കൊച്ചി: സ്പ്രിൻക്ലർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വാദം തള്ളി കേന്ദ്ര സർക്കാർ. വൻ തോതിൽ വിവരം ശേഖരിക്കാൻ ഇന്ത്യൻ സംവിധാനം പര്യാപ്തമാണെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സംസ്ഥാനം ആവശ്യപ്പെടുകയാണെങ്കിൽ നിർവഹിക്കാൻ തയ്യാറാണെന്നും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ(എൻ.ഐ.സി) സഹായത്തോടെ വൻ തോതിലുള്ള വിവരശേഖരണം സാദ്ധ്യമാണെന്നുമാണ് കേന്ദ്രം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
കൊവിഡ് രോഗപ്രതിരോധവുമായി ബന്ധപ്പെട്ടുള്ള 'ആരോഗ്യ സേതു' പദ്ധതി ഇതിനുള്ള ഉദാഹരണമാണെന്നും ഏഴു കോടി ആളുകളുടെ വിവരമാണ് ഈ ആപ്പിലൂടെ ശേഖരിച്ചിട്ടുള്ളതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വലിയ തോതിലുള്ള വിവരശേഖരണത്തിന് ഇന്ത്യൻ സംവിധാനങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് അമേരിക്കൻ കമ്പനിക്ക് കരാർ നൽകേണ്ടി വന്നതെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞിരുന്നത്. മാത്രമല്ല വ്യക്തികളുടെ വിവരങ്ങൾ ചോരില്ലെന്നും സംസ്ഥാനം പറഞ്ഞിരുന്നു.
എന്നാൽ ഈ രണ്ട് വാദങ്ങളെയും ഖണ്ഡിച്ചുകൊണ്ടാണ് കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. വലിയ തോതിലുള്ള ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യൻ സംവിധാനങ്ങൾ നിലവിലുണ്ടെന്നും അതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകണമായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ ഇത്തരത്തിൽ ഇന്ത്യയിൽ വൻ തോതിൽ വിവരശേഖരണം നടക്കുന്നുണ്ട്. ആരോഗ്യ സേതു ആപ്പ് ആണ് ഇതിനുള്ള ഉദാഹരണം. ഈ ആപ്പിനെ പരമാവധി ഉപയോഗപ്പെടുത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം പറയുന്നു.
ഇങ്ങനെയൊരു സാഹചര്യത്തിലാണ് സംസ്ഥാനം അമേരിക്കൻ കമ്പനിയുമായി കരാറിലേർപ്പെട്ടതെന്നത് പ്രാധാന്യമുള്ള കാര്യമായി കാണണമെന്നും കേന്ദ്രം പറയുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യ സേതു ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വ്യക്തികളുടെ അതീവ പ്രധാന്യമുള്ള വിവരങ്ങൾ വിദേശ കമ്പനിക്ക് നൽകുന്നത് വിവരച്ചോർച്ച ഉണ്ടാകില്ലെന്ന ഉറപ്പില്ലാതെയാണെന്നും കരാറിന്റെ സാംഗത്യത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രം പറയുന്നു.
ന്യൂ യോർക്ക് ആസ്ഥാനമായ കമ്പനിക്ക് സുപ്രധാന വിവരങ്ങൾ നൽകുകയെന്നത് തന്നെ വ്യക്തി സ്വാതന്ത്ര്യം അടിയറ വയ്ക്കുന്ന കാര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾ സ്പ്രിൻക്ലർ കരാറിലൂടെ ഫലപ്രദമായി സംരക്ഷിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും കേന്ദ്രം ഹൈക്കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. നാളെയാണ് ഹൈക്കോടതി കേസ് പരിഗണിക്കുക.