arnab

മുംബയ്: മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിൽ രണ്ട് സന്യാസിമാരടക്കം മൂന്നു പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ 101പേരിൽ ഒരാൾ പോലും മുസ്ലിം അല്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു. സംഭവത്തെ വർഗീയവത്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത ഒൻപത് പേരുൾപ്പെടെ 110പേരാണ് അറസ്റ്റിലായത്.

'തുടരന്വേഷണം മഹാരാഷ്ട്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി.ഇതൊരു വർഗീയ ആക്രമണമല്ല, അങ്ങനെ വരുത്തിത്താൻ ബി.ജെ.പി ശ്രമിക്കുകയാണ്. കൊവിഡിനെതിരേെ ഒന്നിച്ചു പോരാടേണ്ട സമയത്താണ് ബി.ജെ.പി ഇത്തരം നീചകൃത്യങ്ങൾ ചെയ്യുന്നത്.'- അറസ്റ്റിലായവരുടെ പട്ടിക പുറത്ത് വിട്ട് അനിൽ ദേശ്‌മുഖ് പറഞ്ഞു

മുംബയിൽ നിന്ന് 125 കിലോമീറ്റർ അകലെയുള്ള ജില്ലയാണ് പൽഘാർ. രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും വടികളും കല്ലുകളും ഉപയോഗിച്ച് ആൾക്കൂട്ടം മൃഗീയമായി ആക്രമിച്ച് കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. മോഷ്ടാക്കളെന്നോ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നോ തെറ്റിദ്ധരിച്ചാണ് ഇവരെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

വ്യാജപ്രചാരണങ്ങളേറെ

ഇടതു തീവ്രവാദികൾ സന്യാസിമാരെ കൊല ചെയ്തുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും ബി.ജെ.പി നടത്തിയിരുന്നു. ഇതിനെതിരെ സി.പി.എം കേസു കൊടുത്തു. അക്രമികളിൽ ഭൂരിഭാഗവും ബി.ജെ.പി അനുഭാവികളാണെന്നും ബി.ജെ.പി വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് ആരോപിച്ചു. സംഭവം നടന്ന ഗ്രാമമായ ദിവാശി ഗഡ്ചിൻചലേ ബി.ജെ.പി കോട്ടയാണ്. പത്ത് വർഷമായി ബി.ജെ.പി നേതാവാണ് ഗ്രാമത്തലവൻ.

 അർണാബ് ഗോസ്വാമിയുടെ കാർ ആക്രമിച്ചു

മുംബയ്: മാദ്ധ്യമ പ്രവർത്തകനും റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്ററുമായ അർണാബ് ​ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചാനൽ സ്റ്റുഡിയോയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ അക്രമികൾ ഇവരുടെ കാറിന് നേർക്ക് കരി ഓയിൽ ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺ​ഗ്രസ് ഗുണ്ടകളാണെന്നും അവർ കാറിന്റെ ചില്ല് തകർക്കാൻ ശ്രമിച്ചെന്നും അർണാബ് ആരോപിച്ചു. സംഭവത്തിന് പിന്നിൽ സോണിയ ​ഗാന്ധിയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം അവർക്കായിരിക്കുമെന്നും അർണാബ് പറഞ്ഞു. പാൽഘറിൽ രണ്ട് സന്യാസിമാരെ ആളുകൾ കൊലപ്പെടുത്തിയ സംഭവത്തിൽ സോണിയ ​ഗാന്ധിയെ അർണാബ് വിമർശിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും നടത്തി. ഇത് കോൺ​ഗ്രസിനെയും സോണിയ ​ഗാന്ധിയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു.  പോരടിച്ച് കോൺഗ്രസും ബി.ജെ.പിയും അർണാബ് ഗോസ്വാമിക്കെതിരെ നടന്ന ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു.അടിയന്തരാവസ്ഥ കൊണ്ടുവന്ന പാർട്ടിയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്ന പാരമ്പര്യം തുടരുമെന്ന് കോൺഗ്രസ് ഒരിക്കൽകൂടി തെളിയിച്ചെന്നും നദ്ദ പറഞ്ഞു. റിപ്പബ്ലിക് ടിവിയിലെ ചർച്ചയിൽ സോണിയ ഗാന്ധിക്കെതിരെ അർണാബ് നടത്തിയ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇത്തരം അവതാരകരെ പ്രകീർത്തിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പിയും അപമാനമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ സാമുദായിക സ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡ് മന്ത്രി ടി.എസ്. സിങ്ദിയോ, കോൺഗ്രസ് നേതാവ് മോഹൻ മർകാം എന്നിവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് അർണാബിനെതിരെ കേസെടുത്തിട്ടുണ്ട്. ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങൾ ലംഘിച്ചതിന് അർണാബിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സുസ്മിത ദേവ് മന്ത്രി പ്രകാശ് ജാവദേക്കറിനു കത്തയച്ചു.

 ബി.ജെ.പി വിദ്വേഷ വൈറസ് പരത്തുകയാണെന്ന് സോണിയാഗാന്ധി

ന്യൂഡൽഹി: കൊവിഡിനെതിരെ ഒരുമിച്ച് പോരാടേണ്ട ഘട്ടത്തിൽ വർഗീയ വിദ്വേഷത്തിന്റെ വൈറസ് പരത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി. വീഡിയോ കോൺഫറൻസിലൂടെ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. ഇത് നമ്മുടെ സാമൂഹിക ഐക്യത്തെ ഗുരുതരമായി ബാധിക്കും. കൊവിഡിനെതിരായ പോരാട്ടത്തിൽ സഹകരണം വാഗ്ദാനം ചെയ്തും നിർദേശങ്ങൾ നൽകിയും പ്രധാനമന്ത്രിക്ക് നിരവധി തവണ കത്തെഴുതിയിട്ടുണ്ട്. സർക്കാർ ഭാഗികമായി മാത്രമേ നിർദേശങ്ങളോട് പ്രതികരിച്ചിട്ടുള്ളൂ. മേയ് മൂന്നിന് ശേഷം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് സർക്കാരിന് ഒരു വ്യക്തതയുമില്ല. പ്രതിസന്ധിയിലായ ഓരോ കുടുംബത്തിനും ഇപ്പോൾ 7500 രൂപയെങ്കിലും നൽകേണ്ടത് അത്യാവശ്യമാണ്. മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ പോരാട്ടം നടത്തുന്നത്. അവരെ അഭിവാദ്യം ചെയ്യുന്നതായും സോണിയ പറഞ്ഞു. കാർഷിക, ചെറുകിട വ്യവസായ മേഖലകളിലെ വായ്പകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ മോറട്ടോറിയം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ധ്രുവീകരിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മതിയായ പരിശോധന നടത്തി സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടിയെടുക്കണം. പ്രത്യേക വിമാനം ഏർപ്പെടുത്തണം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി.