സൂറിച്ച്: അടുത്തവർഷം ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന വനിതാ യൂറോകപ്പ് ഫുട്ബാൾ ടൂർണമെന്റ് 2022ലേക്ക് മാറ്റിയതായി യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ഇൗ വർഷം നടക്കേണ്ട പുരുഷ യൂറോകപ്പ് 2021ലേക്ക് മാറ്റിയതിനാലാണ് വനിതാ യൂറോകപ്പിനും മാറ്റമുണ്ടായത്.
ഇംഗ്ലണ്ടാണ് വനിതാ യൂറോകപ്പിന് വേദിയാകുന്നത്. 2022 ജൂലായ് ആറുമുതൽ 31വരെയാണ് പുതുക്കിയ തീയതി. 2022ൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് കൂടി കണക്കിലെടുത്താണ് പുതിയ ഷെഡ്യൂൾ നിശ്ചയിച്ചത്.
ചാമ്പ്യൻസ് ലീഗ് അടുത്ത മാസം മുതൽ?
അടുത്ത മാസം ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള ടൂർണമെന്റുകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുവേഫ.
പ്രീ ക്വാർട്ടർ ഫൈനലുകൾ പാതിവഴിയിലെത്തിയപ്പോഴാണ് ചാമ്പ്യൻസ് ലീഗ് നിറുത്തിവയ്ക്കേണ്ടി വന്നത്. മിനി ടൂർണമെന്റ് മാതൃകയിൽ പെട്ടെന്നുതന്നെ ലീഗ് നടത്തിത്തീർക്കാനാണ് പദ്ധതി.
ഇസ്താംബുളിലാണ് ഇത്തവണത്തെ ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.
ബുണ്ടസ് ലിഗ മേയ് ഒൻപത് മുതൽ
ജർമ്മനിയിലെ ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗായ ബുണ്ടസ് ലീഗ സർക്കാർ അനുവദിക്കുകയാണെങ്കിൽ അടുത്തമാസം ഒൻപത് മുതൽ പുനരാരംഭിക്കാനാകുമെന്ന് ഫുട്ബാൾ അസോസിയേഷൻ. അടച്ചിട്ട ഗാലറികളോടെ ലീഗ് പുനരാരംഭിക്കാനാണ് പദ്ധതി.മാർച്ച് പകുതിയോടെയാണ് ജർമ്മനിയിൽ എല്ലാ ഫുട്ബാൾ മത്സരങ്ങളും നിറുത്തിവയ്ക്കേണ്ടിവന്നത്. അതേസമയം ഫുട്ബാൾ അസോസിയേഷന്റെ തീരുമാനത്തോട് സർക്കാർ പ്രതികരിച്ചിട്ടില്ല.