pinarayi-kodiyeri

തിരുവനന്തപുരം: സർക്കാർ ജീവനക്കാരിലും അദ്ധ്യാപകരിലും നിന്ന് അടുത്ത അഞ്ച് മാസം കൊണ്ട് പിടിക്കുന്ന ഒരു മാസത്തെ ശമ്പളം അടുത്ത വർഷം മേയിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് മടക്കി നൽകാനാണ് ആലോചന. വരുന്ന ഒക്ടോബറിൽ നടക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഗഡുക്കൾ പൂർത്തിയാക്കുന്ന വിധത്തിലേ ശമ്പളം പിടിക്കാവൂ എന്നാണ് സി.പി.എം നിർദ്ദേശം. പിടിച്ച ശമ്പളം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചുനൽകിയാൽ അഞ്ചര ലക്ഷം വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അസംതൃപ്തി ഒഴിവാക്കാനാവുമെന്ന് പാർട്ടി കരുതുന്നു.

ഒരു മാസത്തെ ശമ്പളം അഞ്ച് ഗഡുക്കളായി പിടിക്കാനുള്ള തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാലും, വിധി എതിരാവില്ലെന്നാണ് സർക്കാരിന്റെ അനുമാനം.ശമ്പളം പിടിച്ചെടുക്കുകയോ, വെട്ടിച്ചുരുക്കുകയോയല്ല ചെയ്യുന്നത്. മാസത്തിൽ ആറ് ദിവസം വീതം അഞ്ച് മാസമായി 30 ദിവസത്തെ ശമ്പളം മാറ്റിവച്ച ശേഷം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ തിരികെ നൽകാനാണ് ധാരണ. അതിനാൽ, സർക്കാർ ഉത്തരവിനെതിരെ ജീവനക്കാരോ സംഘടനകളോ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലോ ഹൈക്കോടതിയിലോ പോയാലും അനുകൂല വിധി കിട്ടാനിടയില്ല. കഴിഞ്ഞ പ്രളയ കാലത്ത് സാലറി ചാലഞ്ച് പ്രഖ്യാപിച്ചപ്പോൾ ശമ്പളം പിടിക്കുന്നത് ഒഴിവാക്കണമെങ്കിൽ വിസമ്മതപത്രം നൽകണമെന്ന് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

തുടർന്നാണ്,വിസമ്മത പത്രം മാറ്റി സമ്മത പത്രമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവച്ചു. എന്നാൽ, ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. കൊവിഡ് ബാധയെ തുടർന്ന് സാമ്പത്തിക സ്ഥിതി വഷളായതും, വരുമാനം നിലച്ചതും സർക്കാരിന് എടുത്തുകാട്ടാം. കേന്ദ്ര ജീവനക്കാരുടെ അധിക ക്ഷാമബത്ത തടഞ്ഞു വച്ചതും ചൂണ്ടിക്കാട്ടാം. അതിനിടെ,ശമ്പളം പിടിക്കുന്നതിൽ നിന്ന് ആരോഗ്യ മേഖലയെ ഒഴിവാക്കാത്തതിനെ ധനമന്ത്രി തോമസ് ഐസക് ന്യായീകരിച്ചു. അവരെ ഒഴിവാക്കിയാൽ മറ്റ് അവശ്യ സർവീസുകളിലുള്ളവരെയും ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.