gambhir-saraswati

ന്യൂഡൽഹി : ആറ് വർഷം തന്റെ കുഞ്ഞിനെ പരിചരിച്ച ഇതരസംസ്ഥാനക്കാരിയായ സ്ത്രീ ലോക്ക്ഡൗൺ കാലത്ത് മരണപ്പെട്ടപ്പോൾ അവരുടെ മകന്റെ സ്ഥാനത്തുനിന്ന് അന്ത്യകർമ്മങ്ങൾ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇൗസ്റ്റ് ഡൽഹി എം.പിയുമായ ഗൗതം ഗംഭീർ. ഒഡീഷയിലെ ജാജ്പൂർ സ്വദേശിയായ 49കാരി സരസ്വതി പത്രയാണ് കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും മൂലം ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ 21ന് മരണപ്പെട്ടത്. ലോക്ക്ഡൗൺ കാലത്ത് മൃതദേഹം നാട്ടിലെത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഗംഭീർ തന്നെയാണ് ഡൽഹിയിൽ സംസ്കരിക്കാൻ തീരുമാനമെടുത്തത്. സരസ്വതിയുടെ മരണവാർത്ത ട്വിറ്ററിലൂടെ ഗംഭീറാണ് പങ്കുവച്ചത്. തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കിയ സരസ്വതിയെ വീട്ടുജോലിക്കാരിയായി കാണാനാവില്ലെന്നും അവർ കുടുംബാംഗം തന്നെയാണെന്നും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ഗംഭീർ ട്വീറ്റ് ചെയ്തു. ഒഡീഷക്കാരനായ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനടക്കം നിരവധി പേരാണ് ഗംഭീറിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭിനന്ദനമറിയിച്ചത്.

ഗംഭീർ ട്വിറ്ററിൽ കുറിച്ചത്

എന്റെ മകനെ കഴിഞ്ഞകാലങ്ങളിൽ നന്നായി പരിചരിച്ചത് വെറും വീട്ടുജോലിയായി കാണാനാവില്ല.അവർ എന്റെ കുടുംബാംഗം തന്നെയായിരുന്നു. അവർക്ക് ഉചിതമായ അന്ത്യയാത്ര നൽകേണ്ടത് എന്റെ കർത്തവ്യമാണ്. വംശത്തിനും വർഗത്തിനും മതത്തിനും സാമൂഹ്യനിലവാരത്തിനുമപ്പുറം മനുഷ്യനിലാണ് ഞാൻ വിശ്വസിക്കുന്നത്. നല്ല സമൂഹത്തെ വാർത്തെടുക്കാനുള്ള മാർഗമാണത്. ഇന്ത്യയെക്കുറിച്ചുള്ള എന്റെ സങ്കല്പവുമതാണ്. ഒാം ശാന്തി !