വാഷിംഗ്ടൺ :ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്‌സ് (Bronx Zoo) മൃഗശാലയിൽ നാല് കടുവകൾക്കും മൂന്ന് സിംഹങ്ങൾക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മൃഗശാലാ അധികൃതർ അറിയിച്ചു. മാർച്ചിൽ നാല് വയസ് പ്രായമുള്ള നാദിയ എന്ന മലേഷ്യൻ പെൺ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൃഗശാല ജീവനക്കാരനിൽ നിന്നാണ് നാദിയയ്ക്ക് അസുഖം ബാധിച്ചത്.

ഇതേ തുടർന്ന് ചെറിയ തോതിൽ ചുമ അടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മറ്റ് മൃഗങ്ങളെ നീരിക്ഷണത്തിലാക്കിയിരുന്നു. അനസ്‌തേഷ്യ നൽകി ഇവയുടെ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നീ ശരീര ഭാഗങ്ങളിൽ നിന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

വൈറസ് ബാധിച്ച മൃഗങ്ങൾക്ക് ചികിത്സ ആരംഭിച്ചതായും ഇപ്പോൾ രോഗം കുറഞ്ഞതായും അധികൃതർ അറിയിച്ചു. എംപയർ സ്റ്റേറ്റ് ബിൽഡിംഗിലെ രണ്ട് വളർത്തുപൂച്ചകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.