കൊച്ചി: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളെല്ലാം തകർത്താണ് ലോക്ക്‌ഡൗൺ ഓരോ ദിനവും പിന്നിടുന്നത്. ടൂറിസം, റിയൽ എസ്‌‌റ്റേറ്റ്, പ്രവാസിപ്പണം, പ്ളാന്റേഷനുകൾ എന്നിവയുടെ നടുവൊടിഞ്ഞു. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 81 ശതമാനവും കൊറോണ വിഴുങ്ങിയെന്ന് വിലയിരുത്തപ്പെടുന്നു.

ടൂറിസം മേഖലയിൽ നഷ്ടം 10,000 കോടി

കേരളത്തിലേക്ക് വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളെത്തുന്ന നല്ലൊരു സീസണിനെയാണ് കൊവിഡ് തൂത്തെറിഞ്ഞത്. കഴിഞ്ഞ ജനുവരി-മാർച്ചിൽ മാത്രം കേരളാ ടൂറിസത്തിന് 10,000 കോടി രൂപയുടെ നഷ്‌ടമുണ്ടായി.ഈമാസം പ്രതീക്ഷിക്കുന്ന നഷ്‌ടം : ₹4,000 കോടി

 2017-18ൽ ആകെ ₹36,000 കോടി രൂപയുടെ വരുമാനം കേരളാ ടൂറിസം നേടി.

 2018-19ൽ ലഭിച്ചത് : ₹40,000 കോടി.

 2019-20ൽ കുറഞ്ഞത് ₹45,000 കോടി പ്രതീക്ഷിച്ചിരിക്കേയാണ്, ജനുവരി-മാർച്ച് കാലയളവിലെ വരുമാനം പൂർണമായും തുടച്ചുനീക്കി കൊറോണ വൈറസ് എത്തിയത്.

 തിരിച്ചുവരവ്: പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരുവർഷമെങ്കിലും വേണ്ടിവരും.

റിയൽ എസ്‌റ്റേറ്ര്

ആഗോള തലത്തിൽ വീശിയടിച്ച കൊവിഡ്-19, കേരളത്തിന്റെ റിയൽ എസ്‌റ്റേറ്ര് മേഖലയെയും പ്രതിസന്ധിയിലാക്കി. റിയൽ എസ്‌റ്റേറ്റ് പദ്ധതികളുടെ 75 ശതമാനം ഉപഭോക്താക്കളും പ്രവാസികളാണ്. ഗൾഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സമ്പദ്ഞെരുക്കം റിയൽ എസ്‌റ്രേറ്റ് വില്പനയെ തളർത്തി.

 ഏകദേശം 5,000ഓളം ഭവന പദ്ധതികൾ വിറ്റഴിക്കപ്പെടാതെ കിടക്കുന്നു

 നഷ്‌ടത്തിന്റെ വ്യാപ്‌തി : ₹3,500 കോടി

 തിരിച്ചുവരാൻ : ഒരുവർഷമെങ്കിലും എടുക്കും.

പ്രവാസിപ്പണം

കേരളത്തിന്റെ സമ്പദ്‌ശക്തിയുടെ മുഖ്യ സ്രോതസ് എന്ന് വിളിപ്പേരുള്ളതാണ് പ്രവാസിപ്പണം. ഇതിൽ മുന്തിയപങ്കും എത്തുന്നത് ദശലക്ഷക്കണക്കിന് മലയാളികളുള്ള ഗൾഫിൽ നിന്നാണ്.

 ലോകത്ത് പ്രവാസിപ്പണം ഏറ്റവുമധികം നേടുന്ന രാജ്യമാണ് ഇന്ത്യ.

 2018ൽ 7,800 കോടി ഡോളർ, 2019ൽ 8,300 കോടി ഡോളർ എന്നിങ്ങനെ ഇന്ത്യയിലെത്തി.

 ഇതിൽ 19-20 ശതമാനം വിഹിതവുമായി കേരളമാണ് ഒന്നാമത്.

 2020ൽ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് 6,400 കോടി ഡോളറിലേക്ക് ചുരുങ്ങുമെന്ന് ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

 കേരളത്തിലേക്കുള്ള ഒഴുക്കിൽ ഈവർഷം 28,000 കോടി രൂപയുടെ കുറവ് പ്രതീക്ഷിക്കാം.

 തിരിച്ചുവരാൻ : ഒരുവർഷം വേണം

തോട്ടം മേഖല

അസോസിയേഷൻ ഒഫ് പ്ളാന്റേഴ്‌സ് ഒഫ് കേരളയുടെ (എ.പി.കെ) വിലയരുത്തൽ പ്രകാരം ലോക്ക്ഡൗണിന്റെ ആദ്യ രണ്ടാഴ്‌ചയിൽ മാത്രം പ്ളാന്റേഷൻ മേഖലയുടെ നഷ്‌ടം 500 കോടി രൂപയാണ്. ഇപ്പോഴിത് ഇരട്ടിയിലേറെ.

 റബർ മേഖല : ₹500-600 കോടി

 തേയില : ₹200-250 കോടി

 ഏലം : ₹40-50 കോടി

 തിരിച്ചുവരാൻ : ആറുമാസം മുതൽ ഒരുവർഷം വരെ.

റെസ്‌റ്രോറന്റ്/കാറ്ററിംഗ്

കേരള ഹോട്ടൽ ആൻഡ് റെസ്‌റ്രോറന്റ് അസോസിയേഷനിൽ 35,000ഓളം അംഗങ്ങളുണ്ട്. ലോക്ക്ഡൗണിൽ ഹോട്ടലുകൾ പൂട്ടിയതിനാൽ ഒരുമാസത്തിനിടെ നഷ്‌ടം 300 കോടി രൂപയിലേറെ. വിവാഹം ഉൾപ്പെടെയുള്ള പരിപാടികളെല്ലാം റദ്ദാക്കപ്പെട്ടതോടെ കാറ്ററിംഗ് മേഖലയും പ്രതിസന്ധിയിൽ. ഇവയുടെ നഷ്‌ടം 10,000 കോടി രൂപയ്ക്കുമേലാണ്.

 തിരിച്ചുവരാൻ : മൂന്നുമുതൽ ആറുമാസം വരെ വേണം.

റീട്ടെയിൽ മേഖല

മൂല്യം കണക്കാക്കാനാവാത്ത വിധമാണ് ഈ മേഖലയിലെ നഷ്‌ടം. ഇലക്‌ട്രോണിക്സ്, ഹോം അപ്ളയൻസസ് മേഖലയുടെ മാത്രം നഷ്‌ടം ഒരുമാസത്തിനിടെ ആയിരം കോടി രൂപയോളം. നിത്യോപയോഗ സാധനങ്ങൾക്ക് മാത്രമാണ് വില്പനയുള്ളത്. വസ്‌ത്രം, ചെരിപ്പ് എന്നീ മേഖലകളും കടുത്ത പ്രതിസന്ധിയിൽ.

 തിരിച്ചുവരാൻ : കുറഞ്ഞത് മൂന്നുമാസം വേണം

എം.എസ്.എം.ഇ

ഒന്നര ലക്ഷത്തിലേറെ ചെറുകിട സംരംഭക യൂണിറ്റുകൾ കേരളത്തിലുണ്ട്. ഇവർ സംയുക്തമായി 20,000 കോടി രൂപയിലേറെ വരുമാനം പ്രതിവർഷം നേടുന്നു. എന്നാൽ, ലോക്ക്ഡൗണിൽ ഭൂരിഭാഗം യൂണിറ്റുകളും നിശ്‌ചലമായി. ആകെ നഷ്‌ടം കണക്കാക്കുന്നത് 1,600 കോടിയിലേറെ രൂപ. തൊഴിലാളികൾക്ക് വേതനം, കറന്റ് ചാർജ്, വായ്‌പാ പലിശ ബാദ്ധ്യത, കെട്ടിക്കിടന്ന് നശിക്കുന്ന ഉത്‌പന്നങ്ങൾ എന്നിവയാണ് തിരിച്ചടിയാകുന്നത്.

 തിരിച്ചുവരാൻ : ഒരുവർഷം വേണ്ടിവരും.

സംരംഭകരെ എങ്ങനെ കരകയറ്റാം?

(സംരംഭകലോകം ആവശ്യപ്പെടുന്ന മുഖ്യ നടപടികൾ)

 വായ്‌പകൾക്ക് ഒരുവർഷം വരെ പലിശരഹിത മോറട്ടോറിയം അനുവദിക്കുക

 കുറഞ്ഞ പലിശയ്ക്ക് വായ്‌പ അനുവദിക്കുക

 നികുതി ബാദ്ധ്യതകൾ കുറയ്ക്കുക