തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയിൽ നിന്നും 2016ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ തനിക്കെതിരെ ഉയർന്നുനിന്നിരുന്ന എല്ലാ വിഭാഗീയതകളേയും പിണറായി വിജയൻ കടപുഴക്കി എറിഞ്ഞിരുന്നു. പാർട്ടിക്കുള്ളിൽ പിണറായിക്കെതിരെ ശബ്‌ദമുയർത്തിയവർ പിന്നീട് അദ്ദേഹത്തിന്റെ തന്നെ ശബ്‌ദമായി മാറുകയായിരുന്നു. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം ഒരുവർഷം മാത്രം ബാക്കി നിൽക്കെ, പാർട്ടിയുടെ നയവും മുഖ്യമന്ത്രിയുടെ തീരുമാനങ്ങളും രണ്ടുതട്ടിലാണെന്ന ആക്ഷേപം ഉയരുകയാണ്. ബ്രൂവറിയിൽ തുടങ്ങി സ്പ്രിൻക്ളർ കരാർ വരെയുളള പിണറായി സർക്കാരിന്റെ തീരുമാനങ്ങളാണ് ഇതിനെ സാധൂകരിക്കുന്നത്.
പ്രളയവും നിപയും തുടങ്ങി കൊവിഡ് വരെ കേരളം നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ ഓരോ സന്ദിഗ്‌ദ്ധഘട്ടത്തെയും മാതൃകപരമായി തരണം ചെയ്യാൻ കഴിഞ്ഞുവെന്നത് സർക്കാരിന്റെ നേട്ടം തന്നെയാണ്. എന്നാൽ ഇതിനെ മറയാക്കി ഏർപ്പെട്ട കരാറുകൾ പലതും ആ നേട്ടങ്ങളുടെ ശോഭ കെടുത്തി എന്നു പറയാതെ നിർവാഹമില്ല. ഇപ്പോൾ സ്പ്രിൻക്ളർ വിഷയത്തിൽ പിണറായി നേരിടുന്നതും അതുതന്നെയാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാദ്ധ്യമപ്രവർത്തകർക്ക് മുമ്പിൽ സ്പഷ്‌ടമായ ഭാഷയിൽ അക്കമിട്ട് നിരത്തുമ്പോഴും, ഹൈക്കോടതിയുടെ അടക്കം വിമർശം ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന സ്പ്രിൻക്ളറിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രി. വിഷയങ്ങൾ പൊതുമദ്ധ്യമത്തിൽ ചർച്ചയാകുന്നത് സി.പി.എമ്മിനുള്ളിലും അസ്വാരസ്യങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ ഇരയായി എക്കാലവും തന്നെ സ്വയം അവരോധിതനാക്കിയിട്ടുള്ള പിണറായി ഇത്തവണയും ചില 'കുലംകുത്തികൾ' തനിക്കെതിരെ പടവെട്ടാൻ ഒരുങ്ങുന്നു എന്ന് സംശയിക്കുന്നുമുണ്ടാകാം.