മാനന്തവാടി: രാജ്യാന്തര തലത്തിലെ വ്യവസായ പ്രമുഖനും ഇന്നോവ റിഫൈനിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ മാനന്തവാടി അറയ്ക്കൽ പാലസിൽ ജോയി അറയ്ക്കൽ (കപ്പൽ ജോയി, 54) ദുബായിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.
കുടുംബവും ദുബായിലാണ്. മൂന്നു മാസം മുമ്പ് നാട്ടിൽ വന്നിരുന്നു. ഭാര്യ: സെലിൻ. മക്കൾ: അരുൺ, ആഷ്ലി.
പുതുശേരി വഞ്ഞോട് അറയ്ക്കൽ ഉലഹന്നാന്റെയും പരേതയായ ത്രേസ്യയുടെയും മകനാണ്. സഹോദരങ്ങൾ: ചാക്കോ, വർഗീസ്, മേരി, അന്ന, ജോണി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും മറ്റു നിരവധി കമ്പനികളിൽ ഡയറക്ടറുമാണ്. വയനാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു.
വയനാട് അഗ്രോ മൂവ്‌മെന്റ് ടീ കമ്പനി, ഹെഡ്‌ജ് ഇക്വിറ്റീസ് ലിമിറ്റഡ്, കോഫീ ഇൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, പെട്രോൾ ഇന്നോവ പ്രൈവറ്റ് ലിമിറ്റഡ്, ദി ഫ്രിംഗ് ഫോർഡ് എസ്റ്റേറ്റ്‌സ് എന്നിവയിലെ പ്രധാന ഓഹരി ഉടമയാണ്. കഠിനാദ്ധ്വാനത്തിലൂടെ ആഗോളതലത്തിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ബിസിനസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി എണ്ണ വ്യാപാരത്തിന് കപ്പലുകൾ സ്വന്തമാക്കിയതോടെ മലയാളികൾക്കിടയിൽ കപ്പൽ ജോയി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മാനന്തവാടിയിൽ അറയ്ക്കൽ പാലസ് നിർമ്മിച്ചത് കപ്പലിന്റെ മാതൃകയിലാണ്. മലബാറിലെ ഏറ്റവും വലിയ വീടുകളിലൊന്നാണിത്.