ദുബായ് കൊവിഡ് വൈറസ് ബാധ യു.എ.ഇയിലും നാശം വിതയ്ക്കുകയാണ്. മലയാളികളടക്കമുള്ളവരാണ് യു,എ.ഇയിൽ മരിച്ചത്. ഇങ്ങനെ മലയാളികളടക്കമുള്ള പ്രവാസി ജനതയ്ക്ക് ആത്മവിശ്വാസം നൽകി പിന്തുണയുമായി എത്തിയിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് ഒരു ഹൃദ്യമായ സംഭവം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
യു.എ.ഇയിൽ നമ്മൾ ഒരു കുടുംബമാണ്, ഒരാളും വിദേശിയല്ല എന്ന തലക്കെട്ടോടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.. അസുഖബാധിതനായ പിതാവുമായി എത്തിയപ്പോൾ ഉണ്ടായ സാം ദന്നൗറ എന്ന വ്യക്തിയുടെ അനുഭവമായിരുന്നു അത്. ‘ ശ്വാസതടസമുള്ള 94 വയസുള്ള പിതാവുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ സഹായം തേടി. അവർ ജമാൽ എന്നുപേരുള്ള ഒരു നല്ല മനുഷ്യനെ സഹായത്തിന് അയച്ചു. അദ്ദേഹം എന്റെ പിതാവിന് വേണ്ടി വേഗം ഒരു സിലിണ്ടർ സംഘടിപ്പിച്ചു. എന്നിട്ട് അതിൽ ഓക്സിജൻ നിറച്ച് കൊണ്ടുതന്നു. വേണ്ടതെല്ലാം ചെയ്തു. നന്ദി പറയാൻ ഒരുങ്ങിയപ്പോൾ ജമാൽ പറഞ്ഞു. നിങ്ങൾ ഇവിടെ വിദേശിയല്ല, ഇത് നിങ്ങളുടെ വീടാണ്, നിങ്ങളുടെ പിതാവ് എന്റെ പിതാവ് കൂടിയാണ്..’ അവിടെ നിന്ന് മടങ്ങിയ ശേഷവും പിതാവിന്റെ സുഖവിവരങ്ങൾ ജമാൽ അന്വേഷിച്ചു. എന്തു സഹായം വേണമെങ്കിലും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.’ ഹൃദയം െതാട്ട് സാം കുറിച്ചു. അനുഭവം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നതിങ്ങനെ.‘ഒരു മനുഷ്യൻ എങ്ങനെയാവണം എന്നാണ് ദുബായ് പഠിപ്പിക്കുന്നത്. ഈ രാഷ്ട്രം എങ്ങനെയാണ് ഉണ്ടായത് എന്ന് ഞങ്ങള്‍ പഠിക്കുന്നു. ഈ പ്രതിസന്ധിയുടെ സമയത്താണ് അത് യഥാര്‍ത്ഥ വീര്യം കാണിക്കുന്നത്. ജമാലിനും ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറ്റിക്കും നന്ദി’ അദ്ദേഹം കുറിച്ചു. ഇൗ അനുഭവമാണ് ഷെയ്ഖ് ഹംദാന്‍ തന്റെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
في الامارات كلنا عائلة واحدة
— Hamdan bin Mohammed (@HamdanMohammed) April 23, 2020
🇦🇪❤️🌎
In the UAE, we are one family and no one is a foreigner pic.twitter.com/ahkmUfRr4e