cm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോട്ട് ജില്ലക്കാരാണ്. അതേസമയം സംസ്ഥാനത്ത് 15 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കണ്ണൂരാണ്‌ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 56പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കുടകിൽ നിന്ന് കാനനപാതയിലൂടെ വന്ന എട്ടുപേരെ കൊവിഡ് കെയർ സെന്ററുകളിലാക്കി. ഡയാലിസിസ്, അർബുദരോഗികൾക്ക് ചികിത്സയ്ക്കായി പ്രത്യേ സൗകര്യം ഏർപ്പെടുത്തും.

ഗൾഫിൽ നിന്നും മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന് കത്തയച്ചുവെന്നും കേന്ദ്രം ഇക്കാര്യത്തിലുള്ള നൂലാമാലകൾ നീക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനടിക്കറ്റിൽ റീഫണ്ട് നൽകുന്നതിനുള്ള ഉപാധി മാറ്റണം. മുഴുവൻ തുകയും തിരിച്ച് നൽകാൻ കമ്പനികളോട് ആവശ്യപ്പെടും. സംസ്ഥാന അതിർത്തികളിൽ കർശന ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റംസാൻ നോമ്പിന്റെ കാലമായതിനാൽ അഞ്ച് മണിക്കാണ് ഇന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിന് എത്തിയത്. ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും ഡയാലിസിസ് രോഗികൾക്ക് ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങൾ വഴി മരുന്ന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തയ്യൽ തൊഴിലാളി ക്ഷേമബോർഡിനു പ്രത്യേക സഹായം നൽകും. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ നൽകും. മുഖ്യമന്ത്രി പറഞ്ഞു.