തിരുവനന്തപുരം : കല്ലിയൂരിൽ ആത്മഹത്യാശ്രമത്തിൽ പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ബന്ധുവായ സ്ത്രീയും മരിച്ചു. നേമം കല്ലിയൂർ പുന്നമൂട് പള്ളിയറയിൽ വിജയകുമാരിയാണ് (70) ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. ഇവർക്കൊപ്പം പൊള്ളലേറ്റ ബന്ധു പുന്നമൂട് സൗപർണികയിൽ ലീല(73) ഇന്നലെ മരണപ്പെട്ടിരുന്നു.
ഇന്നലെ പുലർച്ചെ ലീലയുടെ മകൻ രാധാകൃഷ്ണൻനായരുടെ വീട്ടിനോട് ചേർന്നുള്ള ചായ്പിലാണ് ഇരുവരെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. വിജയകുമാരി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് നേമം പൊലീസ് പറഞ്ഞു.വിജയകുമാരിയും ലീലയും നാത്തൂൻമാരാണ്. വിജയകുമാരിയുടെ മകളെയാണ് രാധാകൃഷ്ണൻനായർ വിവാഹം ചെയ്തിരിക്കുന്നത്. അഞ്ച് മാസം മുമ്പ് വീഴ്ചയിൽ ലീലയുടെ തുടയെല്ലിന് പൊട്ടലുണ്ടായിരുന്നു. മാസങ്ങളായി നടക്കുവാൻ സാധിക്കാതെ കഷ്ടപ്പെട്ട ഇവർ അടുത്തിടെയാണ് ചെറിയതോതിൽ നടന്നുതുടങ്ങിയത്. ഇരുവരുടെയും ഭർത്താക്കൻമാർ നേരത്തെ മരണപ്പെട്ടതിനാൽ മക്കൾക്കൊപ്പമായിരുന്നു വിജയകുമാരിയും ലീലയും താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ നല്ല അടുപ്പമായിരുന്നു. മരിക്കുമ്പോഴും ഒരുമിച്ചേ മരിക്കൂവെന്ന് മക്കളോടും ബന്ധുക്കളോടും ഇവർ പറഞ്ഞിരുന്നെങ്കിലും ആത്മഹത്യചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല.
ഇന്നലെ പുലർച്ചെ വീടിന് പുറത്ത് നിന്ന് തീയും പുകയും ഉയരുകയും നിലവിളിശബ്ദം കേൾക്കുകയും ചെയ്ത് വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോഴാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. ഉടൻ തീകെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ലീല ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെട്ടു. പിന്നാലെ വിജയകുമാരിയും. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ശാന്തികവാടത്തിൽ സംസ്കരിക്കും. പരേതനായ ഗോപാലനാണ് വിജയകുമാരിയുടെ ഭർത്താവ്. ശിവകല, ശശികല എന്നിവർ മക്കൾ. പരേതനായ വാസുദേവൻനായരാണ് ലീലയുടെ ഭർത്താവ്. മക്കൾ - രാധാകൃഷ്ണൻനായർ, പരേതനായ സതീഷ്കുമാർ. നേമം പൊലീസ് കേസെടുത്തു.