data

കൊച്ചി: ലോക്ക്ഡൗണിൽ കടുത്ത പ്രതിസന്ധിയിലകപ്പെട്ട് സംസ്ഥാനത്തെ ഗൃഹോപകരണ വ്യാപാരമേഖല. 2,000ലേറെ വ്യാപാരികൾ, തൊഴിലാളികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ നേരിട്ടും ഒരുലക്ഷത്തിലേറെ പേർ പരോക്ഷമായും ആശ്രയിക്കുന്ന മേഖലയാണിത്. സർക്കാരിലേക്ക് ഏറ്റവുമധികം നികുതി നൽകുന്ന മേഖലകളിലൊന്ന് കൂടിയായ ഗൃഹോപകരണ രംഗം നോട്ട് അസാധുവാക്കൽ, പ്രളയം, ഓൺലൈൻ മത്സരം എന്നിവമൂലം പ്രതിസന്ധിയിൽ നിൽക്കേയാണ് വ്യാപാരികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കി കൊവിഡ് എത്തിയത്.

ഒരു വരുമാനവുമില്ലാതെ വാടക, ബാങ്ക് വായ്‌പാ പലിശ, തൊഴിലാളികളുടെ വേതനം, മറ്റു ചെലവുകൾ എന്നിവ വഹിക്കേണ്ട ബാദ്ധ്യതയിലാണ് വ്യാപാരികൾ. ഈ സാഹചര്യത്തിൽ വ്യാപാരികളുടെ വായ്‌പകൾക്ക് ഒരു വർഷത്തേക്ക് പലിശരഹിത മോറട്ടോറിയം ഏർപ്പെടുത്തണമെന്ന് ഡീലേഴ്‌സ് അസോസിയേഷൻ ഒഫ് ടിവി ആൻഡ് അപ്ളയൻസസ് - കേരള (ഡേറ്റ) സംസ്ഥാന പ്രസിഡന്റ് എസ്. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

പ്രവർത്തന മൂലധനത്തിനായി കുറഞ്ഞ പലിശയ്ക്ക് ഹ്രസ്വകാല വായ്‌പ, മുദ്ര വായ്‌പ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള ചെറുകിട വ്യാപാരികൾക്ക് രക്ഷാപാക്കേജ്, ജീവനക്കാർക്ക് വേതനം നൽകാൻ പ്രത്യേക പാക്കേജ്, വാടക ചുരുങ്ങിയത് ആറുമാസത്തേക്ക് മരവിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ലോക്ക്ഡൗണിൽ ഞായറാഴ്‌ച മാത്രമെന്നത് ഒഴിവാക്കി, ആഴ്‌ചയിൽ മൂന്നുദിവസം കടകൾ തുറക്കാൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എസ്. പ്രമോദ്, ട്രഷറർ ബി. ഹരിലാൽ, വൈസ് പ്രസിഡന്റ് കെ.ടി. ഷാജി, ജോയിന്റ് സെക്രട്ടറി ഷാജി ചാലിശേരി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.