മുൻപേ കോസ്റ്റ്യൂം ഇട്ടുനോക്കാനായി ചെന്നൈയിലെ ശോഭന മാമിന്റെ ഡാൻസ് സ്‌കൂളിൽ പോയിരുന്നു. അവിടത്തെ ഒരു കുഞ്ഞ് ടോയിലറ്റിൽ പോയി അപ്പോൾ തന്നെ ശോഭന മാം ഡ്രസ് മാറിയിട്ട് വന്നു. അതുപോലെ തന്നെ ഞാൻ ഒരുപാടു ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ ഹൗ ഓൾഡ് ആർ യുവിൽ വർക്ക് ചെയ്യാൻ കഴിഞ്ഞു. മഞ്ജു ചേച്ചി അവതരിപ്പിച്ച നിരുപമ രാജീവിന്റെ സാരി ഇപ്പോഴും ട്രെൻഡാണ്. സിനിമ ഇറങ്ങിയ സമയത്ത് ഒരുപാട് പേർ തുണിക്കടകളിൽ നിരുപമ രാജീവിന്റെ സാരി അന്വേഷിച്ചു ചെല്ലുമായിരുന്നു. തട്ടത്തിൻ മറയത്ത് ഇറങ്ങിയ സമയത്ത് ഇഷ തൽവാർ ധരിച്ച ചുരിദാർ ട്രെൻഡായിരുന്നു. ചാർളിയിൽ ദുൽഖർ ഉപയോഗിച്ച കുർത്തയും ഹിറ്റായി.
മനസിലുണ്ട് സ്വപ്നങ്ങൾ
സിനിമയൊക്കെ ചെയ്ത് ഇങ്ങനെ അങ്ങ് പോകാനാണ് ഇഷ്ടം. എനിക്ക് സ്വന്തമായി ഒരു ബുട്ടീക് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെയൊരു ഷോപ്പിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഞാൻ പൊതുവേ ഫാഷനബിളായി നടക്കുന്ന ആളല്ല. എന്നെ കാണുമ്പോൾ പലരും അത് ചോദിക്കാറുമുണ്ട്. സമീറ സനീഷ് എന്ന് കേട്ടപ്പോൾ ഇങ്ങനെ ഒരാളെയല്ല പ്രതീക്ഷിച്ചതെന്ന് ആദ്യമായി കണ്ടപ്പോൾ ദുൽഖർ പറയുകയുണ്ടായി. അവരുടെ പിന്തുണയാണ് സന്തോഷം. ഭർത്താവ് സനീഷ്.കെ.ജെ എൻജിനിയറാണ്. അമേരിക്കൻ ടവർ കമ്പനിയായ എ .ടി .സി യിൽ ജോലി ചെയ്യുന്നു. ഞങ്ങൾക്ക് രണ്ട് വയസുള്ള ഒരു മോനുണ്ട്. സനീഷിന്റെയും കുടുംബത്തിന്റെയും പിന്തുണയുള്ളതു കൊണ്ട് മാത്രമാണ് എനിക്ക് ഇപ്പോഴും സന്തോഷത്തോടെ ജോലി ചെയ്യാൻ കഴിയുന്നത്.