തിരുവനന്തപുരം:വഴുതക്കാട് പൊലീസ് ഹെഡ്ക്വാർട്ടേസിനു പിന്നിലുള്ള പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ അജ്ഞാതന്റെ ശല്യമെന്ന് പരാതി. വീടുകളുടെ ജനാലകളിലും വാതിലുകളിലും മുട്ടുക,കല്ലെറിയുക,ഭക്ഷണാവശിഷ്ടങ്ങൾ വെന്റിലേഷനുകൾ വഴി ഇടുക, തുടങ്ങിയവയാണ് സ്ഥിരം പരിപാടികൾ. വഴുതക്കാട് ഉദാരശിരോമണി റോഡ്,പാലോട്ടുകോണം റോഡ്,നാഗരുകാവ് ക്ഷേത്രറോഡ്,വഴുതക്കാട് മോഹൻ റോഡ് എന്നീ മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇയാളുടെ ശല്യം തുടരുകയാണ്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റിടുമ്പോഴേക്കും ഇയാൾ ഓടി മറയും. ഉയരമുള്ള മദ്ധ്യവയസ്‌കന്റെ രൂപമാണെന്നാണ് വിലയിരുത്തൽ.സി.സിടി.വിയുള്ള സ്ഥലങ്ങൾ ഒഴിവാക്കിയാണ് ഇയാളുടെ സഞ്ചാരം.കഴിഞ്ഞ ദിവസം രാത്രി നാഗരുകാവിന് സമീപത്തെ ഒരു വീടിന് നേരെ രണ്ടു തവണ അക്രമമുണ്ടായി.ഈ പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യവും ശക്തമാണ്.