ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള മരണഭീതി രൂക്ഷമാക്കി കൊവിഡ് -19 സംഹാര താണ്ഡവം തുടരുന്നു. ലോകത്ത് ആകെ മരണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗികൾ 27 ലക്ഷം കവിഞ്ഞു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 3,332 പേർ മരിച്ചു. ആകെ മരണം അമ്പതിനായിരം കവിഞ്ഞു. 8, 86,709 പേർ ചികിത്സയിലാണ്. 15,000ത്തോളം രോഗികളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ രോഗികളുടെ എണ്ണം കുറയുന്നുവെന്ന റിപ്പോർട്ട് നേരിയ ആശ്വാസമാകുന്നു.
ലോക്ക് ഡൗൺ മൂലം അമേരിക്കയിലെ സാമ്പത്തികരംഗം വലിയ പ്രതിസന്ധിയിലാണ്. 1930കളിലെ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിത്. സ്ഥാപനങ്ങൾ വൻ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. അഞ്ച് ആഴ്‍ചയ്ക്കിടെ 26 ദശലക്ഷം ആളുകൾ തൊഴിലില്ലായ്‍മ വേതനത്തിന് അപേക്ഷിച്ചിട്ടുണ്ട്. ആറിലൊന്ന് അമേരിക്കക്കാർക്ക് ജോലി നഷ്‍ടപ്പെട്ടതായാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 484 കോടി ഡോളറിന്റെ പാക്കേജിന് ജനപ്രതിനിധി സഭയും സെനറ്റും അംഗീകാരം നൽകിയിട്ടുണ്ട്.
വൈറസിനെ കൊല്ലാൻ അണുനാശിനി കുത്തിവച്ചാൽ പോരെ: ട്രംപ്
കൊവിഡ് രോഗിയുടെ ശരീരത്തിൽ അണുനാശിനി കുത്തിവച്ചു വൈറസിനെ തുരത്താനാവുമോയെന്ന് പരീക്ഷിക്കണമെന്നും കൊവിഡ് പ്രതിരോധത്തിനായി ശരീരത്തിലേക്ക് അൾട്രാ വയലറ്റ് രശ്മികൾ കടത്തിവിടണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ പതിവ് വാർത്താസമ്മേളനത്തിലാണ് ട്രംപ് ഒറ്റമൂലി നിർദ്ദേശിച്ചത്.
'അണുനാശിനി നമ്മൾ വൃത്തിക്കായാക്കാൻ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അണുനാശിനി ശരീരത്തിൽ കുത്തിവച്ചാൽ അവിടെയും വൃത്തിയാകില്ലേ. അണുനാശിനി ശ്വാസകോശത്തിലെത്തിയാൽ വൈറസ് ഇല്ലാതാവില്ലേ. ഇത് പരീക്ഷിക്കുന്നത് രസകരമായിരിക്കും.'- ട്രംപ് പറഞ്ഞു.
സൂര്യപ്രകാശവും ചൂടും കാരണം വൈറസിന്റെ ശക്തി വേഗത്തിൽ ക്ഷയിക്കുമെന്നും അണുനാശിനി ഉമിനീരിലെയും ശ്വാസകോശ ദ്രവങ്ങളിലെയും വൈറസിനെ അഞ്ച് മിനിറ്റിൽ ഇല്ലാതാക്കുമെന്നും യു.എസ് ഹോം ലാൻഡ് സെക്യൂരിറ്റി സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറേറ്റ് തലവൻ വില്യം ബ്രയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ട്രംപ് പ്രസ്താവന നടത്തിയത്.
യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങളാണിതെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി.
ഇത്തരം ആശയങ്ങൾ അപകടം ക്ഷണിച്ച് വരുത്തുമെന്നും ട്രംപിൽനിന്നും ആരോഗ്യ കാര്യങ്ങളിൽ ഉപദേശങ്ങൾ തേടരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
റഷ്യയിൽ 1000 കിടക്കകളുള്ള താത്ക്കാലിക ആശുപത്രി ഉടൻ തുറക്കും.
കൊവിഡ് രോഗികളെ കണ്ടെത്താൻ ഇന്റലിജൻസിനെ ഉപയോഗിച്ച് പാകിസ്ഥാൻ.
ബംഗ്ലാദേശിൽ 100 ഓളം ഡോക്ടർമാർക്ക് കൊവിഡ്.
ഫിലിപ്പീൻസിൽ മേയ് പകുതി വരെ വിമാന സർവീസുകളില്ല.
ഇൻഡോനേഷ്യയിലെ ബയ്‌ത്തുറഹ്‌മാൻ പള്ളിയിൽ റംസാൻ പിറ കാണാൻ എത്തിയത് നൂറുകണക്കിന് പേർ.
ചൈനയിൽ ആറ് കേസുകൾ കൂടി. ആകെ മരണം 4632. വുഹാൻ സന്ദർശിക്കണമെന്ന അമേരിക്കൻ ശാസ്ത്രജ്ഞരുടെ ആവശ്യം ചൈന തള്ളി.
മനിലയിൽ മേയ് 15 വരെ ലോക്ക്ഡൗൺ നീട്ടി.