china-mars-mission

@ചൊവ്വ ദൗത്യത്തിന് പേര് ടിയാൻവെൻ -1

ബീജിംഗ്:ചൈന ഈ വർഷം അവസാനം വിക്ഷേപിക്കുന്ന ചൊവ്വ ദൗത്യത്തിന് 'ടിയാൻവെൻ -1' എന്ന് പേരിട്ടു. ചൊവ്വയിലേക്കുള്ള കന്നി ദൗത്യത്തിൽ തന്നെ ഓർബിറ്ററും ലാൻഡറും റോവറും പരീക്ഷിക്കാനാണ് ചൈനയുടെ ശ്രമം. ചൊവ്വ പര്യവേക്ഷണത്തിൽ വിജയിച്ച ഇന്ത്യ,​ അമേരിക്ക,​ റഷ്യ,​ യൂറോപ്യൻ യൂണിയൻ എന്നിവർക്ക് പിന്നിലാകരുതെന്ന വാശിയിലാണ് കൊവിഡ് പ്രഹരത്തിൽ നിന്ന് കരകയറിയതിന് തൊട്ടു പിന്നാലെ ചൈന സ്വന്തം ദൗത്യം ഊർജ്ജിതമാക്കുന്നത്.

1970 ഏപ്രിൽ 24ന് ചൈന ആദ്യത്തെ ഉപഗ്രഹമായ ഡോങ് ഫാങ് ഹോങ് -1 വിക്ഷേപിച്ചതിന്റെ അൻപതാം വാർഷികമായിരുന്നു ഇന്നലെ. ഏപ്രിൽ 24 ചൈന ബഹിരാകാശ ദിനമായി ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്നലെ തന്നെ ചൊവ്വ ദൗത്യത്തിന്റെ പേര് പ്രഖ്യാപിച്ചത്.

ബഹിരാകാശ മനുഷ്യ ദൗത്യങ്ങൾ വിജയിപ്പിച്ചും,​ ചന്ദ്രന്റെ ഇരുണ്ട വശത്ത് റോവർ ഇറക്കിയും ചൈന അടുത്ത കാലത്ത് വലിയ ബഹിരാകാശ ശക്തിയായി ഉയർന്നു വന്നിട്ടുണ്ട്. സ്വന്തം ബഹിരാകാശ നിലയവും നിർമ്മിച്ചു വരികയാണ്. എന്നാൽ ഇന്ത്യ വരെ വിജയിച്ച അതീവ സങ്കീർണമായ ചൊവ്വ പര്യവേക്ഷണത്തിൽ ചൈനയ്‌ക്ക് ഇതുവരെ നേട്ടം കൈവരിക്കാനായിട്ടില്ല. 2011ൽ ഒരു റഷ്യൻ പേടകത്തിൽ ചൊവ്വയിലേക്ക് യിങ്ഹു -1 എന്ന പര്യവേക്ഷണ പേടകം ചൈന അയച്ചെങ്കിലും ദൗത്യം പരാജയപ്പെടുകയായിരുന്നു. 2014ൽ ഇന്ത്യ വിക്ഷേപിച്ച മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയിരുന്നു.

ടിയാൻവെൻ

@സ്വ‌ർഗ്ഗത്തിലേക്കുള്ള ചോദ്യങ്ങൾ എന്നാണ് ഇതിന്റെ അർത്ഥം

@ക്രിസ്‌തുവിന് മുമ്പ് 340 - 278 ൽ ജീവിച്ചിരുന്ന ചൈനീസ് കവി ഖൂ യുവാൻ രചിച്ച കവിതയാണ് ടിയാൻവെൻ.

@ആകാശവും നക്ഷത്രങ്ങളും പ്രപഞ്ചപ്രതിഭാസങ്ങളും കടങ്കഥകളും ഒക്കെ നിരത്തിയുള്ള കവിയുടെ സത്യാന്വേഷണ ചോദ്യങ്ങളാണ് ആ കവിത

@ ചൈനയുടെ ഭാവിയിലെ ഗോളാന്തര ദൗത്യങ്ങളെല്ലാം 'ടിയാൻവെൻ' എന്ന സീരിസിലായിരിക്കും അറിയപ്പെടുക

@സത്യത്തിന്റെയും ശാസ്‌ത്രത്തിന്റെയും പാതയിലൂടെ പ്രപഞ്ചത്തിലേക്കുള്ള അന്വേഷണങ്ങൾ എന്നാണ് ചൈന ഇതിനെ വിശേഷിപ്പിക്കുന്നത്