covid-19

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1229 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 പേർ മരണത്തിന് കീഴടങ്ങിയതായും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21700 ആയി ഉയർന്നു. 16,689 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 4325 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 686 പേരാണ് മരണത്തിന് കീഴടങ്ങിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

30 ദിവസമായി തുടരുന്ന ലോക്ക്ഡൗൺ വഴി കൊവിഡ് വ്യാപനത്തെ പിടിച്ചുനിറുത്താൻ കഴിഞ്ഞതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. കൊവിഡ് വൈറസ് വ്യാപനം കുറച്ചു കൊണ്ടുവന്നപ്പോൾ തന്നെ കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും സാധിച്ചു. ഭാവിയിൽ സ്വീകരിക്കേണ്ട നടപടികൾക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താൻ ഈ ലോക്ക്ഡൗൺ കാലയളവ് പ്രയോജനപ്പെടുത്തിയതായും കേന്ദ്ര പരിസ്ഥിതി സെക്രട്ടറി സി.കെ. മിശ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് 14 ജില്ലകളിൽ 28 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 78 ജില്ലകളിൽ 14 ദിവസത്തിനിടെ ഒരാൾക്ക് പോലും കൊവിഡ് വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽപറഞ്ഞു.