cm-pinarayi-vijayan-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,​ എട്ടുപേർ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ അയൽ സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇടുക്കിയിൽ നാല് പേർക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേർക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്. കാസർകോട് ആറ് പേർക്കും, മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്. ഇത് വരെ സംസ്ഥാനത്ത് 447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23876 ആയി കുറഞ്ഞു. 23439 പേർ വീടുകളിലും 437 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20326 സാമ്പിളുകൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 21334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കണ്ണൂരിൽ 2592 പേർ നിരീക്ഷണത്തിലുണ്ട്. കാസർകോട് 3126 പേരും കോഴിക്കോട് 2770 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തുടരും. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിയന്ത്രണങ്ങൾ നിലവിലെ അതേ നിലയിൽ തുടരും. നേരത്തെ പോസിറ്റീവ് കേസില്ലാതിരുന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇളവ് നൽകിയിരുന്നു. ഇന്ന് ഈ രണ്ട് ജില്ലകളിലും പോസിറ്റീവ് കേസുകൾ വന്നു. അതിനാൽ ഇവയെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ചിലേക്ക് മാറ്റുന്നു.

ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളിൽ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകളെ ഒരു യൂണിറ്റായി എടുക്കും. ഇവ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുനിസിപ്പൽ അതിർത്തിയിൽ വാർഡുകളാണ് യൂണിറ്റ്. കോർപ്പറേഷനുകളിൽ ഡിവിഷനുകളാണ് യൂണിറ്റ്. ആ വാർഡുകളും ഡിവിഷനുകളുമാണ് മുനിസിപ്പൽ, കോർപ്പറേഷൻ അതിർത്തികളിൽ അടച്ചിടുക.

ഏതൊക്കെ പ്രദേശം ഹോട്സ്പോട്ടുകളാണെന്ന് ജില്ലാ ഭരണകൂടങ്ങൾ തീരുമാനിക്കും. കണ്ണൂരിൽ പരിയാരം മെഡിക്കൽ കോളേജിലെയും, കോട്ടയം മെഡിക്കൽ കോളേജിലെയും കൊവിഡ് 19 ലാബിന് ഐസിഎംആർ അംഗീകാരം ലഭിച്ചു. കണ്ണൂരിൽ നാളെ മുതൽ കൊവിഡ് പരിശോധന ആരംഭിക്കും. ഇവിടെ നാല് റിയൽ ടൈം പിസിആർ മെഷീനുകൾ സജ്ജമാക്കി. ആദ്യ ഘട്ടത്തിൽ 15 ഉം പിന്നീട് 60 വരെയും പരിശോധന ദിവസം നടത്താനാവുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.