തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കെതിരായ നുണക്കഥകളുടെ തുടർച്ചയാണ് ഇപ്പോൾ ഉയരുന്ന വിവാദമെന്നും തന്റെ ഭാര്യയുടെ പേരിൽ അന്താരാഷ്ട്ര കമ്പനിയുണ്ടെന്നുവരെ മുൻപ് പ്രചരിപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഭാര്യയായ കമലയുടെ പേരിൽ 'കമല ഇന്റർനാഷനൽ' എന്നൊരു കമ്പനി ഉള്ളതായി പ്രചാരണം ഉണ്ടായിരുന്നു.
തന്റെ മകൾ പഠിക്കാൻ വിദേശത്തേക്ക് പോയതും വിവാദമായിരുന്നു. പക്ഷെ ഓറക്കിൾ എന്ന കമ്പനിയിൽ മകൾക്ക് ജോലി ലഭിച്ചത് വിവാദമാക്കിയിലുള്ള, അത് താൻ നേടികൊടുത്തതാണെന്ന് പ്രചരിപ്പിക്കാൻ കഴിയാത്തതിനാലാകും. തന്റെ മകന്റെ പഠനവും വിവാദമാക്കി. വീട് രമ്യഹർമ്യം ആണെന്ന് പ്രചരിപ്പിച്ചു. എന്തെല്ലാം കഥകളാണ് പ്രചരിച്ചത്. അക്കൂട്ടത്തിൽ പെടുന്നതാണ് ഇത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് താൻ ലാവ്ലിൻ കേസിൽ കുറ്റവിമുക്തനാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതിൽ അത്ഭുതമൊന്നുമില്ലെന്നും അവർ തമ്മിൽ സാധാരണ കാണാറുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അതിലെന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഐ.ടി സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം മറുപടിയായി പറഞ്ഞു.