മുംബയ്: മാദ്ധ്യമ പ്രവർത്തകനും റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്ററുമായ അർണാബ് ​ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചാനൽ സ്റ്റുഡിയോയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ അക്രമികൾ ഇവരുടെ കാറിന് നേർക്ക് കരി ഓയിൽ ഒഴിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നിൽ കോൺ​ഗ്രസ് ഗുണ്ടകളാണെന്നും അവർ കാറിന്റെ ചില്ല് തകർക്കാൻ ശ്രമിച്ചെന്നും അർണാബ് ആരോപിച്ചു. സംഭവത്തിന് പിന്നിൽ സോണിയ ​ഗാന്ധിയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം അവർക്കായിരിക്കുമെന്നും അർണാബ് പറഞ്ഞു.

പാൽഘറിൽ രണ്ട് സന്യാസിമാരെ ആളുകൾ കൊലപ്പെടുത്തിയ സംഭവത്തിൽ സോണിയ ​ഗാന്ധിയെ അർണാബ് വിമർശിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും നടത്തി. ഇത് കോൺ​ഗ്രസിനെയും സോണിയ ​ഗാന്ധിയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

 പോരടിച്ച് കോൺഗ്രസും ബി.ജെ.പിയും

അർണാബ് ഗോസ്വാമിക്കെതിരെ നടന്ന ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു.അടിയന്തരാവസ്ഥ കൊണ്ടുവന്ന പാർട്ടിയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്ന പാരമ്പര്യം തുടരുമെന്ന് കോൺഗ്രസ് ഒരിക്കൽകൂടി തെളിയിച്ചെന്നും നദ്ദ പറഞ്ഞു.

റിപ്പബ്ലിക് ടിവിയിലെ ചർച്ചയിൽ സോണിയ ഗാന്ധിക്കെതിരെ അർണാബ് നടത്തിയ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇത്തരം അവതാരകരെ പ്രകീർത്തിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പിയും അപമാനമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

ചാനൽ ചർച്ചയ്ക്കിടെ സാമുദായിക സ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡ് മന്ത്രി ടി.എസ്. സിങ്ദിയോ, കോൺഗ്രസ് നേതാവ് മോഹൻ മർകാം എന്നിവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് അർണാബിനെതിരെ കേസെടുത്തിട്ടുണ്ട്. ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങൾ ലംഘിച്ചതിന് അർണാബിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സുസ്മിത ദേവ് മന്ത്രി പ്രകാശ് ജാവദേക്കറിനു കത്തയച്ചു.