ന്യൂഡൽഹി: കൊവിഡിനെ തോൽപ്പിച്ച പോരാട്ടത്തിൽ കൂട്ടിനുണ്ടായത് 'പ്രാണായാമം" എന്ന യോഗാഭ്യാസമാണെന്ന് വൈറസ് ബാധ അതിജീവിച്ച ആദ്യ ഡൽഹിക്കാരൻ പറയുന്നു.
ഡൽഹിയിൽ ആദ്യത്തെ കൊവിഡ് രോഗിയാണ് രോഹിത് ദത്ത. യൂറോപ്പിൽ നിന്ന് ഫെബ്രുവരി 24ന് ഡൽഹിയിൽ തിരിച്ചെത്തിയ രോഹിത് ദത്തയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷം പനി അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
' കൊവിഡ് വൈറസ് പോസിറ്റീവാണെങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ല. ശുഭാപ്തി വിശ്വാസത്തോടെ, സർക്കാരിനെയും ഡോക്ടർമാരെയും മരുന്നിനെയും വിശ്വസിച്ച് ശക്തനായിരിക്കുകയാണ് വേണ്ടത്. രോഗത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന മാനസിക പ്രശ്നങ്ങളുടെ തോത് കുറയ്ക്കാൻ പ്രാണായാമം സഹായിച്ചു. രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് നിരാശാജനകമാണ്.' - രോഹിത് ദത്ത പറഞ്ഞു.