gambhir

ന്യൂഡൽഹി : താൻ കണ്ട ഇന്ത്യൻ ക്യാപ്ടൻമാരിൽ ഏറ്റവും മികച്ചത് അനിൽ കുംബ്ളെയാണെന്ന് മുൻ ക്രിക്കറ്ററും എം.പിയുമായ ഗൗതം ഗംഭീർ. സൗരവ് ഗാംഗുലിയും ധോണിയും മികച്ചവർ തന്നെയെങ്കിലും കുംബ്ളെയ്ക്ക് കുറച്ചുകാലം കൂടി ക്യാപ്ടനായിരിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ പല റെക്കാഡുകളും അദ്ദേഹത്തിന്റെ പേരിലായേനെ എന്നും ഗംഭീർ പറഞ്ഞു. 2007ലാണ് ദ്രാവിഡിൽ നിന്ന് കുംബ്ളെ ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻസി ഏറ്റെടുത്തത്.14 ടെസ്റ്റിൽ നയിച്ച കുംബ്ളെയ്ക്ക് കീഴിൽ മൂന്ന് വിജയങ്ങൾ നേടിയ ഇന്ത്യ ആറെണ്ണം തോൽക്കുകയും അഞ്ചെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തു. ആറ് ടെസ്റ്റുകളിലാണ് ഗംഭീർ കുംബ്ളെയ്ക്ക് കീഴിൽ കളിച്ചത്. ധോണിയുടെ കീഴിൽ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ ഗംഭീർ പക്ഷേ പലപ്പോഴും ധോണിയുമായി അത്ര രസത്തിലായിരുന്നില്ല. ഇൗ മാസം 2011ലോകകപ്പിന്റെ വാർഷികദിനത്തിൽ ഐ.സി.സി ധോണിയുടെ ഫൈനലിലെ ഹെലിക്കോപ്റ്റർ ഷോട്ടിനെ വാഴ്ത്തിയപ്പോൾ ലോകകപ്പ് ഒാർമ്മ ഒറ്റഷോട്ടിൽ ഒതുക്കാനാവില്ലെന്ന മറുപടിയുമായി ഗംഭീർ എത്തിയിരുന്നു. ശ്രീ ലങ്കയ്ക്കെതിരായ ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ ടോപ് സ്കോറർ ഗംഭീറായിരുന്നു.