trump

വാഷിംഗ്ടൺ: അമേരിക്കയിൽ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിക്കുന്നതിനിടെയും കൊവിഡ് മരണങ്ങൾ തുടരുന്നു. ഇന്നലെമാത്രം 2341 പേർ മരിച്ചു. ആകെ മരണം 50,000 ആയി. രോഗികൾ എട്ടരലക്ഷമായി. 20,000 പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ജോർജ്ജിയ, സൗത്ത് കരോലിന, ടെന്നസി എന്നീ സംസ്ഥാനങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോട സാമ്പത്തികരംഗം തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. .

ആന്തരികാവയവങ്ങളിൽ രക്തം കട്ടപിടിക്കുന്നു

അമേരിക്കയിൽ കൊവിഡ് രോഗികളുടെ ആന്തരികാവയവങ്ങളിൽ അസാധാരണമാം വിധം രക്തം കട്ടപിടിക്കുന്നതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്‌തു. വൃക്കയിലും ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടിയാകുന്നതായി ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി. ചെറിയ രോഗലക്ഷണമുള്ള ചെറുപ്പക്കാർക്ക് പോലും രക്തം കട്ടപിടിച്ച് മസ്‌തിഷ്‌കാഘാതം സംഭവിക്കുന്നതായും റിപ്പോർട്ടുണ്ട്. ഒരു ശ്വാസകോശ രോഗം എന്നതിനപ്പുറം കൊവിഡിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ പുതിയ ചികിത്സാ രീതി പരീക്ഷിച്ച് തുടങ്ങി. രോഗികൾക്ക് രക്തത്തിന്റെ കട്ടി കുറയാനുള്ള മരുന്നുകൾ നൽകി തുടങ്ങി. അതേസമയം, ചില രോഗികളിൽ രക്തത്തിന്റെ കട്ടി കുറയുന്നത് ആന്തരിക രക്തസ്രാവത്തിനു കാരണമാകുമെന്നത് വെല്ലുവിളിയാണ്.

 ന്യൂയോർക്ക് മൃഗശാലയിലെ 4 കടുവകൾക്കും മൂന്ന് സിംഹത്തിനും കൂടി കൊവിഡ്

വാഷിംഗ്ടൺ :ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്‌സ് (Bronx Zoo) മൃഗശാലയിൽ നാല് കടുവകൾക്കും മൂന്ന് സിംഹങ്ങൾക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മൃഗശാലാ അധികൃതർ അറിയിച്ചു. മാർച്ചിൽ നാല് വയസ് പ്രായമുള്ള നാദിയ എന്ന മലേഷ്യൻ പെൺ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൃഗശാല ജീവനക്കാരനിൽ നിന്നാണ് നാദിയയ്ക്ക് അസുഖം ബാധിച്ചത്. ഇതേ തുടർന്ന് ചെറിയ തോതിൽ ചുമ അടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മറ്റ് മൃഗങ്ങളെ നീരിക്ഷണത്തിലാക്കിയിരുന്നു. അനസ്‌തേഷ്യ നൽകി ഇവയുടെ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നീ ശരീര ഭാഗങ്ങളിൽ നിന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വൈറസ് ബാധിച്ച മൃഗങ്ങൾക്ക് ചികിത്സ ആരംഭിച്ചതായും ഇപ്പോൾ രോഗം കുറഞ്ഞതായും അധികൃതർ അറിയിച്ചു. എംപയർ സ്റ്റേറ്റ് ബിൽഡിംഗിലെ രണ്ട് വളർത്തുപൂച്ചകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 'മിക്ക സംസ്ഥാനങ്ങളും ഇനി തുറക്കാമെന്ന് പ്രതീക്ഷിക്കുന്നു. വൈറസിനാൽ രാജ്യം ആക്രമിക്കപ്പെട്ടു. 1917ലെ സ്പാനിഷ് ഫ്‌ളൂ കാലത്താണ് മുമ്പ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായത്. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. പെട്ടന്നൊരു ദിവസം ഇതെല്ലാം അടച്ചിടേണ്ടി വന്നു. ഇപ്പോഴിതാ നമ്മൾ എല്ലാം പുനരാരംഭിക്കാൻ പോകുന്നു. വീണ്ടും ശക്തരാവേണ്ടതുണ്ട്. അതിനായി പണം ചെലവഴിച്ചേ മതിയാവൂ.

- ഡൊണാൾഡ് ട്രംപ്

 കൊവിഡ് കുറേനാൾ ഭൂമിയിലുണ്ടാകും

കൊറോണ വൈറസ് ദീർഘനാൾ ഭൂമിയിലുണ്ടാകും. മിക്ക രാഷ്ട്രങ്ങളും ആദ്യ ഘട്ട പ്രതിരോധത്തിലേ എത്തിയിട്ടുള്ളൂ. വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളിൽ അത് വീണ്ടും തിരിച്ചുവന്നു. അതുകൊണ്ട് ഒരു പിഴവും വരുത്തരുത്. നമുക്ക് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. പശ്ചിമ യൂറോപ്പിൽ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. മദ്ധ്യ - തെക്കേ അമേരിക്കകളിലേയും ആഫ്രിക്കയിലെയും കിഴക്കൻ യൂറോപ്പിലെയും സ്ഥിതി ആശങ്കാജനകമാണ്.

-ടെഡ്രോസ് അദാനോം,

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ

 പാകിസ്ഥാനിൽ ഇളവുകൾ മഹാവിപത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സഹായ വാഗ്ദാനവുമായി അമേരിക്ക.

ജർമ്മനിയിലും ഡെൻമാർക്കിലും ആസ്ട്രിയയിലും വിയറ്റ്നാമിലും ലോക്ക്ഡൗണിൽ ഇളവുകൾ.

 ഗ്രീസിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച ഇറാൻ, അഫ്ഗാൻ സ്വദേശികളായ കുടിയേറ്റക്കാരെ പൊലീസ് വെടിവെച്ചു.

 ബ്രിട്ടനിൽ ശാരീരിക അകലം പാലിക്കൽ വർഷം മുഴുവൻ നീണ്ടേക്കും.

 ചൈനയിൽ 10 പേർക്ക് കൂടി കൊവിഡ്. ആകെ മരണം 4,632.