india-

ന്യൂഡൽഹി : ലോകത്ത് നാശം വിതച്ച കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയായിരുന്നു. വൈറസിന് പിന്നിലും. ചൈനയാണെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചൈനയ്ക്കെതിരെ ആരോപണം ഉയർന്നതുമുതൽ അവിടുത്തെ പ്രവർത്തനം നിറുത്താൻ മിക്ക കമ്പനികളും ആലോചിച്ചിരുന്നു.

ലോകത്തെ മിക്ക ബഹുരാഷ്ട്ര കമ്പനികളും തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിനെക്കുിറിച്ച് വളരെക്കാലമായി ആലോച്ചിച്ചിരുന്നു. ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധി അതിന് ആക്കംകൂട്ടി. കൊവിഡ് ആരോപണത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കയിൽ നിന്നുള്ള കമ്പനികൾ തന്നെയാണ് ഇതിൽ മുന്നിലുള്ളത്. ചൈനയിൽ നിന്നുള്ള പിൻമാറ്റം നേട്ടമുണ്ടാക്കുന്നത് ഇന്ത്യയ്ക്കായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അനുമാനം.

കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ യുഎസ് ആസ്ഥാനമായുള്ള 300 ഓളം കമ്പനികൾ തങ്ങളുടെ ഉത്പാദന കേന്ദ്രം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിദേശ കമ്പനികൾ ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കാര്യമായ വിദേശ നിക്ഷേപം ഉണ്ടായില്ല.

രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണരംഗത്ത് 48,000 കോടി രൂപയുടെ ആനുകൂല്യങ്ങൾക്കായി മൂന്ന് പദ്ധതികളാണ് കേന്ദ്ര സർക്കാർ മാർച്ചിൽ കൊണ്ടുവന്നത്. ആപ്പിൾ, സാംസങ്, ഓപ്പോ, വിവോ എന്നിവയുൾപ്പെടെയുള്ള മികച്ച സ്മാർട് ഫോൺ കമ്പനികളെ അവരുടെ മുഴുവൻ ശൃംഖലയും ഇന്ത്യയിൽ സ്ഥാപിക്കുന്നതിനാണ് ഈ ആനുകൂല്യങ്ങൾ നല്‍കിയത്.

നേരത്തെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് ഇനി മുതൽ രാജ്യത്ത് നിക്ഷേപം നടത്തണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി നിർബന്ധമാക്കിയിരുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളെ വിദേശ നിക്ഷേപങ്ങളിലൂടെ മറ്റ് രാജ്യങ്ങൾ പിടിച്ചടക്കുന്നതിന് തടയിടുന്നതിനു വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ കൈകൊണ്ട ഈ തീരുമാനത്തിലൂടെ ഇന്ത്യൻ കമ്പനികൾ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് തടയിടാനാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിട്ടത്