
കൊവിഡ് ഒരു പുതിയ പാഠവും സന്ദേശവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വയം പര്യാപ്തം ആകണം 1. ദേശീയ പഞ്ചായത്തീ രാജ് ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചായത്ത് തലവന്മാരെ അഭിസംബോധന ചെയ്തു. കൊവിഡ് ഒരു പുതിയ പാഠവും സന്ദേശവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തം ആകണമെന്ന് ശക്തമായ സന്ദേശം കൊവിഡ് നല്‍കുന്നു. പഞ്ചായത്തും, സംസ്ഥാനങ്ങളും, രാജ്യവും സ്വയം പര്യാപ്തം ആകണം. ഒന്നേകാല്‍ ലക്ഷം പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് എത്തിച്ചു. കരുത്തുറ്റ പഞ്ചായത്തുകള്‍ ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറ എന്ന് മോദി. പഞ്ചായത്തുകളെ ശാക്തീകരിക്കാന്‍ ആയി പുതിയ ഇ-പോര്‍ട്ടല്‍ മോദി ഉദ്ഘാടനം ചെയ്തു. ഇ-ഗ്രാം സ്വരാജ് ആപ്പിലൂടെ പഞ്ചായത്തുകളെ ഡിജിറ്റലൈസ് ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി പഞ്ചായത്ത് തലവന്മാരുമായി സംവദിച്ചത്.
2. കൊല്ലം കുളത്തൂപ്പുഴയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 ബാധിച്ചതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അതീവജാഗ്രത. നേരത്തെ രോഗബാധിതനായ കുമരംകരിക്കം സ്വദേശിയുടെ അയല്‍വാസിയായ 85കാരിക്ക് ആണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി അടുത്ത് ഇടപഴകിയതിനെ തുടര്‍ന്നാണ് അയല്‍വാസിയായ വൃദ്ധക്ക് രോഗം പകര്‍ന്നത്. ഇവരുടെ സഞ്ചാരപാത ജില്ലാഭരണകൂടം പുറത്തിറക്കി. സമീപത്തെ ബന്ധുവീട് ഉള്‍പ്പെടെ പതിമൂന്നോളം വീടുകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
3. സമ്പര്‍ക്കം പുലര്‍ത്തിയ 13 പേരെ കുളത്തൂപ്പുഴയിലെ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനക്കായി അയച്ചു. കുളത്തൂപ്പുഴയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതിനാല്‍ നാളെ മുതലാകും ജില്ലയിലെ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുക. ഹോട്ട്സ്‌പോട്ടുകളിലും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉണ്ടാകില്ല. തമിഴ്നാട്ടില്‍ രോഗം പടരുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ജില്ലയുടെ കിഴക്കന്‍ മേഖല. കാട്ടുപാതകളില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധന തുടരുകയാണ്.
4. കൊവിഡ് 19 ബാധിച്ച് 45 ദിവസമായി ചികിത്സയില്‍ ആയിരുന്ന പത്തനംതിട്ട വടശേരിക്കര സ്വദേശി രോഗമുക്ത ആയി. തുടര്‍ച്ചയായി രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആയതോടെ ഇവര്‍ ഉടന്‍ ആശുപ്ത്രി വിട്ടേക്കും. മാര്‍ച്ച് 8ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് മാര്‍ച്ച് 10ന് ആണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ട ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഐവര്‍വെക്ടിന്‍ മരുന്ന് പരീക്ഷിക്കാന്‍ തീരുമാനം ആയി. മൂന്ന് ദിവസങ്ങള്‍ ഇടവിട്ട് മരുന്ന് നല്‍കി എങ്കിലും അതിന് ശേഷമുള്ള ആദ്യ ഫലം പോസീറ്റീവ് ആയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ ഫലമാണ് തുടര്‍ച്ചയായി നെഗറ്റീവ് ആയിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും റാന്നിയില്‍ എത്തിയ കുടുംബവും ആയി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിലൂടെ ആണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായത്. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടുന്ന രാജ്യത്തെ തന്നെ ആദ്യത്തെ കേസ് ആണിത്. പത്തനംതിട്ടയിലെ രോഗി നെഗറ്റീവായത് വലിയ ആശ്വാസമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞു.
5. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി സ്വദേശികളുടെ മകള്‍ നൈഹ ഫാത്തിമ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു കുഞ്ഞ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കുഞ്ഞാണ്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അതീവഗുരുതര അവസ്ഥയില്‍ ആയിരുന്നു.
6. കുഞ്ഞിന്റെ മാതാപിതാക്കളുടെ കൊവിഡ് പരിശോധന ഫലം ഇന്ന് വരും. കുഞ്ഞിനെ ചികിത്സിച്ച 5 ഡോക്ടര്‍മാരും നിരീക്ഷണത്തില്‍ ആണ്. ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ ഉണ്ട്. കുഞ്ഞിന്റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ച് ഇരുന്നു. ഇയാളില്‍ നിന്നാകാം കുഞ്ഞിന് വൈറസ് ബാധ ഏറ്റത് എന്നാണ് സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയത് ആയി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ രോഗം ബാധിച്ചേക്കാം. രോഗം പിടിപെടാന്‍ ഇടയായ സാഹചര്യം പരിശോധിക്കുക ആണെന്നും മന്ത്രി. കുഞ്ഞിന്റെ സംസ്‌കാരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് നടത്തും.
7. റംദാന്‍ വ്രതത്തിന് ഇന്നു തുടക്കം. കോവിഡ് ഭീതിക്കിടെ ആണ് ഇത്തവണത്തെ വ്രതാനുഷ്ടാനം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ ആണ് പ്രഖ്യാപനം എത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രാര്‍ഥന വീട്ടില്‍ ഒതുക്കണം എന്നും സക്കാത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നും മതനേതാക്കള്‍ ആഹ്വാനം ചെയ്തു. ആത്മ സംസ്‌ക്കരണത്തിന്റെ പുണ്യകാലമാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണത്തില്‍ ആകും വ്രതാനുഷ്ടാനം. റമദാന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റസ്റ്റോറന്റുകളില്‍ നിന്ന് ഹോം ഡെലിവറി സര്‍വീസിനുള്ള സമയം നീട്ടി.