മുംബയ്: ജിയോയും ഫേസ്ബുക്കും ഓഹരി ഇടപാടിൽ ഒന്നിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന റെക്കാഡ് സ്വന്തമാക്കി. നേരത്തെ റെക്കാഡിന് ഉടമയായിരുന്ന ചൈനീസ് ശതകോടീശ്വരൻ ജാക് മായെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ സ്ഥാനത്ത് വീണ്ടും എത്തിയത്.
അതേസമയം ജിയോയിലെ 9.9 ശതമാനം ഓഹരി 5.7ബില്യൺ ഡോളറിനാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്. ഇതോടെ ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം അംബാനിയുടെ ആസ്തി 4.7 ബില്യൺ ഡോളറിൽനിന്നും ഉയർന്ന് 49.2 ബില്യൺ ഡോളറിൽ എത്തി 2014ൽ വാട്സ്ആപ്പ് വാങ്ങിയതിന് ശേഷം ഫേസ്ബുക്ക് നടത്തുന്ന ഏറ്റവും വലിയ ഇടപാട് ആണിത്. ഡിജിറ്റൽ ആപ്ലിക്കേഷനുകളും വയർലെസ് പ്ലാറ്റ്ഫോമും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ജിയോ പദ്ധതിയിടുന്നുവെന്നാണ് മുകേഷ് അംബാനി അറിയിച്ചത്.